ഓസ്‌ട്രേലിയയിലെ കാറപകടത്തില്‍ ദുരൂഹത ഉള്ളതിനാല്‍ മൃതദേഹം നാട്ടിലെത്തുന്നത് ജനുവരി രണ്ടാം വാരം

ഓസ്‌ട്രേലിയയില്‍ മലയാളി നവദമ്പതികള്‍ മരിച്ച അപകടത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ മൃതദേഹം നാട്ടില്‍ എത്തിക്കുന്നത് വൈകും. അന്വേഷണ നടപടികള്‍ പൂര്‍ത്തിയായ ശേഷം ജനുവരി 15-ഓടെയായിരിക്കും മൃതദേഹം നാട്ടിലെത്തിക്കുക. അപകടത്തില്‍ കാര്‍ കത്തിനശിച്ചതിനെ തുടര്‍ന്നുണ്ടായ ദൂരൂഹതയാണ് മൃതദേഹം വിട്ടുകിട്ടാന്‍ കാലതാമസം എടുക്കുന്നത് എന്ന് ബന്ധുക്കള്‍ പറഞ്ഞു.
പെരുമ്പാവൂര്‍ വെങ്ങോല തോമ്പ്ര ടി.എ. മത്തായി-വല്‍സ ദമ്പതികളുടെ മകന്‍ ആല്‍ബിന്‍ ടി. മാത്യു (30), ഭാര്യ നിനു (28) എന്നിവരാണ് മരിച്ചത്. മൂവാറ്റുപുഴ മുളവൂര്‍ പുതുമനക്കുഴി എല്‍ദോസ്-സാറാമ്മ ദമ്പതികളുടെ മകളാണ് നിനു. ആല്‍ബിന്റെ ഏക സഹോദരന്‍ എല്‍ബിനും ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് ഓസ്‌ട്രേലിയയില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിവരികയാണ്.
സിഡ്‌നിയില്‍നിന്ന് 500 കിലോമീറ്റര്‍ അകലെ ഡുന്‍ഡുവിലെ കൊബോറ റോഡില്‍ ഓസ്‌ട്രേലിയന്‍ സമയം ഇന്നലെ ഉച്ചയ്ക്ക് 12.45-നായിരുന്നു അപകടം. പ്രധാന പാതയില്‍നിന്ന് മാറി പോക്കറ്റ് റോഡിലൂടെ സഞ്ചരിക്കുന്നതിന് ഇടയില്‍ കാര്‍ മറിഞ്ഞ് തീപിടിക്കുകയായിരുന്നു എന്നാണ് ഒറാന മിഡ്-വെസ്റ്റേന്‍ ജില്ലാ പോലീസ് ബന്ധുക്കളെ അറിയിച്ചത്.
മൃതദേഹങ്ങള്‍ പുറത്തെടുത്തത് പോലീസെത്തി തീയണച്ച ശേഷമാണ്. മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ അവസ്ഥയിലായിരുന്നു. അപകടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ഒക്ടോബര്‍ 28-ന് വിവാഹിതരായ ഇവര്‍ നവംബര്‍ 20-നാണ് ഓസ്‌ട്രേലിയയിലേക്കു പോയത്.
പുതിയതായി വാടകയ്‌ക്കെടുത്ത വീട്ടിലേക്കു സാധനങ്ങള്‍ വാങ്ങാനായി ഇരുവരും കാറില്‍ പോകുമ്പോഴായിരുന്നു അപകടം. ബംഗളൂരുവില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനിയറായിരുന്നു ആല്‍ബിന്‍. നിനു രണ്ടു വര്‍ഷമായി ഓസ്‌ട്രേലിയയിലെ എഡ്വേഡ് സ്ട്രീറ്റിലെ കൂനാബറാബ്രന്‍ ഹെല്‍ത്ത് സര്‍വീസില്‍ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു.
https://www.facebook.com/Malayalivartha

























