പ്രളയത്തിൽ രക്ഷകനായ നമ്മുടെ മേയർ ബ്രോ ജയിക്കണം; വി കെ പ്രശാന്തിന് വോട്ടഭ്യര്‍ഥിച്ച് നൗഷാദ്

കേരളം പ്രളയബാധയിൽ ദുരിത കയത്തിലാണ്ടപ്പോൾ തന്റെ കടയിലെ തുണികള്‍ കണക്ക് നോക്കാതെ വാരിക്കോരി നല്‍കിയതിലൂടെ ശ്രദ്ധേയനായ വഴിയോരക്കച്ചവടക്കാരന്‍ നൗഷാദ് വട്ടിയൂര്‍ക്കാവിലെത്തി. ഇത്തവണ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്തിന് വോട്ട് അഭ്യര്‍ത്ഥിക്കാനാണ് നൗഷാദ് മണ്ഡലത്തിലെത്തിയത്. വി.കെ പ്രശാന്തിനോടൊപ്പം വാഹന പ്രചരണത്തിനും നൗഷാദ് കൂടെയുണ്ടായിരുന്നു. മണിക്കൂറുകളോളം വോട്ട് അഭ്യര്‍ത്ഥിക്കാന്‍ നൗഷാദ് പ്രശാന്തിനോടൊപ്പം ഉണ്ടായിരുന്നു.
"ഞാന്‍ ചെയ്‌തത് വലിയ കാര്യമൊന്നുമല്ല. പേരിനും പ്രശസ്‌തിക്കുമായി ചെയ്‌തതുമല്ല. നമ്മുടെ മേയര്‍ ബ്രോയും പ്രശസ്‌തിക്കായല്ല ചെയ്‌തത്. ദുരന്തമുഖത്ത് എല്ലാം നഷ്‌ടപ്പെട്ട കുഞ്ഞുങ്ങള്‍, സ്‌ത്രീകള്‍. ഇവരുടെയല്ലാം മുഖം കാണുമ്ബോള്‍ എങ്ങനെയാ നമുക്ക് സഹായിക്കാതിരിക്കാനാവുക. പ്രളയകാലത്ത് ദുരന്തത്തില്‍ വിറങ്ങലിച്ചവരെ കൈപിടിച്ചുയര്‍ത്താനായി എത്ര ലോഡ് സ്‌നേഹമാണ് മേയര്‍ ബ്രോ ഇവിടെ നിന്ന് അയച്ചത്. ഈ കുഞ്ഞ് മനുഷ്യന്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുമ്ബോള്‍ അദ്ദേഹത്തിനായി പ്രചാരണത്തിനിറങ്ങാനായത് എന്റെ ഭാഗ്യമാണ്. എല്ലാവരും നമ്മുടെ ബ്രോയ്‌ക്ക്, വി കെ പ്രശാന്തിന് വോട്ട് ചെയ്യണം. അദ്ദേഹത്തെ ജയിപ്പിക്കണം. വട്ടിയൂര്‍ക്കാവിന്റെ മാത്രമല്ല കേരള നാടിന്റെ ആവശ്യമാണത്'. എറണാകുളത്ത് നിന്ന് വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി കെ പ്രശാന്തിനെ ചേര്‍ത്ത് പിടിച്ച് നൗഷാദിന്റെ വാക്കുകള്‍ ജനങ്ങളുടെ കണ്ണ് നനയിപ്പിച്ചു.
" പ്രളയകാലത്ത് ഒരു ബര്‍മുഡയും ബനിയനും ചോദിച്ച് കടകള്‍ കയറിയിറങ്ങുന്നവരെ കണ്ടപ്പോ സങ്കടംതോന്നി. അങ്ങനെയാ ഞാന്‍ കടയിലെ വസ്‌ത്രങ്ങളെല്ലാം കൊടുത്തത്. നമ്മള്‍ പോകുമ്ബോള്‍ ഇതൊന്നും കൊണ്ടുപോകില്ല. ദുരിത കയത്തില്‍ മുങ്ങിയവര്‍ക്ക് ഉപകാരപ്പെടുമെങ്കില്‍ ഉപകാരപ്പെടട്ടേ എന്ന് വിചാരിച്ചു. അന്നൊക്കെ പത്രങ്ങളിലും ടിവിയിലും കണ്ടത് ആരും ഒന്നും കൊടുക്കുന്നില്ലെന്നായിരുന്നു. അപ്പോഴെല്ലേ നമ്മുടെ മേയര്‍ ബ്രോ രക്ഷകനായെത്തിയത്. ഒരു ചെറുപ്പകാരന്‍ നാടിലെ യുവാക്കളെയാകെ ഒരുമിപ്പിച്ച് ദുരന്തത്തില്‍ പെട്ടവരെ സഹായിക്കാനിറങ്ങി. എല്ലാവരുടെ മനസ്സ് നിറച്ചു.' എന്നും പ്രശാന്തിനെ കെട്ടിപിടിച്ച് കണ്ണ് നനഞ്ഞ് കൊണ്ട് നൗഷാദ് പറഞ്ഞു.
https://www.facebook.com/Malayalivartha























