സര്‍ക്കാരാണെ ഉറപ്പ്... യുവതികളെ കയറ്റിയിട്ട് കൂടോടെ മണ്ണൊലിച്ച് പോകുന്നതിനേക്കാളും നല്ലതല്ലേ മിണ്ടാതിരിക്കുന്നത്; യുവതീ പ്രവേശനത്തില്‍ അന്നും ഇന്നും ഒരുപോലെ നട്ടെല്ല് വിരിച്ചു നിന്ന സുകുമാരന്‍ നായരെ അനുനയിപ്പിച്ച് സി.പി.എം.; ശബരിമലയില്‍ ഇനിയൊരു യുവതീ പ്രവേശനമുണ്ടാകില്ലെന്ന് ഉറപ്പ് നല്‍കി

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ തറപറ്റിച്ചത് ശബരിമല വിഷയവും ഭക്തരുടെ ശക്തമായ എതിര്‍പ്പാണ്. എന്നും രാഷ്ട്രീയം മറന്ന് ഭക്തരോടൊപ്പം നിന്നയാളാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. അതിനാല്‍ തന്നെ സിപിഎമ്മിന്റെ ശക്തമായ എതിര്‍പ്പ് സുകുമാരന്‍നായര്‍ക്കെതിരെ ഉണ്ടായി. എന്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും പോലും നായരെ വിമര്‍ശിച്ചു. എന്നിട്ടും ഭക്തര്‍ക്ക് വേണ്ടി ശക്തമായി ഉറച്ചു നിന്നു. അതുകൊണ്ട് തന്നെയാണ് ഇത്തവണ മണ്ഡലകാലത്ത് ഒരു യുവതിയേയും മലയില്‍ കയറ്റാന്‍ ആരും ധൈര്യപ്പെടാത്തത്. ഇനി വളരെ കുറച്ച് കാലമേ ഈ സര്‍ക്കാരിനുള്ളൂ. അതിനാല്‍ തന്നെ ഭരണ തുടര്‍ച്ച പ്രതീക്ഷിക്കുന്ന പാര്‍ട്ടിയ്ക്കും സര്‍ക്കാരിനും എന്‍എസ്എസിനെ പിണക്കുന്നതിനോട് താത്പര്യമില്ല. അതിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസം കണ്ടത്.
ശബരിമല യുവതീ പ്രവേശനവിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുന്ന എന്‍.എസ്.എസിനെ അനുനയിപ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു പെരുന്നയിലെത്തി. ശനിയാഴ്ച ഉച്ചകഴിഞ്ഞാണു വാസു എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയത്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം നടന്ന കൂടിക്കാഴ്ച 15 മിനിറ്റ് നീണ്ടു. ശബരിമലയില്‍ ഇത്തവണ യുവതീ പ്രവേശനം വേണ്ടന്ന നിലപാടാണു സര്‍ക്കാരിനുള്ളതെന്നു ദേവസ്വം പ്രസിഡന്റ് വിശദീകരിച്ചതായാണ് അറിയുന്നത്.
ശബരിമലയില്‍ പ്രത്യേക അഥോറിറ്റി രൂപീകരിക്കുന്നതിനെ എന്‍.എസ്.എസ്. നേതൃത്വം അനുകൂലിച്ചിരുന്നില്ല. ഈ നിലപാട് ചര്‍ച്ചയില്‍ ജി.സുകുമാരന്‍ നായര്‍ ആവര്‍ത്തിച്ചു. എന്‍.എസ്.എസിനെ ഏതു വിധേയനേയും അനുനയിപ്പിക്കാനുള്ള നീക്കം ഉപതെരഞ്ഞെടുപ്പിനുശേഷം സി.പി.എം. നേതൃത്വം ആരംഭിച്ചിരുന്നു. വട്ടിയൂര്‍കാവില്‍ എന്‍.എസ്.എസ്. ജാതി പറഞ്ഞ് വോട്ട് പിടിച്ചുവെന്നാരോപിച്ച് കൊടുത്ത കേസ് കഴിഞ്ഞ ദിവസം സി.പി.എം. പിന്‍വലിച്ചിരുന്നു. മാത്രമല്ല എന്‍.എസ്.എസിനെതിരേ യാതൊരു പ്രകോപനവും പടില്ലെന്ന കര്‍ശന നിര്‍ദേശം സി.പി.എം. സംസ്ഥാന നേതൃത്വം അണികള്‍ക്കു നല്‍കിയിരുന്നു. നേരത്തെ ശബരിമല വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ തയാറാണെന്നു സര്‍ക്കാര്‍ എന്‍.എസ്.എസ്. നേതൃത്വത്തെ അറിയിച്ചിരുന്നു.
എന്നാല്‍, യുവതീ പ്രവേശനത്തില്‍ വിട്ടുവീഴ്ച ചെയ്തുകൊണ്ടുള്ള ഒരു ചര്‍ച്ചയ്ക്കും തയാറല്ലെന്ന എന്‍.എസ്.എസ്. നേതൃത്വം വ്യക്തമാക്കിയതോടെയാണു ചര്‍ച്ചകള്‍ നടക്കാതെ പോയത്. ശബരിമലയില്‍ ഇത്തവണ യുവതികളെ പ്രവേശിപ്പിക്കില്ലെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണു എന്‍.എസ്.എസ്. നേതൃത്വം കൂടിക്കാഴ്ചയ്ക്ക് തയാറായത്. ശബരിമല വിഷയത്തിനു പുറമേ മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ ശിപാര്‍ശകള്‍ പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഇതും ഇടതു സര്‍ക്കാരുമായി എന്‍.എസ്.എസ്. നേതൃത്വം അകലുന്നതിന് കാരണമായി. എന്‍.എസ്.എസിനെ അനുനയിപ്പിക്കണമെങ്കില്‍ ഈ വിഷയങ്ങളും സര്‍ക്കാരിനു പരിഹരിക്കേണ്ടി വരും.
കഴിഞ്ഞ ദിവസം കാലത്തിനനുസരിച്ച് സ്വയം നവീകരിക്കാത്തവര്‍ അസാധുവാകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ദുരുദ്ദേശപരമെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. നവോത്ഥാന നായകര്‍ ചമഞ്ഞ്, അവര്‍ പറയുന്ന വഴിയെ നടക്കണം എന്നത് ഭീഷണിയുടെ സ്വരമെന്നും വിമര്‍ശനമുണ്ടായി. ഉപദേശ രൂപേണയുള്ള മുഖ്യമന്ത്രിയുടെ വിലകുറഞ്ഞ പ്രതികരണങ്ങള്‍ അവിവേകമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
എന്തായാലും സുകുമാരന്‍ നായരോട് സന്ധിക്ക് സര്‍ക്കാരും പാര്‍ട്ടിയും പുറപ്പെട്ട സ്ഥിതിക്ക് ഇനി ശബരിമലയില്‍ സമാധാനം തുടരുക തന്നെ ചെയ്യും. യുവതീ പ്രവേശനത്തിന് സുപ്രീം കോടതിയില്‍ പോയിരിക്കുന്ന ബിന്ദു അമ്മിണി അനുകൂല വിധിയുമായി വന്നാല്‍ എന്തുണ്ടാകുമെന്ന് കാത്തിരുന്നു കാണാം.
https://www.facebook.com/Malayalivartha























