ആ കോടികള്‍ പാഴായില്ല; കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് കമ്മ്യൂണിസ്റ്റ് തീവ്രവാദത്തില്‍ ഗണ്യമായ കുറവ് സംഭവിച്ചതായി ആഭ്യന്തര സഹ മന്ത്രി ജി കിഷണ്‍ റെഡ്ഡി
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് കമ്മ്യൂണിസ്റ്റ് തീവ്രവാദത്തില്‍ ഗണ്യമായ കുറവ് സംഭവിച്ചതായി ആഭ്യന്തര സഹ മന്ത്രി ജി കിഷണ്‍ റെഡ്ഡി. 2014 മുതല്‍ 2019 വരെയുള്ള കാലഘട്ടത്തില്‍ കമ്മ്യൂണിസ്റ്റ് തീവ്രവാദത്തില്‍ 43 ശതമാനം കുറവ് സംഭവിച്ചിട്ടുണ്ടെന്നും ജി കിഷണ്‍ റെഡ്ഡി. ലോക്സഭയില്‍ വ്യക്തമാക്കി. ജാര്‍ഖണ്ഡിലെ കമ്മ്യൂണിസ്റ്റ് ഭീകരവാദം തടയാന്‍ കേന്ദ്രം എന്ത് നടപടി സ്വീകരിച്ചു എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായിരുന്നതിനേക്കാള്‍ കുറവ് ആക്രമണങ്ങളാണ് കഴിഞ്ഞ അഞ്ച് വര്‍ഷമായി രാജ്യത്ത് നടന്നിട്ടുള്ളത്. രാജ്യത്തെ 10 ജില്ലകളില്‍ നിന്നും മാത്രമാണ് പ്രധാനമായും ഭീകരാക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
2014 മുതല്‍ 2019 വരെയുള്ള കാലഘട്ടത്തില്‍ ജാര്‍ഖണ്ഡിലെ കമ്മ്യൂണിസ്റ്റ് ഭീകരവാദത്തില്‍ 45 ശതമാനം കുറവാണ് വന്നിരിക്കുന്നത്. ജാര്‍ഖണ്ഡിലും മറ്റ് സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ നടപ്പിലാക്കിയ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ഭീകരവാദം കുറയാന്‍ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഭീകരവാദം അവസാനിപ്പിക്കാന്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ് മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ അവലംബിക്കുന്നത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 1775 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. ഇതില്‍ 773 കോടി രൂപ ജാര്‍ഖണ്ഡിന് വേണ്ടി മാത്രമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ജാര്‍ഖണ്ഡില്‍ വികസന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കിയതു വഴി കമ്മ്യൂണിസ്റ്റ് ഭീകരരുടെ ഭൂമിശാസ്ത്രപരമായ വ്യാപനം തടയാന്‍ കഴിഞ്ഞിട്ടുണ്ട്. വിവിധ റോഡ് വികസന പദ്ധതികള്‍ മുഖേന സംസ്ഥാനത്ത് 1403 കിലോ മീറ്റര്‍ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. രാജ്യത്ത് ടെലികോം മേഖല മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സ്ഥാപിച്ച 2,335 മൊബൈല്‍ ടവറുകളില്‍ 831 ടവറുകളും സ്ഥാപിച്ചത് ജാര്‍ഖണ്ഡിലാണ്. ഇതിന് പുറമേ 1,054 ടവറുകളും സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുണ്ട്. ഇതെല്ലാം തന്നെ ജാര്‍ഖണ്ഡിലെ കമ്മ്യൂണിസ്റ്റ് ഭീകരവാദം കുറയാന്‍ കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha