വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ

താര സംഘടനയായ അമ്മയിൽ അധികാര തർക്കം തുടരുന്നു. ജൂൺ 21 ന് നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിന് പിന്നാലെ ശ്വേത മേനോൻ പ്രസിഡൻറായ ഭരണ സമിതി ഒന്നാകെ രാജി വച്ചിരുന്നു. പിന്നാലെ രമേഷ് പിഷാരടി അധ്യക്ഷനായ അഡ്ഹോക്ക് കമ്മിറ്റിയും നിലവിൽ വന്നു. അഡ്ഹോക്ക് കമ്മിറ്റിയുടെ യോഗം ഇന്ന് കൊച്ചിയിൽ നടന്നിരുന്നു. ശ്വേത മേനോൻ അടക്കമുള്ളവർ സംഘടനയ്ക്ക് രാജിക്കത്ത് നൽകിയിട്ടില്ലെന്ന് രമേഷ് പിഷാരടിയും അഡ്ഹോക്ക് കമ്മിറ്റി അംഗമായ ഗണേഷ് കുമാറും ആരോപിച്ചിരുന്നു. ഇപ്പോഴിതാ ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ശ്വേത മേനോൻ. അമ്മയുടെ ബൈലോ പ്രകാരം രാജി വച്ച കമ്മിറ്റിക്കാണ് അടുത്ത തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ സംഘടനയുടെ ഭരണ ചുമതലയെന്നും അഡ്ഹോക്ക് കമ്മിറ്റിക്ക് സാധുതയില്ലെന്നും ശ്വേത മേനോൻ പറയുന്നു. സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പിലൂടെയാണ് ശ്വേതയുടെ പ്രതികരണം. കുറ്റാരോപിതരായ ചില സ്ഥാപിത താൽപര്യങ്ങൾ അമ്മയെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയാണെന്നും കുറിപ്പിലുണ്ട്.
ഇത്രയും ദിവസം ഞാൻ മൗനം പാലിച്ചത് അമ്മയ്ക്ക് വേണ്ടിയായിരുന്നു. ഞാൻ നിശബ്ദത പാലിച്ചാൽ സംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുമെന്ന് ഞാൻ കരുതി. പക്ഷേ എൻറെ പേര് തുടർച്ചയായി ലക്ഷ്യം വെക്കപ്പെടുകയും കരിവാരിത്തേക്കാൻ ശ്രമം നടക്കുകയുമാണ്. എന്റെ നിരപരാധിത്വം തെളിയിക്കാതെ ഇനി ഞാൻ പടിയിറങ്ങില്ല. അവർ ഇന്ന് പറഞ്ഞത് ഞാൻ ജനങ്ങളെ വഞ്ചിച്ചുവെന്നാണ്. അമ്മയെ അനാഥമാക്കിയെന്ന്. അല്ല. ഞാൻ ആരെയും വഞ്ചിച്ചിട്ടില്ല. അമ്മയെ അനാഥമാക്കിയിട്ടുമില്ല. ജൂൺ 21 ന് നടന്ന വാർഷിക ജനറൽ ബോഡി മീറ്റിംഗിൽ, ഞങ്ങളുടെ കമ്മിറ്റി രാജി വെക്കണം എന്ന മുൻകൂട്ടി തയ്യാറാക്കിയ അജണ്ടയുമായിട്ടാണ് ചിലർ വന്നത്. കൃത്യമായി പറഞ്ഞാൽ 10- 15 പേർ. അവർ നിരവധി ആരോപണങ്ങൾ ഉൾക്കൊള്ളുന്ന, നേരത്തെ അച്ചടിച്ച ഒരു പ്രമേയം വിതരണം ചെയ്തു. അതിൽ എക്സിക്യൂട്ടീവ് കമ്മിറ്റിക്കെതിരായുള്ള അടിസ്ഥാനമില്ലാത്ത നിരവധി ആരോപണങ്ങൾ ഉണ്ടായിരുന്നു. അതിന് ഞങ്ങൾക്ക് വ്യക്തവും വിവരാധിഷ്ഠിതവും നിയമപരവുമായ ഉത്തരങ്ങൾ ഉണ്ടായിരുന്നു. ആ പ്രമേയം എനിക്ക് കൈമാറിയെങ്കിലും, അമ്മയിലെ ബൈലോ ആർട്ടിക്കിൾ 12 (ഇ) പ്രകാരം അത് പാസായിട്ടില്ല. അന്ന് ഹാജരായ 243 അംഗങ്ങളിൽ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷമായ 162 അംഗങ്ങളുടെ പിന്തുണ ലഭിക്കാത്തതിനാൽ ആ പ്രമേയം പാസ്സായിട്ടുമില്ല. അതിന് യാതൊരു നിയമബലവുമില്ല.
ജനറൽ ബോഡിയുടെ തീരുമാനമാണ് അഡ്ഹോക്ക് കമ്മിറ്റിയെന്ന് അവർ പറഞ്ഞു. അവരോട് എനിക്ക് ചോദിക്കാനുള്ളത് ഇതാണ്. അമ്മയുടെ ബൈലയിൽ എവിടെയാണ് അഡ്ഹോക്ക് കമ്മിറ്റി എന്നൊരു സംവിധാനം ഉള്ളത്? ബൈലോയിൽ ഇല്ലാത്ത ഒരു കമ്മിറ്റി എങ്ങനെയാണ് നിലവിൽ വന്നത്? ബൈലോ വളരെ വ്യക്തമായി പറയുന്നുണ്ട്. ഒരു കമ്മിറ്റി പൂർണ്ണമായും ഒഫിഷ്യലി രാജി വച്ചാൽ പുതിയ തിരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മിറ്റി വരുന്നതുവരെ തുടരേണ്ടത് തിരഞ്ഞെടുക്കപ്പെട്ട പഴയ കമ്മിറ്റി തന്നെയാണ്. ലാലേട്ടന്റെ കമ്മിറ്റി രാജിവെച്ചപ്പോൾ സ്വീകരിച്ചത് ഈ നിലപാടാണ്. പിന്നെ എന്തുകൊണ്ടാണ് ഞങ്ങളുടെ കമ്മിറ്റിക്ക് മാത്രം ഈ നീതി ലഭിക്കാത്തത്? ചില സ്ഥാപിത താൽപര്യങ്ങൾ ഞങ്ങൾക്ക് മാത്രം വേറെ നിയമം അനുശാസിക്കുന്നത് എന്തുകൊണ്ടാണ്?
അതേസമയം താര സംഘടനയായ അമ്മയിൽ നിന്ന് രാജി പ്രഖ്യാപിച്ച ശ്വേത മേനോൻ അടക്കമുള്ള ഭരണസമിതി അംഗങ്ങൾ ഇതുവരെ രാജിക്കത്ത് നൽകിയിട്ടില്ലെന്ന് അഡ്ഹോക്ക് കമ്മിറ്റി അധ്യക്ഷൻ രമേഷ് പിഷാരടി. കൊച്ചിയിൽ നടക്കുന്ന അമ്മ അഡ്ഹോക്ക് കമ്മിറ്റി യോഗത്തിനിടെ പ്രതികരിക്കുകയായിരുന്നു രമേഷ് പിഷാരടി. കമ്മിറ്റി അംഗമായ കെ ബി ഗണേഷ് കുമാറും ഇതേക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചു. രാജി വച്ചവർ അതേക്കുറിച്ച് വിശദീകരിക്കണമെന്നും ജനറൽ ബോഡി തങ്ങളെ ചുമതല ഏൽപ്പിച്ചിരുന്നുവെന്നും രമേഷ് പിഷാരടി പറഞ്ഞു.
പൊതുഹമൂഹത്തെ ഉൾപ്പെടെ ശ്വേത മേനോനും കൂട്ടരും പറ്റിച്ചുവെന്ന് ഗണേഷ് കുമാർ ആരോപിച്ചു. ശ്വേത രാജിക്കത്ത് കൊടുക്കാത്തത് ശ്വേതയുടെ കുഴപ്പമാണ്. കാരണം മാധ്യമങ്ങളിലൂടെ ജനങ്ങളുടെ മുന്നിൽ പ്രഖ്യാപിച്ച രാജി കൊടുക്കേണ്ടത് ശ്വേതയുടെ ചുമതലയാണ്. ഞങ്ങളുടെ ചുമതലയല്ല. അവർ കോടതിയിൽ പോയാൽ അപ്പോൾ കാണാമെന്നും അമ്മ ജനറൽ ബോഡിയുടേതാണ് അന്തിമ തീരുമാനമെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
ജൂൺ 21 ന് കൊച്ചിയിൽ നടന്ന അമ്മ ജനറൽ ബോഡി യോഗത്തിന് പിന്നാലെയാണ് സംഘടനാ പ്രസിഡൻറ് ശ്വേത മേനോൻ അടക്കമുള്ള മുഴുവൻ ഭരണ സമിതി അംഗങ്ങളും രാജി വച്ചത്. സംഘടനയിൽ സമീപകാലത്ത് ഉടലെടുത്ത പ്രശ്നങ്ങളാണ് ഇവരുടെ രാജിയിലേക്ക് നയിച്ചത്. ഇതിന് പിന്നാലെയാണ് സംഘടനയെ നയിക്കാൻ അടിയന്തരമായി അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കപ്പെട്ടത്. രമേഷ് പിഷാരടി അധ്യക്ഷനായ കമ്മിറ്റിയിൽ കെ ബി ഗണേഷ് കുമാർ, സാദ്ദിഖ്, കലാഭവൻ ഷാജോൺ, സുരേഷ് കൃഷ്ണ, ഡോ. റോണി ഡേവിഡ്, ആശ അരവിന്ദ്, കൃഷ്ണപ്രഭ, ദേവി ചന്ദന എന്നിവരാണ് അംഗങ്ങൾ.
ലക്ഷ്മി പ്രിയക്ക് എതിരായ പരാതിയിൽ നടി അൻസിബ കോടതിയെ സമീപിച്ചു. ലക്ഷ്മി പ്രിയക്ക് എതിരായ പരാതിയിൽ പാലാരിവട്ടം പോലീസ് കേസെടുത്തിരുന്നില്ല. ഓൺലൈൻ മാധ്യമത്തിലൂടെ അപമാനിച്ചു എന്നാണ് പരാതി. ലക്ഷ്മി പ്രിയക്കും ശ്വേതാ മേനോന്നും എതിരെ കേസെടുക്കാത്തത്തിലാണ് അൻസിബ കോടതിയെ സമീപിച്ചത്. ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് അൻസിബ വീണ്ടും കോടതിയെ സമീപിച്ചത്.
നടൻ ടിനി ടോമിനെതിരെ കേസെടുത്ത് പൊലീസ്. അൻസിബയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. നടൻ ടിനി ടോമിനെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ കേസ് എടുക്കാനാവില്ലെന്ന പൊലീസ് റിപ്പോർട്ട് അപൂർണ്ണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അൻസിബയ്ക്ക് എതിരായ ജിഹാദി പരാമർശം തമാശയ്ക്ക് വിളിച്ചത് എന്ന പൊലീസ് റിപ്പോർട്ട് കോടതി തള്ളിയിരുന്നു. ടിനി ടോമിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും നീന കുറുപ്പിൻറെ സാക്ഷിമൊഴികളിലും ഇക്കാര്യമുണ്ടെന്നും കോടതി ഉത്തരവിൽ ഉണ്ട്. കോടതി ഉത്തരവിനെ തുടർന്നാണ് ടിനി ടോമിനെതിരെ പൊലീസ് കേസെടുത്തത്.
നടൻ ടിനി ടോമിനെതിരെയ അൻസിബയുടെ പരാതിയിൽ എഫ്ഐആർ വിവരങ്ങൾ പുറത്ത്. ജിഹാദിയെന്നും, മതതീവ്രവാദിയെന്നും പ്രചരിപ്പിക്കാൻ ടിനി ടോം ശ്രമിച്ചു. പരസ്യമായി അശ്ലീല, ലൈഗിക പരാമർശം നടത്തിയെന്നും എഫ്ഐആറിൽ പറയുന്നു. ഫെബ്രുവരിയിൽ അമ്മ ഷോയുടെ റിഹേഴ്സലിനിടെയായിരുന്നു മോശം പരാമർശങ്ങൾ നടത്തിയത്. കേസ് രജിസ്റ്റർ ചെയ്ത കടവന്ത്ര പൊലീസ് ടിനി ടോമിനെ ചോദ്യം ചെയ്യാനായി ഉടൻ വിളിച്ചു വരുത്തും. അതിനിടെ പാലാരിവട്ടം പൊലീസിൽ ലക്ഷ്മി പ്രിയക്കും ശ്വേത മോനോനും എതിരെ നൽകിയ പരാതിയിൽ നടപടി എടുക്കാത്തിനെ തുടർന്ന് അൻസിബ കോടതിയെ സമീപിച്ചു. ഒൻപതാം തീയതിക്കുള്ളിൽ റിപ്പോർട്ട് നൽകാൻ ജുഡീഷ്യൽ ഫസ്റ്റ് ക്സാസ് മജിസസ്ട്രേറ്റ് കോടതി പാലാരിവട്ടം എസ്എച്ച്ഒയ്ക്ക് നിർദേശം നൽകി.
കഴിഞ്ഞ ഫെബ്രുവരി 13-ന് കടവന്ത്ര റീജണൽ സ്പോർട്സ് സെന്ററിൽ വെച്ച് നടന്ന 'അമ്മ' കുടുംബസംഗമത്തിന്റെ റിഹേഴ്സലിനിടയിലാണ് കേസിനാസ്പദമായ സംഭവം. നിരവധി താരങ്ങളുടെ സാന്നിധ്യത്തിൽ പ്രതിയായ ടിനി ടോം പരാതിക്കാരിയായ നടിയെ പരസ്യമായി അശ്ലീലവും അധിക്ഷേപകരവുമായ ലൈംഗിക പരാമർശങ്ങൾ നടത്തി അപമാനിക്കാൻ ശ്രമിച്ചുവെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.
കൂടാതെ, നടിയെ മറ്റ് അംഗങ്ങൾക്കിടയിൽ 'ജിഹാദി' എന്നും 'മതതീവ്രവാദി' എന്നും വിളിച്ച് ആക്ഷേപിച്ചതായും അവരുടെ മതപരമായ വ്യക്തിത്വത്തെ വ്രണപ്പെടുത്തുന്ന രീതിയിൽ പ്രചാരണം നടത്തിയതായും പരാതിയിലുണ്ട്.
അതേസമയം താരങ്ങൾ തമ്മിലുള്ള തർക്കങ്ങളും രൂക്ഷമാകുകയാണ്. നടി അൻസിബ ഹസ്സനും ലക്ഷ്മിപ്രിയയും തമ്മിലുള്ള വിവാദങ്ങളിൽ, ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പങ്കുവച്ച വിഡിയോയ്ക്ക് മറുപടിയുമായി ലക്ഷ്മിപ്രിയയുടെ ഭർത്താവ് ജയ് ദേവ് രംഗത്ത്. തങ്ങളുടെ കുടുംബവുമായി പതിറ്റാണ്ടുകളുടെ ആത്മബന്ധമുള്ള ഭാഗ്യലക്ഷ്മിക്ക് എന്തെങ്കിലും ചോദിച്ചറിയണമെന്നുണ്ടായിരുന്നെങ്കിൽ വ്യക്തിപരമായി ഫോണിൽ വിളിക്കാമായിരുന്നുവെന്നും, അതിനുപകരം പൊതുസമൂഹത്തിന് മുന്നിൽ വിഡിയോയുമായി വന്നത് മറുകക്ഷിയെ സഹായിക്കാൻ വേണ്ടിയാണെന്ന ധ്വനിയാണ് നൽകുന്നതെന്നും ജയ് ദേവ് കുറ്റപ്പെടുത്തി. തനിക്ക് നേരെ ഒരു പ്രശ്നം വന്നപ്പോൾ ഒരു യൂട്യൂബറുടെ വീട്ടിൽ കയറി മുഖത്ത് കരിയോയിൽ ഒഴിച്ചും അടിച്ചുമാണ് ഭാഗ്യലക്ഷ്മി പ്രതികരിച്ചതെന്നും അന്ന് പാലിക്കാത്ത ആത്മസംയമനവും മര്യാദയുമാണ് ഇപ്പോൾ ലക്ഷ്മിയിൽ നിന്ന് അവർ പ്രതീക്ഷിക്കുന്നത് എന്നും ജയ് ദേവ് പറയുന്നു.
ഭാര്യയുടെ ചെലവിലാണ് ജീവിക്കുന്നത് എന്ന തരത്തിൽ വരുന്ന പരിഹാസങ്ങൾക്കും ജയദേവ് മറുപടി നൽകി. ലക്ഷ്മിപ്രിയ ഇന്നറിയപ്പെടുന്ന നടിയാകുന്നതിന് മുൻപ്, സ്വന്തം കരിയർ പോലും മാറ്റിവച്ച് കൂടെ നിന്ന ആളാണ് താനെന്നും, ദമ്പതികൾ പരസ്പരം തണലാകുന്നതിൽ യാതൊരു നാണക്കേടുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മികച്ച രീതിയിൽ മ്യൂസിക് ക്ലാസുകൾ എടുക്കുകയും, മാധ്യമ സ്ഥാപനങ്ങളിൽ ജോലി ചെയ്യുകയും ചെയ്തിട്ടുള്ള താൻ നിലവിലും ജോലിക്ക് പോകുന്നുണ്ടെന്നും, കുടുംബത്തിലെ രണ്ട് സ്ത്രീകൾക്ക് തണലായി തന്നെയാണ് ജീവിക്കുന്നതെന്നും ജയ് ദേവ് കൂട്ടിച്ചേർത്തു.
ജയ് ദേവ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞത് ഇങ്ങനെ:
“ഭാഗ്യലക്ഷ്മി ചേച്ചിക്ക് നമസ്തേ. നമ്മൾ കുറച്ചു മാസങ്ങൾക്ക് മുൻപാണ് ഓൾ ഇന്ത്യ റേഡിയോയിൽ വച്ച് അവസാനമായി കണ്ടത്. സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ തുടങ്ങിയ കാലം തൊട്ട് ഞാൻ ചേച്ചിയെ ഏറെ ആരാധനയോടും ബഹുമാനത്തോടും കൂടിയാണ് കാണുന്നത്. എപ്പോൾ കണ്ടാലും കാലിൽ തൊട്ട് അനുഗ്രഹം വാങ്ങാറുണ്ട്. ഞങ്ങളുടെ കുടുംബവുമായി അത്രയേറെ ആത്മബന്ധമുള്ള, വീട്ടിലെ ഒരു മുതിർന്ന ചേച്ചിയെപ്പോലെ സ്വാതന്ത്ര്യമുള്ള വ്യക്തിയാണ് ഭാഗ്യലക്ഷ്മി ചേച്ചി. എന്റെ അമ്മയും ചേച്ചിയും ഒരുമിച്ച് ഒരുപാട് സിനിമകളിൽ ഡബ്ബ് ചെയ്തിട്ടുമുണ്ട്.
ഇത്രയും അടുത്ത ബന്ധമുള്ള ചേച്ചിക്ക് സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകളെക്കുറിച്ചോ ലക്ഷ്മിപ്രിയയെക്കുറിച്ചോ എന്തെങ്കിലും ചോദിച്ചറിയണമെന്നുണ്ടായിരുന്നെങ്കിൽ ഞങ്ങളെ ഫോണിൽ വിളിച്ച് വ്യക്തിപരമായി സംസാരിക്കാമായിരുന്നു. എവിടെയാണ് തെറ്റ് പറ്റിയത്, എന്താണ് സത്യാവസ്ഥ എന്ന് ചോദിക്കാനുള്ള സ്വാതന്ത്ര്യം ചേച്ചിക്കുണ്ട്. ഞാൻ ചേച്ചിയെ ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും നമ്പർ മാറിയതുകൊണ്ടാകാം കിട്ടിയില്ല. അതുകൊണ്ടാണ് ഇപ്പോൾ ഈ വിഡിയോയിലൂടെ മറുപടി നൽകേണ്ടി വന്നത്.
ചേച്ചി സോഷ്യൽ മീഡിയയിൽ വന്ന് ഒരു വിഡിയോ പങ്കുവെച്ചപ്പോൾ, അത് മറുകക്ഷിയെ അനുകൂലിക്കുന്ന രീതിയിലായിപ്പോയി എന്നാണ് എനിക്ക് തോന്നിയത്. മുൻപ് ലക്ഷ്മിക്കെതിരെ നിരന്തരം നെഗറ്റീവ് വിഡിയോകളും കടുത്ത വ്യക്തിഹത്യകളും ഉണ്ടായപ്പോൾ ചേച്ചി ഒരക്ഷരം പോലും മിണ്ടിയിരുന്നില്ല. ഇപ്പോൾ ചേച്ചി വന്ന് ലക്ഷ്മിയോട് മടങ്ങിയൊതുങ്ങി ജീവിച്ചുകൂടെ എന്ന് ചോദിക്കുന്നു.
തനിക്ക് നേരെ ഒരു പ്രശ്നം വന്നപ്പോൾ ഒരു യൂട്യൂബറുടെ വീട്ടിൽ കയറി മുഖത്ത് കരിയോയിൽ ഒഴിച്ചും അടിച്ചുമാണ് ചേച്ചി അന്ന് പ്രതികരിച്ചത്. അന്ന് ഞാൻ ചേച്ചിയോട് ചോദിച്ചിരുന്നു, ‘പൊലീസിൽ പരാതിപ്പെടാമായിരുന്നില്ലേ, എന്തിനാണ് ഇങ്ങനെ ചെയ്തത്' എന്ന്. അന്ന് ചേച്ചി പാലിക്കാത്ത ആത്മസംയമനവും മര്യാദയുമാണ് ഇപ്പോൾ ലക്ഷ്മിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. സ്വന്തം വീട്ടിൽ ഒരു പ്രശ്നം ഉണ്ടാകുമ്പോൾ ആർക്കാണെങ്കിലും നിയന്ത്രണം നഷ്ടപ്പെടും, കാരണം നമ്മളാരും സന്യാസം പരിശീലിക്കുന്നവരല്ല, സാധാരണ മനുഷ്യരാണ്. സത്യസന്ധമായ തെളിവുകൾ ഉണ്ടെങ്കിൽ മാത്രമേ ഇത്തരം കാര്യങ്ങൾ സംസാരിക്കാവൂ. എന്നാൽ ലക്ഷ്മി ബാറിൽ പോയി മദ്യപിച്ചു എന്ന് പറയുന്നവർ അതിനൊരു തെളിവ് പോലും പുറത്തുവിടാതെ വെറും പോസ്റ്ററുകൾ മാത്രമാണ് കാണിക്കുന്നത്.
സോഷ്യൽ മീഡിയ ഇന്ന് പലരുടെയും വരുമാന മാർഗമാണ്. പ്രശസ്തരായ ആളുകളെക്കുറിച്ച് വിഡിയോ ചെയ്യുമ്പോൾ അവർക്ക് വലിയ വരുമാനം ലഭിക്കുന്നുണ്ട്. അതിനായി അവർ ആളുകളെ നിരന്തരം വേട്ടയാടും. ഞങ്ങൾക്ക് വലിയ ബിനാമി, മാഫിയ ബന്ധങ്ങൾ ഉണ്ടെന്നാണ് ചിലർ ആരോപിക്കുന്നത്. സിനിമയിലെ പഴയ കള്ളക്കടത്ത് വില്ലൻ കഥാപാത്രങ്ങളായ ഗഫൂർക്കയോടും ബാലൻ കെ. നായരോടും ജോസ് പ്രകാശിനോടുമൊക്കെയാണ് ഞങ്ങൾക്ക് മാഫിയ ബന്ധമുള്ളതെന്ന് ഞാൻ തമാശയായി പറയേണ്ടി വരും!
ഇത്രയും വലിയ മാഫിയ ബന്ധങ്ങൾ ഉണ്ടെങ്കിൽ ഞാൻ എന്തിനാണ് ഇപ്പോഴും ചെറിയ ശമ്പളത്തിന് ജോലിക്ക് പോകുന്നത്? എനിക്ക് വീട്ടിൽ സുഖമായി ഇരുന്നാൽ പോരേ? രാവിലെ എഴുന്നേറ്റ് വൈകുന്നേരം വരെ ഞാൻ അധ്വാനിക്കുന്നത് കാറിലല്ല, മൈലേജ് കുറവായതുകൊണ്ട് വെയിലും മഴയും കൊണ്ട് ബൈക്കിലാണ് ഞാൻ ജോലിക്ക് പോകുന്നത്. സത്യസന്ധമല്ലാത്ത കാര്യങ്ങൾ ആർക്ക് വേണമെങ്കിലും ആരോപിക്കാം, അതിൽ എനിക്ക് ദുഃഖമില്ല. ഒരാളെക്കുറിച്ച് പറഞ്ഞ് ആളുകൾക്ക് ബോറടിക്കുമ്പോൾ അവർ അടുത്ത ആളെ തപ്പും. മറ്റുള്ളവരെ പരിഹസിച്ച് പണം ഉണ്ടാക്കാൻ ഞാൻ ഇതുവരെ നോക്കിയിട്ടില്ല. എന്റെ ചാനലിലെ വിഡിയോകൾ നോക്കിയാൽ അതറിയാം.
പലരും ആരോപിക്കുന്നത് ഞാൻ ഭാര്യയുടെ ചെലവിലാണ് ജീവിക്കുന്നത് എന്നാണ്. ലക്ഷ്മിപ്രിയ ഇന്നറിയപ്പെടുന്ന നടിയാകുന്നതിന് മുൻപ്, അവളുടെ കരിയറിന് വേണ്ടി സ്വന്തം ജോലി പോലും കളഞ്ഞ് കൂടെ നിന്ന ആളാണ് ഞാൻ. അഭിനയമാണ് നിന്റെ പ്രൊഫഷൻ എന്ന് പറഞ്ഞ് അവളെ ലൊക്കേഷനുകളിൽ കൊണ്ടുപോയിരുന്നതും തിരികെ എത്തിച്ചിരുന്നതും ഞാനാണ്. ഉറക്കമൊഴിഞ്ഞ് വണ്ടി ഓടിച്ചും കഠിനാധ്വാനം ചെയ്തും രണ്ടുപേരും ഒരുമിച്ചാണ് ഈ നിലയിൽ എത്തിയത്. ഞാൻ മുൻപ് മികച്ച രീതിയിൽ മ്യൂസിക് ക്ലാസുകൾ എടുക്കുകയും, റേഡിയോ നാടകങ്ങൾ എഴുതുകയും, സഹസംവിധായകനായും ഡബ്ബിങ് ആർട്ടിസ്റ്റായും ഒക്കെ വർക്ക് ചെയ്തിട്ടുള്ളയാളാണ്. മാധ്യമ സ്ഥാപനങ്ങളിൽ പ്രൊഡ്യൂസറായും കണ്ണൂർ, കോഴിക്കോട്, തൃശൂർ തുടങ്ങിയ സ്ഥലങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. നിലവിൽ അമൃതയിലാണ് ഞാൻ ജോലി ചെയ്യുന്നത്.
വീട്ടിൽ രണ്ട് സ്ത്രീകളാണുള്ളത് (ഭാര്യയും മകളും). അവർക്ക് തണലായി നിന്ന് വീട്ടുജോലികളിൽ സഹായിക്കുകയും, അതേസമയം രാവിലെ ജോലിക്ക് പോവുകയും ചെയ്യുന്ന ആളാണ് ഞാൻ. സിനിമ മേഖലയിലുണ്ടാകുന്ന പ്രശ്നങ്ങളിൽ ഇടപെട്ട് അത് പരിഹരിക്കാൻ ശ്രമിക്കാറുമുണ്ട്. അതുകൊണ്ട്, ഞാൻ ഭാര്യയുടെ ചെലവിൽ കഴിയുന്നവനാണ് എന്ന് പറയുന്നവർ ഈ സത്യാവസ്ഥ മനസ്സിലാക്കുന്നത് നന്നായിരിക്കും.ആത്മാഭിമാനത്തോടെയും ആത്മസംയമനത്തോടെയും ജീവിക്കാനാണ് ഞാൻ എപ്പോഴും ശ്രമിക്കുന്നത്. എനിക്ക് എത്ര വിഷമമുണ്ടായാലും അത് പുറത്തുകാണിക്കാതെ ചിരിച്ചുകൊണ്ട് നേരിടാനാണ് എനിക്കിഷ്ടം. ഈ പ്രശ്നങ്ങളെല്ലാം നിയമപരമായി നേരിടാൻ തന്നെയാണ് ഞങ്ങളുടെ തീരുമാനം.
നാളെ എനിക്കൊരു അപകടം പറ്റി, അടുത്ത അഞ്ചു വർഷത്തേക്ക് നടക്കാൻ പറ്റാത്ത ഒരു സാഹചര്യം വന്നാൽ എന്നെ നോക്കേണ്ടത് എന്റെ കുടുംബമാണ്. പ്രായമായ അച്ഛനമ്മമാരെ ഇനി നമുക്ക് ആശ്രയിക്കാൻ കഴിയില്ല. അത്തരം സാഹചര്യങ്ങളിൽ ഭാര്യയാണ് ഭർത്താവിന് തണലാകേണ്ടത്. തിരിച്ച് ഭാര്യയ്ക്കാണ് അങ്ങനെയൊരു അവസ്ഥയെങ്കിൽ ഭർത്താവാണ് നോക്കേണ്ടത്. ഭർത്താവിന്റെ ചെലവിൽ ജീവിക്കുന്ന എത്രയോ ഭാര്യമാർ നമുക്കിടയിലുണ്ട്. അതിനെക്കുറിച്ച് ആരും ആക്ഷേപിക്കാറില്ലല്ലോ? ദമ്പതികൾ പരസ്പരം തണലായി ജീവിക്കുന്നതിൽ യാതൊരുവിധ നാണക്കേടും വിചാരിക്കേണ്ടതില്ല. അയൽക്കാരന്റെ ചെലവിൽ ജീവിക്കുമ്പോഴാണ് ഒരാൾക്ക് നാണക്കേട് തോന്നേണ്ടത്.
ഭാഗ്യലക്ഷ്മി ചേച്ചി സോഷ്യൽ മീഡിയയിൽ ഒരു വിഡിയോ പങ്കുവെച്ചപ്പോൾ, അത് വസ്തുതകൾ പൂർണമായി മനസ്സിലാക്കാതെ ഒരു ഭാഗത്തേക്ക് മാത്രം ചാഞ്ഞുള്ള പ്രതികരണമായിപ്പോയി. ചേച്ചിക്ക് അറിയാത്ത പല കാര്യങ്ങളും ഇതിന് പിന്നിലുണ്ട്. വ്യക്തിപരമായ പ്രശ്നങ്ങളിൽ ഇടപെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. എന്നാൽ, ഒരാളെ നിരന്തരം വേട്ടയാടിക്കൊണ്ടിരുന്നാൽ ഒടുവിൽ അവരുടെ ആത്മ സംയമനം നഷ്ടപ്പെടും. മനസ്സിൽ സൂക്ഷിച്ചുവെച്ചിരിക്കുന്ന പലതും ഹൃദയം പൊട്ടി പുറത്തുപറഞ്ഞുപോയെന്ന് വരാം. പണം മുടക്കി ആളുകളെക്കൊണ്ട് സോഷ്യൽ മീഡിയയിലൂടെ നിരന്തരം അധിക്ഷേപിക്കുമ്പോൾ ആർക്കാണെങ്കിലും നിയന്ത്രണം നഷ്ടപ്പെടും. ഇത്തരം വിവാദങ്ങളിൽ പൊലീസ് കേസുകളോ കോടതി നടപടികളോ ഉണ്ടെങ്കിൽ, അതിന്റെ സത്യാവസ്ഥ പുറത്തുവരുന്നതുവരെ കാത്തിരിക്കാനുള്ള മര്യാദയും ക്ഷമയും പൊതുസമൂഹം കാണിക്കണം.
കോടതികൾ കുറ്റവിമുക്തനാക്കിയാൽ പോലും ചിലർക്ക് വ്യക്തികളെ തേജോവധം ചെയ്യാനും ഉപദ്രവിക്കാനും മാത്രമാണ് താല്പര്യം. അങ്ങനെയുള്ളവരോട് തർക്കിച്ചിട്ട് കാര്യമില്ല. മുൻപ് ചേച്ചിക്ക് ഒരു പ്രശ്നം വന്നപ്പോൾ നിയമവഴി നോക്കാതെ വൈകാരികമായാണ് പ്രതികരിച്ചത്. സ്വന്തം ജീവിതത്തിൽ ഒരു പ്രതിസന്ധി വരുമ്പോഴാണ് അതിന്റെ വേദന മനസ്സിലാകുന്നത്.
ഒരു ഫോട്ടോയെക്കുറിച്ച് പറഞ്ഞ് അയച്ച ഒരു ചെറിയ സന്ദേശമാണ് (Message) ഇത്രയും വലിയ പ്രശ്നങ്ങളിലേക്ക് വഴിമാറിയത്. അയച്ചവർക്ക് അത് നിസ്സാരമായിരിക്കാം, പക്ഷേ അത് സ്വീകരിച്ച കുടുംബത്തിന് ഉണ്ടാക്കിയ ബുദ്ധിമുട്ടുകൾ ചെറുതല്ല. ഒരു ചെറിയ കാര്യം മറ്റൊരാളുടെ ജീവിതത്തിൽ എത്ര വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ചിന്തിക്കണം. ഈ വിഷയം ഉണ്ടായ സമയത്ത് ഫോൺ എടുത്ത് സംസാരിക്കുകയോ, നേരിട്ട് വന്ന് കാര്യങ്ങൾ വ്യക്തമാക്കുകയോ ചെയ്തിരുന്നെങ്കിൽ പ്രശ്നങ്ങൾ ഇത്രത്തോളം വളരുമായിരുന്നില്ല.
ഒരു സന്ദേശം അയച്ചതിനുശേഷം സംസാരിക്കേണ്ട സമയത്ത് മാറിനിൽക്കുന്നത് ഒരു കുടുംബത്തോട് ചെയ്യുന്ന ശരിയായ രീതിയല്ല. ഇതിന് ശേഷമാണ് പല തരത്തിലുള്ള മോശം അഭിസംബോധനകൾ ഉണ്ടായത്. കഴിവതും ഇത്തരം പ്രശ്നങ്ങളിൽ നിന്ന് മാറി നിൽക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. നമ്മുടെ കുടുംബത്തിലെ പ്രശ്നങ്ങൾ മറ്റുള്ളവർ അറിഞ്ഞ് ആഘോഷിക്കാൻ നമ്മൾ ഇടവരുത്തരുത്. വളരെ ശാന്തമായി സംസാരിച്ച് തീർക്കാവുന്ന കാര്യങ്ങളേ ഇതിലുള്ളൂ. സ്ത്രീകൾ തമ്മിലുള്ള ചെറിയ വഴക്കുകൾ പലപ്പോഴും കാര്യങ്ങൾ നിസ്സാരമാണെങ്കിലും ഗുരുതരമായ പ്രശ്നങ്ങളിലേക്ക് എത്തിക്കാറുണ്ട്.
പ്രത്യേകിച്ച് ഭാഗ്യലക്ഷ്മി ചേച്ചിയോട് ഞാൻ ക്ഷമ ചോദിക്കുന്നു, ചേച്ചിയെ പബ്ലിക് ആയി കുറ്റപ്പെടുത്താൻ വേണ്ടിയല്ല ഞാൻ ഇത് പറയുന്നത്. ഞാൻ ഈ കാര്യങ്ങൾ എഡിറ്റിംഗ് ഇല്ലാത്ത ലൈവ് വിഡിയോയിലൂടെയാണ് സംസാരിക്കുന്നത്. ഇത്രയും വർഷമായി രാവിലെ എഴുന്നേൽക്കുമ്പോൾ എന്റെ ഭാര്യയുടെ കൈകൊണ്ടുള്ള ഒരു ഗ്ലാസ് ചായ കുടിക്കുന്ന ഒരാളാണ് ഞാൻ. അതുകൊണ്ട് അവൾക്കെതിരെ അനാവശ്യമായ ആരോപണങ്ങൾ വരുമ്പോൾ എനിക്ക് വിഷമം വരും. എല്ലാവരും സമാധാനത്തോടെയും സന്തോഷത്തോടെയും ഇരിക്കാൻ ശ്രമിക്കുക.”
"
https://www.facebook.com/Malayalivartha






















