വയസ് 36 എങ്കിലും... ജീവിതം ഒരിക്കലല്ലേയുള്ളൂ പണമുണ്ടെങ്കിലേ വിലയുള്ളൂ അതിനാല്‍ അല്‍പം കഷ്ടപ്പെട്ടെങ്കിലും പിടിച്ചു നില്‍ക്കുക; നിരവധി കുടുംബങ്ങളെ പറഞ്ഞ് പറ്റിച്ച് ഗള്‍ഫിലെത്തിച്ച് അന്നമ്മ ജോര്‍ജ് ഒരു മുങ്ങല്‍ മുങ്ങി; നാടകങ്ങള്‍ മാറി കളിക്കുമ്പോഴും പിടി വീഴുമെന്ന് കരുതിയില്ല

കട്ടപ്പനക്കാരി 36 വയസുള്ള അന്നമ്മ ജോര്‍ജാണ് ഇപ്പോള്‍ താരം. കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് അന്നമ്മ നടത്തിയ കോടികളുടെ തട്ടിപ്പ് നിരവധി കുടുംബങ്ങളേയാണ് കണ്ണീരിലാഴ്ത്തിയത്. അന്താരാഷ്ട്ര മനുഷ്യക്കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണ് അന്നമ്മ. ഇപ്പോള്‍ പിടിക്കുമെന്നായപ്പോള്‍ മുന്‍കൂര്‍ ജാമ്യമെടുക്കാനായി ശ്രമം നടത്തുകയാണ്. മുട്ടം, അടിമാലി കോടതികള്‍ ജാമ്യാപേക്ഷകള്‍ തള്ളിയതോടെ അന്നമ്മ മുങ്ങി. ഇനി എവിടെ പൊങ്ങുമെന്നറിയാന്‍ കാത്തിരിക്കുകയാണ് തട്ടിപ്പിനിരയായവര്‍. വീട് പണയപ്പെടുത്തിയും സ്ഥലം വിറ്റും പലിശയ്‌ക്കെടുത്തും ലക്ഷങ്ങള്‍ നല്‍കിയവര്‍ ഇന്ന് ആത്മഹത്യയുടെ വക്കിലാണ്. നിരവധിപേര്‍ ഇന്നും നാട്ടിലെത്താനാകാതെ വിവിധ സ്ഥലങ്ങളില്‍ ഒളിച്ചുതാമസിക്കുകയാണ്. കാനഡ ആസ്ഥാനമായുള്ള എക്‌സ്പ്രസ് വിസാസ് എന്ന കമ്പനിയുടെ റിക്രൂട്ട്‌മെന്റ് മനേജര്‍ എന്ന വ്യാജരേഖ കാട്ടിയാണ് അന്നമ്മ പലരില്‍ നിന്നായി കോടികള്‍ തട്ടിയത്. സംശയം തോന്നാതിരിക്കാന്‍ കമ്പനിയുടെ സി.ഇ.ഒയാണെന്ന് പറയുന്ന ഓം അഗര്‍വാള്‍ എന്നയാളുമായി ഉദ്യോഗാര്‍ത്ഥികളില്‍ ചിലര്‍ക്ക് സംസാരിക്കാനും അവസരമൊരുക്കിയിരുന്നു.
ഉദ്യോഗാര്‍ത്ഥികളിലൊരാളായ എറണാകുളം സ്വദേശിയുടെ സഹോദരന്‍ കാനഡയിലുണ്ടെന്നും ഇദ്ദേഹം ഓം അഗര്‍വാളുമായി നേരിട്ട് സംസാരിച്ചതായും വിശ്വസിപ്പിച്ചു. തുടര്‍ന്ന് വിസയുടെ പകുതി പണം ആളുകളില്‍ നിന്ന് അഡ്വാന്‍സായി വാങ്ങിയെടുത്തു. ഭൂരിഭാഗം ആളുകളും നേരിട്ടാണ് പണം കൈമാറിയത്. ചിലര്‍ മാത്രമാണ് അന്നമ്മയുടെ ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിച്ചത്.തുടര്‍ന്ന് 47 പേരെ ഖത്തറിലെ ദോഹയില്‍ അല്‍തുമാമയിലുള്ള പാകിസ്ഥാനിയുടെ വില്ലയിലെത്തിച്ചു. അന്നമ്മയുടെ സംഘത്തില്‍പ്പെട്ട ഹരിയാന സ്വദേശി രോഹിത്, നേഹ എന്നിവരാണ് ഉദ്യോഗാര്‍ത്ഥികളെ താമസസ്ഥലത്തെത്തിച്ചത്.
ഉദ്യാഗാത്ഥികള്‍ക്കൊപ്പം നെടുമ്പശേരി വിമാനത്താവളത്തിലെത്തിയ അന്നമ്മ ജോര്‍ജിനെ എമിഗ്രേഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ തടഞ്ഞവച്ചു. അന്നമ്മയുടെ പരസ്പര വിരുദ്ധമായ മറുപടിയിലും ആളുകളെ സംഘമായി കൊണ്ടുപോകുന്നതിലും സംശയം തോന്നിയ അവര്‍ അന്നമ്മയുടെ പക്കലുള്ള രേഖകളും പാസ്‌പോര്‍ട്ടും പരിശോധിക്കുകയും ഇവരെ തിരിച്ചയ്ക്കുകയും ചെയ്തു. ഈ സംഭവത്തെത്തുടര്‍ന്ന് അന്നമ്മ പാസ്‌പോര്‍ട്ട് മാറിയതായും വിവരമുണ്ട്. തുടര്‍ന്ന് രണ്ടാഴ്ചയ്ക്കുശേഷം തിരുവനന്തപുരം വിമാനത്താവളം വഴി ഇവര്‍ ഖത്തറിലെത്തുകയായിരുന്നു. അന്നമ്മ എത്തി ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് രോഹിതിനേയും നേഹയേയും ഖത്തറിലെ മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റി. പിന്നീട് ഇരുവരും ഉദ്യോഗാര്‍ത്ഥികളുടെ താമസ സ്ഥലത്തേയ്ക്ക് എത്തിയിട്ടില്ല. തുടര്‍ന്ന് അന്നമ്മയാണ് വിസയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറിയിരുന്നത്. മാത്രമല്ല, കാനഡയിലെ കമ്പനിയില്‍ കൂടുതല്‍ ഒഴിവുകള്‍ ഉണ്ടെന്നു പറഞ്ഞ് 19 പേരെക്കൂടി ഖത്തറിലെത്തിച്ചു.
രോഹിത്തും നേഹയും പണവുമായി മുങ്ങിയിരിക്കുകയാണെന്നും അതിനാല്‍ നാട്ടിലേക്കു മടങ്ങിപ്പോകണമെന്നും ഒക്‌ടോബര്‍ 20 ന് ഉദ്യോഗാര്‍ത്ഥികളോട് അന്നമ്മ അഭ്യര്‍ത്ഥിച്ചു. എന്നാല്‍, ഇവര്‍ക്കെതിരെ ഖത്തര്‍ പൊലീസിലോ ഇന്ത്യന്‍ എംബസിയിലോ പരാതിപ്പെടാന്‍ തയാറാകാത്തതും അന്വേഷിക്കാതിരുന്നതും ഉദ്യോഗാര്‍ത്ഥികളില്‍ സംശയമുണ്ടാക്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അത് സത്യമാണെന്ന് അവര്‍ക്ക് ബോദ്ധ്യമായി. ഇത്തരത്തില്‍ 66 പേരില്‍ നിന്നായി മൂന്നരക്കോടിയോളം രൂപയാണ് അന്നമ്മ കബളിപ്പിച്ചത്. ഉദ്യോഗാര്‍ത്ഥികള്‍ ബഹളം കൂട്ടിയതോടെ നാട്ടിലെത്തിയാല്‍ പണം തിരികെനല്‍കാമെന്നായി അന്നമ്മ. അങ്ങനെ സ്ത്രീകളെ ബന്ധുക്കളുടെ സഹായത്തോടെ ടിക്കറ്റെടുത്ത് ആദ്യം നാട്ടിലെത്തിച്ചു. പിന്നാലെ കൂടുതല്‍ പേരും സ്വന്തമായി ടിക്കറ്റെടുത്ത് നാട്ടിലേക്കു മടങ്ങി. ഒടുവില്‍ 18 പേര്‍ മാത്രമായി. താമസസ്ഥലത്തെ വാടകയും ഭക്ഷണം കഴിച്ച ഇനത്തില്‍ ഹോട്ടലില്‍ നല്‍കാനുള്ള പണവുമെല്ലാം ഇന്ത്യന്‍ എംബസിയും സന്നദ്ധ സംഘടനകളും ചേര്‍ന്ന് നല്‍കിയതിനെ തുടര്‍ന്ന് അവശേഷിച്ചവരും അന്നമ്മയും തിരികെ നാട്ടിലെത്തി.
നാട്ടിലെത്തി ഒരാഴ്ചയ്ക്കുള്ളില്‍ പണം നല്‍കാമെന്നായിരുന്നു അന്നമ്മ പറഞ്ഞിരുന്നെങ്കിലും ദിവസങ്ങള്‍ നീണ്ടുപോയി. ഇതിനിടെ തട്ടിപ്പിനിരയായവര്‍ തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തെ എന്‍.ആര്‍.ഐ സെല്ലില്‍ പരാതിയും തെളിവുകളും നല്‍കി.
ഇതിനുശേഷം കട്ടപ്പന മേഖലയിലുള്ളവര്‍ കട്ടപ്പന പൊലീസിലും പരാതിപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ 26 ന് അന്നമ്മയെ കട്ടപ്പന സ്‌റ്റേഷനലേക്കു വിളിച്ചുവരുത്തി. കട്ടപ്പന എസ്.ഐയുടെ സാന്നിദ്ധ്യത്തില്‍ അന്നമ്മക്കെതിരെ മുഴുവന്‍ തെളിവുകള്‍ നിരത്തിയിട്ടും ഇവരെ കസ്റ്റഡിയിലെടുക്കാനോ കൂടുതല്‍ ചോദ്യം ചെയ്യാനോ പൊലീസ് തയാറായില്ല. പിന്നീട് അന്നമ്മയുടെ നാലു ഫോണുകളും സ്വിച്ച് ഓഫ് ആയി.
https://www.facebook.com/Malayalivartha

























