ഇത്തവണ ശബരിമല വിധി നടപ്പാക്കാതെ ഹൈന്ദവ വിശ്വാസികളെയും പൗരത്വഭേദഗതി നിയമം പാസ്സാക്കില്ലെന്ന് പ്രഖ്യാപിച്ച് മുസ്ലിംങളെയും കയ്യിലെടുത്ത മുഖ്യമന്ത്രി പിണറായി വിജയനെ വെട്ടിലാക്കി ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം

ഇത്തവണ ശബരിമല വിധി നടപ്പാക്കാതെ ഹൈന്ദവ വിശ്വാസികളെയും പൗരത്വഭേദഗതി നിയമം പാസ്സാക്കില്ലെന്ന് പ്രഖ്യാപിച്ച് മുസ്ലിംങളെയും കയ്യിലെടുത്ത മുഖ്യമന്ത്രി പിണറായി വിജയനെ വെട്ടിലാക്കി ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം രംഗത്ത്. കോതമംഗലം ചെറിയ പള്ളി 1934ലെ മലങ്കര സഭയുടെ ഭരണഘടന അനുസരിച്ച് നിയമാനുസൃത ഭരണ സംവിധാനത്തിലാക്കണമെന്ന ഹൈക്കോടതി ഉത്തരവ് സര്‍ക്കാര്‍ നടപ്പാക്കുന്നില്ലെന്ന് ആരോപിച്ച് സഭാ നേതാക്കള്‍ രംഗത്ത്. ഓര്‍ത്തോഡോക്‌സ് സഭ ഹൈക്കോടതിയില്‍ നല്‍കിയ കോടതി അലക്ഷ്യ ഹരജി പരിഗണിച്ചാണ് ജില്ലാ കലക്ടര്‍ പള്ളി ഏറ്റെടുത്ത് നിയമാനുസൃത ഭരണ സംവിധാനത്തിന് കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടതെന്ന് ഓര്‍ത്തഡോക്‌സ് സഭ വക്താവ് ഫാ. ജോണ്‍സ് അബ്രാഹം കോനാട്ട്, ഫാ.തോമസ് പോള്‍ റമ്ബാന്‍ എന്നിവര്‍ വ്യക്തമാക്കി.
ഹൈക്കോടതി വിധി നടപ്പിലാക്കാതെ കലക്ടറും പോലീസും കുറ്റകരമായ അനാസ്ഥ കാട്ടുകയാണെന്നും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ഓര്‍ത്തഡോക്‌സ് സഭ ആവശ്യപ്പെട്ടു. കോടതി ഉത്തരവിട്ടിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും കളക്ടറും പൊലീസും കണ്ണിറുക്കി കളിക്കുകയാണ്. കളക്ടര്‍ ചിലരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി നടപടി എടുക്കുന്നില്ലെന്ന് സഭാ വക്താവ് ആരോപിച്ചു. സര്‍ക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് നിയമസംവിധാനം അട്ടിമറിക്കുമ്പോള്‍ നാട്ടില്‍ അരാജകത്വം ഉണ്ടാകും. അത് അനുവദിക്കാനാകില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോടതി ഉത്തരവ് വന്നതിന് പിന്നാലെ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പള്ളിയില്‍ തൂക്കിയ മണികളും പല്ലക്കും കുരിശുകളും അതിപുരാതനമായ സാധനങ്ങളും ആരൊക്കെയോ കടത്തിക്കൊണ്ട് പോയെന്നും ഇദ്ദേഹം ആരോപിക്കുന്നു.
എല്‍ദോ ബസേലിയോസ് കാതോലിക്ക ബാവായുടെ കബര്‍ തകര്‍ത്ത് തിരുശേഷിപ്പുകള്‍ കടത്തി. പള്ളിയുടെ കീഴിലുള്ള കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കള്‍ സ്വകാര്യ ട്രസ്റ്റിന്റെ പേരിലാക്കി. പള്ളി ഭരണസമതി അംഗങ്ങളില്‍ ചിലര്‍ സ്വന്തം അക്കൗണ്ടിലോ, വേണ്ടപ്പെട്ടവരുടെ പേരിലോ സ്വത്തുക്കളും പണവും മാറ്റി. ഇടവ അംഗങ്ങള്‍ അറിയാതെ പള്ളിയുടെ സ്വത്തുക്കള്‍ ജാമ്യംവെച്ച് ബാങ്കില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ വായ്പ എടുക്കുന്നു. പള്ളിയുടെ മേല്‍നോട്ടത്തിലുള്ള ആശുപത്രികള്‍, കോളജുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ സാമ്പത്തിക ക്രമക്കേടുകളും തട്ടിപ്പുകളും നടക്കുകയാണ്. ഇവ തടയാന്‍ ഭരണം ഏറ്റെടുത്തേ മതിയാകൂ. അതിന് സര്‍ക്കാരും കളക്ടറും പൊലീസും തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.
സാമ്പത്തിക ക്രമക്കേട് അടക്കമുള്ള കാര്യങ്ങളെ കുറിച്ച് ബോധ്യം വന്നതിനാലാണ് ഇടവക അംഗങ്ങള്‍ തെരുവില്‍ ഇറങ്ങാത്തതെന്നും ആക്ഷേപമുണ്ട്. പള്ളിയുടെ നിയന്ത്രണത്തിലുള്ള കോളജിലെ വിദ്യാര്‍ഥികള്‍, മറ്റ് സ്ഥാപന ജീവനക്കാര്‍ എന്നിവരെ പ്രലോഭിപ്പിച്ചും, ഭീഷണിപ്പെടുത്തിയും തെരുവില്‍ ഇറക്കാനുള്ള ശ്രമവും നടക്കുന്നുണ്ടെന്ന് ഓര്‍ത്തഡോക്‌സ് സഭ വക്താവ് ആരോപിച്ചു. 1974ന് ശേഷം പുതുതായി ഇടവക അംഗങ്ങളെ ചേര്‍ക്കുകയോ അംഗത്വം പുതുക്കി നല്‍കുകയോ ചെയ്തിട്ടില്ല. അത് തന്നെ നിലവിലെ ഭരണസമിതിയുടെ തട്ടിപ്പിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്നും ഓര്‍ത്തഡോക്‌സ് സഭ വക്താവ് ആരോപിച്ചു.
https://www.facebook.com/Malayalivartha

























