കുപ്രസിദ്ധ മോഷ്ടാവ് പറക്കുംതളിക ബൈജു നടുറോഡില്‍ വച്ച് ബന്ധുവിനെ വെട്ടി; ബോംബെറിഞ്ഞ് നാട്ടുകാര്‍ക്കിടയില്‍ ഭീതി പടര്‍ത്തി!

ഉറിയാകോട് നെടിയവിളയില്‍ ഇന്നലെ രാവിലെ ഏഴരയോടെ കാറിലെത്തിയ കുപ്രസിദ്ധ മോഷ്ടാവ് പറക്കും തളിക ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം ബൈജുവിന്റെ സഹോദരിയുടെ മകന്‍ ലിജോ സൂരിയെ വെട്ടിവീഴ്ത്തി. നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും അവര്‍ക്കു നേരെ നാടന്‍ ബോംബെറിഞ്ഞ് സംഘം കടന്നുകളയുകയായിരുന്നു. എന്നാല്‍ പിന്നീട് പിടിയിലായതായി സൂചനയുണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
കാലിനും തലയ്ക്കും ഗുരുതര പരുക്കേറ്റ നെടിയവിള കടുക്കാമൂല ടി.എസ്.എല്‍.ഭവനില്‍ ലിജോസൂരി(അനു-28)യെ മെഡിക്കല്‍ കൊളജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രയയ്ക്ക് വിധേയനാക്കി. 2018 മെയ് മാസത്തില്‍ ബൈജുവിനെ ആക്രമിച്ചതിലുള്ള പ്രതികാരമായാണ് ഇന്നലത്തെ ആക്രമണമെന്ന് പൊലീസ് പറഞ്ഞു. അരശുംമൂട് ജങ്ങ്ഷനില്‍ നിന്ന് നെടിയവിളയിലേക്ക് വരുമ്പോഴാണ് ലിജോസൂരിക്ക് വെട്ടേറ്റത്. ബൈജുവും സംഘവും ലിജോ സഞ്ചരിച്ച ബൈക്ക് തടഞ്ഞ് ചവിട്ടി വീഴ്ത്തി കാലില്‍ വെട്ടുകയായിരുന്നു. തുടര്‍ന്ന്. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തലയ്ക്കടിച്ചു. അക്രമികളില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ച പരിസരവാസി ബിനുവിന് ഇടത് കൈക്ക് വെട്ടേറ്റു. ബിനുവിനെ ആദ്യം വെള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ആക്രമണം കണ്ട് റോഡിലുണ്ടായിരുന്ന നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ ഇവര്‍ക്കു നേരെ നാടന്‍ ബോംബെറിഞ്ഞ് സംഘം രക്ഷപ്പെട്ടു. പൊട്ടാതെ റോഡിലെ ഓടയില്‍ ഉണ്ടായിരുന്ന ബോംബ് പിന്നീട് നിര്‍വീര്യമാക്കി. അക്രമിസംഘം വന്നത് കഴക്കൂട്ടം സ്വദേശിനിയുടെ പേരിലുള്ള വാടക കാറിലായിരുന്നു. ഈ കാര്‍ ഉപേക്ഷിച്ച നിലയില്‍ വേളിക്ക് സമീപത്ത് നിന്ന് കണ്ടെത്തി. ഇവിടെ നിന്നും പിന്നീട് രണ്ടുപേരെ പൊലീസ് പിടികൂടിയെന്നാണ് വിവരം. തുമ്പ സ്വദേശിയാണ് പിടിയിലായ മറ്റൊരാള്‍. അക്രമി സംഘത്തില്‍ അഞ്ചു പേരുണ്ടായിരുന്നു.
നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവര്‍ട്ട് കീലര്‍, കാട്ടാക്കട ഇന്‍സ്‌പെക്ടര്‍ ഡി. ബിജുകുമാര്‍,വിളപ്പില്‍ശാല ഇന്‍സ്‌പെക്ടര്‍ ബി.എസ്.സജിമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
ബൈജു 2018-ല്‍ നെടിയവിളയില്‍ ആക്രമിക്കപ്പെട്ട അതേ സ്ഥലത്തായിരുന്നു ഇന്നലത്തെ പ്രത്യാക്രമണവും. അന്ന് ഓടി രക്ഷപ്പെട്ട ബൈജുവിനെ അരുവിയോട് റോഡില്‍ മൃതപ്രായനായി പിന്നീട് കണ്ടെത്തി. ബൈജുവിന് പരാതിയില്ലാത്തതിനാല്‍ അന്ന് കേസെടുത്തില്ല. പൊലീസാണ് ബൈജുവിനെ അന്ന് ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് ബൈജു ആശുപത്രിയില്‍ നിന്നു മുങ്ങി.
കുടുംബപ്രശ്‌നങ്ങളാണ് ബൈജുവും ലിജോയും തമ്മിലുള്ള വൈരാഗ്യത്തിന് കാരണമെന്നു പറയുന്നു. ബൈക്ക് മോഷണം, പിടിച്ച്പറി, അടിപിടി തുടങ്ങി ഒട്ടേറെ കേസുകള്‍ ബൈജുവിനെതിരെ വിവിധ സ്റ്റേഷനുകളിലുണ്ട്. ഗുരുവായൂരില്‍ നിന്ന് മോഷ്ടിച്ച ബൈക്കില്‍ നെടിയവിളയെത്തിയപ്പോഴാണ് അന്ന് ആക്രമിക്കപ്പെട്ടത്.
https://www.facebook.com/Malayalivartha