എറണാകുളത്ത് പ്ലൈവുഡ് കമ്പനിയുടെ പുകക്കുഴലില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി
ലോക്ഡൗണിനു ശേഷം തുറന്ന കിഴക്കമ്പലം, പട്ടിമറ്റം പിപി റോഡിലെ ജെജെ പ്ലൈവുഡ് കമ്പനിയുടെ പുകക്കുഴലിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെ കമ്പനിയിലെ പുകക്കുഴലിന്റെ ഒരു ഭാഗത്ത് ചോര്‍ച്ച വന്നതോടെയാണ് ചിമ്മിനിയുടെ ഭാഗം തുറന്നത്. ചാരം വാരുന്നതിനിടെ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ലോക്ഡൗണിനെ തുടര്‍ന്ന് രണ്ടു മാസത്തോളം കമ്പനി അടച്ചിട്ടിരിക്കുകയായിരുന്നു.
കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. 20-നും 50-നും ഇടയില്‍ പ്രായമുള്ള പുരുഷന്റെ മൃതദേഹമാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞു. ഒരു മാസത്തിനും രണ്ടു മാസത്തിനുമിടയില്‍ പഴക്കമുണ്ട്. ചുരുണ്ടു കിടന്ന നിലയിലുള്ള മൃതദേഹത്തിന്റെ പുറംഭാഗം കത്തിക്കരിഞ്ഞ നിലയിലും ഉള്‍ഭാഗം അഴുകിയ നിലയിലുമാണ്.
കമ്പനിയുടെ പ്രധാന ഷെഡില്‍ നിന്ന് അല്പം മാറിയാണ് ചിമ്മിനിയും പുകക്കുഴലും സ്ഥാപിച്ചിരിക്കുന്നത്. പുറമേനിന്നു കമ്പനിയുടെ ഉള്ളില്‍ കയറാതെ തന്നെ ഇവിടേക്കു പ്രവേശിക്കാം. ലോക്ഡൗണ്‍ കാലയളവില്‍ മൃതദേഹം ഇവിടെ കൊണ്ടു വന്നു തള്ളിയതാകാം എന്നാണ് പൊലീസ് കരുതുന്നത്.
റൂറല്‍ എസ്പി കെ.കാര്‍ത്തിക് സ്ഥലത്തെത്തി. പെരുമ്പാവൂര്‍ ഡിവൈഎസ്പി കെ.ബിജുമോന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം സംഭവം അന്വേഷിക്കും.
തൊഴിലാളികളെ പൊലീസ് ചോദ്യം ചെയ്തു. 85 അതിഥിത്തൊഴിലാളികള്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്ന് അനുമതിയില്ലാതെ ഒരാള്‍ പോലും പുറത്തു പോകരുതെന്ന് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. കമ്പനിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha