ഇന്ത്യയുടെ തെറ്റായ ഭൂപടം പോസ്റ്റ് ചെയ്ത് വെട്ടിലായി ശശി തരൂർ; ട്വിറ്ററിൽ കൂട്ട ട്രോൾ

കോഴിക്കോട് ഡിസിസി ഇന്ന് സംഘടിപ്പിച്ച പ്രതിഷേധമാര്‍ച്ചിന്റെ അറിയിപ്പ് പോസ്റ്റിന്റെ പേരിലാണ് ശശി തരൂർ എം പി വെട്ടിലായിരിക്കുന്നത്. ഇന്ത്യയുടെ തെറ്റായ ഭൂപടം പോസ്റ്റ് ചെയ്തതാണ് ശശി തരൂരിനു വിനയായത്. പോസ്റ്റിനു പിന്നാലെ നിരവധി ട്രോളുകളും പരിഹാസങ്ങളും തരൂർ ഏറ്റുവാങ്ങി. ട്രോളുകളേയും വിമര്‍ശനങ്ങളേയും തുടര്‍ന്ന് ശശി തരൂര്‍ പോസ്റ്റ് പിന്‍വലിക്കുകയും പുതിയ പോസ്റ്റര്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. പാക് അധീന കാശ്മീര്‍ ഒഴിവാക്കിക്കൊണ്ടുള്ള ഇന്ത്യയുടെ ഭൂപടമാണ് തരൂര്‍ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. എന്നാല്‍ ഇത് വിമര്‍ശനത്തിന് ഇടയാക്കിയതോടെ പോസ്റ്റ് പിൻവലിക്കുകയായിരുന്നു. തുടർന്ന് പോസ്റ്റിന്റെ വിശദീകരണവുമായി തരൂർ രംഗത്തെത്തുകയും ചെയ്തു.താൻ രാജ്യത്തിന്റെ മേഖലകളല്ല, ജനങ്ങളെ ചിത്രീകരിക്കാനാണ് ശ്രമിച്ചതെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
പോസ്റ്റിനെതിരെ ബിജെപിയാണ് വിമര്‍ശനവുമായി ആദ്യം രംഗത്തെത്തിയത്. ജനവികാരം മാനിച്ച് മാപ്പ് പറയാന്‍ ശശി തരൂര്‍ തയ്യാറാവണമെന്ന് ബിജെപി ഔദ്യോഗിക വക്താവ് സമ്പിത് പാത്ര ട്വിറ്ററിൽ ആവശ്യപ്പെട്ടു. ഇതിനുപിന്നാലെ ബി ജെ പി ദേശീയ സെക്രട്ടറിയായ സുനിൽ ഡിയോഡറും വിമർശനവുമായെത്തി. ഭാരത് ബച്ചാവോ ആന്ദോളനുമായി ബന്ധപ്പെട്ട് ശശി തരൂര്‍ തിരക്കിലായിരുന്നുവെന്നാണ് ഒരാൾ പരിഹസിച്ചത്.ഇന്ത്യയിലെ ജനങ്ങള്‍ അറിയാതെ ഒരു മേഖല ശശി തരൂര്‍ പാകിസ്താന് കൈമാറിയോ എന്നായിരുന്നു ട്വിറ്ററിൽ വന്ന മറ്റൊരു കമ്മന്റ്. തരൂര്‍ പാകിസ്താനോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നുവെന്നും ചിലർ പരിഹസിച്ചു. ദേശീയവികാരത്തെയാണ് ശശി തരൂര്‍ അപമാനിക്കുന്നതെന്നും വിമർശനമുണ്ടായി.
https://www.facebook.com/Malayalivartha

























