ഒരു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച കേസില്‍ യുവതിയും ഓട്ടോ ഡ്രൈവറും അറസ്റ്റില്‍
അടൂര്‍ മരുതിമൂട് പള്ളിക്കു സമീപം ഒരു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച കേസുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ മാതാവായ യുവതിയും ഓട്ടോറിക്ഷാ ഡ്രൈവറും അറസ്റ്റിലായി.
ഇക്കഴിഞ്ഞ 30-ാം തീയതി പുലര്‍ച്ചെയാണ് മരുതിമൂട് പള്ളിക്കു മുന്നില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കാണപ്പെട്ടത്. പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ ശിശുക്ഷേമ സമിതിക്കു കൈമാറിയിരുന്നു.
സിസിടിവി ക്യാമറയുടെ സഹായത്തോടെയാണ് ഏനാദിമംഗലം ഒഴുകുപാറ കിഴക്കേതില്‍ ലിജ (33), ഓട്ടോറിക്ഷാ ഡ്രൈവര്‍ മാരൂര്‍ കൊടിയില്‍ മംഗലത്ത് പുത്തന്‍വീട്ടില്‍ എ. അജയ് (32) എന്നിവരൊണ് കുട്ടിയെ ഉപേക്ഷിച്ചതെന്ന് കണ്ടെത്താന്‍ സാധിച്ചത്. തുടര്‍ന്ന് ഡിവൈഎസ്പി ബിനു, ഇന്‍സ്പെക്ടര്‍ യു. ബിജു, എസ്ഐ അനൂപ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലായത്.
അടൂര്‍ മുതല്‍ പത്തനാപുരം വരെയുള്ള വ്യാപാര സ്ഥാപനങ്ങളുടെയും വീടുകളുടെയും മുന്നിലുള്ള 45 സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അതില്‍ സംശയാസ്പദമായി കണ്ട വാഹനങ്ങള്‍ നിരീക്ഷിച്ചതില്‍ നിന്നാണ് മാരൂര്‍ ഭാഗത്തേക്ക് പോയ അജയ്യുടെ ഓട്ടോറിക്ഷയിലേക്ക് അന്വേഷണം എത്തിയത്.
അപ്പോഴേക്കും അജയ് സ്ഥലത്തു നിന്ന് മുങ്ങിയിരുന്നു. പിന്നീട് ഇയാളുമായി ബന്ധമുള്ള സ്ത്രീകളുടെ വിവരങ്ങള്‍ ശേഖരിച്ചപ്പോഴാണ് ലിജയിലേക്ക് അന്വേഷണം തിരിഞ്ഞത്.
ഭാര്യയുമായി പിണങ്ങി കഴിയുന്ന അജയും ഭര്‍ത്താവുമായി പിണങ്ങി നില്ക്കുന്ന ലിജയും തമ്മില്‍ കുറച്ചു നാളായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവരെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞ് ഇവരുടേതാണെന്നു സമ്മതിച്ചത്.
ഓട്ടോറിക്ഷയിലെത്തിയാണ് പള്ളിക്കു മുന്പില് ഉപേക്ഷിച്ചതെന്നും വീട്ടില്‍ വച്ചാണ് പ്രസവിച്ചതെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. ഇതിനിടയില്‍ ഓട്ടോറിക്ഷ ഡ്രൈവറെ പുതുവലില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തിരുന്നു.
https://www.facebook.com/Malayalivartha