മാമാങ്കത്തെ വെട്ടാനിറങ്ങിയവർ കുരുങ്ങി; സിനിമക്കെതിരെ ഗൂഢാലോചന നടത്തിയ പ്രതികളിലൊരാളെ പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചു; മാമാങ്കം സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് സിനിമക്കെതിരെ പ്രചരണം നടത്തിയവർ കുരുങ്ങും

മാമാങ്കം സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് സിനിമക്കെതിരെ പ്രചരണം നടത്തിയവർ കുരുങ്ങും. നവംബർ 21 നാണ് ചിത്രത്തിന്റെ റിലീസ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ റിലീസ് ഡിസംബർ 12 ലേക്ക് മാറ്റി. ഇക്കാര്യം അറിയാതെ അനന്തുകൃഷ്ണൻ, സൂരജ് തുടങ്ങി എട്ടു പേർ ചിത്രത്തിനെതിരെ നവംബർ 21 ന് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റിട്ടു. ചിത്രത്തിന് സി ഗ്രേഡിംഗാണ് ഇവർ നൽകിയത്. ചിത്രം റിലീസായോ ഇല്ലെയാ എന്ന കാര്യം ഉറപ്പാക്കാൻ ഇവർ മറന്നു പോയി.
ഇത്തരത്തിൽ മമ്മൂട്ടി നായകനായ മാമാങ്കം സിനിമക്കെതിരെ ഗൂഢാലോചന നടത്തിയ പ്രതികളിലൊരാളെ പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചു. എറണാകുളം സെൻട്രൽ പൊലീസ് ആണ് തിരുവനന്തപുരം സ്വദേശി സൂരജിനെ വിളിച്ചു വരുത്തിയത്. മാമാങ്കം സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ പ്രതികൾ സിനിമയെ തകർക്കണമെന്നും മോശമാണെന്ന് പ്രചരിപ്പിക്കണമെന്നും ആവശ്യപ്പെട്ടതിനെതിരായാണ് കേസെടുത്തിരിക്കുന്നത്. സിനിമ വ്യവസായത്തെ തകർക്കാൻ ശ്രമിക്കുന്ന മാഫിയ സംഘത്തിലെ കണ്ണിയാണ് പ്രതിയെന്ന് സൂചനയുള്ളതായി പോലീസ് വ്യക്തമാക്കുന്നു.
മാമാങ്കം സിനിമക്കെതിരെ നടന്ന പ്രവർത്തനങ്ങളിൽ നേരത്തെ നിർമ്മാതാവും സംവിധായകനും ഗൂഢാലോചന ആരോപിച്ചിരുന്നു. ചിത്രത്തിനെതിരെ നടന്ന ക്രിമിനൽ ഗൂഡാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എയ്ജോ ആന്റെണി ജോസഫ് പരാതി നൽകിയത്. ഗൂഢാലോചനയിൽ പങ്കാളികളായ ഉന്നതർ ഉൾപ്പെടെയുള്ളവർ ഉടൻ പിടിയിലാകുമെന്ന് പരാതിക്കാരനായ എയ്ജോ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
റിലീസാകാത്ത പടത്തെ കുറിച്ച്, പടം കണ്ടു കാശുപോയി എന്നും പടം ബിലോ ആവറേജാണെന്നുമാണ് ഇവർ പ്രചരണം നടത്തിയത്. അന്നുതന്നെ നിർമ്മാതാവ് പോലീസിൽ പരാതി നൽകിയിരുന്നു. അപവാദ പ്രചരണത്തിനെതിരെ പോലീസ് എഫ്.ഐ ആർ. ഇട്ടിരുന്നു. എന്നാൽ മേൽ നടപടികൾ സ്വീകരിച്ചിരുന്നില്ല.
ചിത്രം റിലീസായില്ലെന്ന് മനസിലാക്കിയ പ്രതികൾ പ്രചരണം തത്കാലം നിർത്തി. ഡിസംബർ 12 ന് കാണാം എന്നായിരുന്നു അടുത്ത പ്രചരണം. ഒടിയന് കിട്ടിയത് സി ഗ്രേഡാണെന്നും മാമാങ്കത്തിന് കിട്ടാൻ പോകുന്നത് ഡി ഗ്രേഡാണെന്നും ഇവർ പ്രചരണം നടത്തി. ഇക്കാര്യം വാട്ട്സ് ആപ്പ് ഓഡിയയിലൂടെ ഗ്രൂപ്പിൽ പ്രചരിപ്പിച്ചു. സിനിമ ഡി ഗ്രേഡ് ചെയ്യുന്നത് എങ്ങനെയെന്ന 10 നിർദ്ദേശങ്ങളും ഇവർ നൽകി. ഇതെല്ലാം ഡിസംബർ 12 ന് മുമ്പായിരുന്നു.
പടം ഇറങ്ങിയ ഉടൻ അതിലെ പാട്ട് തിയേറ്ററിൽ നിന്നും മൊബൈലിൽ ചിത്രീകരിച്ച് മറ്റൊരു ഗാനവുമായി ചേർത്ത് പ്രചരിപ്പിച്ചു.ഡിസംബർ 13 ന് സിനിമ ഡൗൺ ലോഡ് ചെയ്ത് ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇറക്കി. ഇത്തരത്തിൽ അതീവ ഗുരുതരമായ ആരോപണങ്ങളാണ് പ്രതികൾക്കെതിരെ നിർമ്മാതാക്കൾ ഉയർത്തിയിരിക്കുന്നത് . ചുരുക്കത്തിൽ മാമാങ്കത്തിനെതിരെ നടത്തിയ പ്രവർത്തനങ്ങളിൽ തെളിവ് സഹിതമാണ് നിർമാതാക്കൾ പരാതി നൽകിയിരിക്കുന്നത്. ഇത്തരം ക്രിമിനൽ ഗൂഢാലോചനകൾ തീർച്ചയായും വലിയ ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണ്. മാമാങ്കത്തിന്റെ അനുഭവം മറ്റൊരു ചിത്രത്തിന് ഉണ്ടാകാതിരിക്കാൻ നിർമ്മാതാക്കൾ ഒറ്റകെട്ടായാണ് നീങ്ങുന്നത്.
https://www.facebook.com/Malayalivartha

























