ആസിഡും പൊട്ടാസ്യം സയനൈഡും വാങ്ങാന്‍ ആധാര്‍ നിര്‍ബ്ബന്ധമാക്കുന്നു, സംസ്ഥാനത്ത് പ്രതിമാസം വില്‍ക്കുന്നത് 30 കിലോ സയനൈഡ്!

പൊട്ടാസ്യം സയെനെഡ് പോലുള്ള മാരക വിഷപദാര്‍ത്ഥങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കണമെന്ന് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ ഡയറക്ടറേറ്റ് സര്‍ക്കാരിനു ശിപാര്‍ശ സമര്‍പ്പിച്ചു. കൂടത്തായി കൂട്ടക്കൊലപാതക പരമ്പരയടക്കമുള്ള സംഭവങ്ങളെ തുടര്‍ന്നാണ് ഇത്തരം വസ്തുക്കള്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങളുടെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്തണം എന്ന് ഡയറക്ടറേറ്റ് ലക്ഷ്യമിട്ടത്.
ഡ്രഗ്സ് കണ്‍ട്രോള്‍ ഡയറക്ടറേറ്റ് തയാറാക്കിയ ''കേരള പോയിസണ്‍ റൂള്‍സ്'' എന്ന പേരിലുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലാണ്. സംസ്ഥാനത്ത് പ്രതിമാസം 30 കിലോ സയനെഡ് അനധികൃതമായി വില്‍ക്കുന്നുണ്ടെന്നാണ് ഡ്രഗ്സ് കണ്‍ട്രോള്‍ ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍. അംഗീകൃത മാര്‍ഗത്തിലൂടെയുള്ള വില്‍പ്പനയ്ക്ക് നിലവില്‍ രേഖകള്‍ ആവശ്യമില്ല. ഇതിനു പകരം മൊത്ത/ചില്ലറ വില്‍പ്പന പൂര്‍ണമായും ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശം.
സയനൈഡ്, മീഥൈല്‍ ആല്‍ക്കഹോള്‍, ക്ലോറല്‍ ഹൈഡ്രേറ്റ് എന്നിവയുടെ വിപണനമാണ് നിലവില്‍ ഡ്രഗ്സ് കണ്‍ട്രോള്‍ ഡയറക്ടറേറ്റിന്റെ അധികാര പരിധിയിലുള്ളത്. സ്ത്രീകള്‍ക്കെതിരായ ആസിഡ് ആക്രമണം വര്‍ധിച്ച സാഹചര്യത്തില്‍ വിവിധ തരം ആസിഡുകളുടെ വിപണനവും ശേഖരണവും ആധാര്‍ മുഖേനയാവണമെന്നും റിപ്പോര്‍ട്ടിലുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സയന്‍സ് ലാബുകളിലാണ് കൂടുതലായി ആസിഡുകള്‍ പഠനാര്‍ത്ഥം സൂക്ഷിക്കുന്നത്. സ്ഥാപനങ്ങളിലെ അധ്യാപകരുടെ ആധാറാകണം ഇതിനായി സമര്‍പ്പിക്കേണ്ടത്. നെട്രിക് ആസിഡ്, സള്‍ഫ്യൂരിക് ആസിഡ് അടക്കമുള്ളവ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തും.
റബര്‍ കര്‍ഷകര്‍ ഉപയോഗിക്കുന്ന ഫോമിക് ആസിഡ് മാരക സ്വഭാവമുള്ളതാണെങ്കിലും കാര്‍ഷിക ആവശ്യമായതിനാല്‍ ഒഴിവാക്കിയിട്ടുണ്ട്. കള്ളില്‍ വീര്യം കൂട്ടാന്‍ ഉപയോഗിക്കുന്ന വിഷപദാര്‍ത്ഥങ്ങളുടെ പട്ടികയും റിപ്പോര്‍ട്ടിനൊപ്പം ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം നല്‍കിയിട്ടുണ്ട്. ഇവയുടെ ഉപയോഗവും വിപണനവും നിയന്ത്രിക്കണമെന്നും പോയിസണ്‍ റൂളിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു. തൃശൂര്‍ -പാലക്കാട് മേഖലകളില്‍ കള്ളില്‍ മായം ചേര്‍ക്കുന്നതായി പരാതി ലഭിക്കാറുണ്ടെങ്കിലും പരിശോധനയും നടപടിയും എക്‌സൈസ് വിഭാഗത്തിന്റെ ചുമതലയാണ്.
ഇപ്പോഴും നിലവിലുള്ള 1919-ലെ കേന്ദ്ര പോയിസണ്‍ ആക്ടിലെ പട്ടികയിലുണ്ടായിരുന്ന പല പദാര്‍ത്ഥങ്ങളും കാലഹരണപ്പെട്ടു. മറ്റു പലതും ജീവഹാനി വരുത്തുന്നതിന് വരെ വ്യാപകമായി ഉപയോഗിച്ച് തുടങ്ങി. ഈ സാഹചര്യത്തിലാണ് കേന്ദ്ര നിയമത്തില്‍ ഭേദഗതിയും കൂട്ടി ചേര്‍ക്കലും വരുത്തി പോയിസണ്‍ റൂള്‍സ് നടപ്പാക്കാന്‍ ശിപാര്‍ശ ചെയ്തത്. ഇപ്പോള്‍ സയനൈഡ് അടക്കമുള്ള വിഷപദാര്‍ത്ഥങ്ങള്‍ അനധികൃതമായി കൈവശം വച്ചാല്‍ 500 രൂപ പിഴയടച്ച് തലയൂരാം. ഇത്തരം സാഹചര്യങ്ങളില്‍ ശിക്ഷ ശക്തമാക്കണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നു. വില്‍പ്പന ആധാറുമായി ബന്ധിപ്പിക്കുന്നതോടെ വിഷപദാര്‍ത്ഥങ്ങളുടെ ഉറവിടം കൃത്യമായി കണ്ടു പിടിക്കാന്‍ സാധിക്കുമെന്നാണു നിഗമനം.
അഞ്ചല്‍ മദ്യദുരന്തത്തെ തുടര്‍ന്ന് വിഷപദാര്‍ത്ഥങ്ങളുടെ വിപണനത്തിനും ഉപയോഗത്തിനുമായി സമഗ്രനിയമ നിര്‍മാണത്തിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നെങ്കിലും നടപ്പായിരുന്നില്ല. മയക്കുമരുന്നിന്റെ ഉപയോഗം തടയാന്‍ നാര്‍ക്കോട്ടിക് സെല്ലിന് പോലീസ്-എക്‌സൈസ് വിഭാഗങ്ങളുടെ സഹകരണമുണ്ട്. ഈ മാതൃകയില്‍ വിഷപദാര്‍ത്ഥങ്ങളുടെ നിയന്ത്രണത്തിനും വിവിധ അന്വേഷണ വിഭാഗങ്ങളുടെ സഹകരണം ഉറപ്പ് വരുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
https://www.facebook.com/Malayalivartha

























