നിന്നേം കൊല്ലും, മോളേം കൊല്ലും, ഞാനും ചാവും’; മെറിനെ കുത്തി വീഴ്ത്തിയ ഫിലിപ്പിന്റെ വധ ഭീഷണി വെറുതെയായിരുന്നില്ല; വെളിപ്പെടുത്തലുമായി മെറിന്റെ സഹപ്രവർത്തക

കുടുംബ വഴക്കുകൾക്ക് പിന്നാലെ മെറിനെ ഭർത്താവ് നെവിൻ എന്ന ഫിലിപ്പ് കുത്തി വീഴ്ത്തി എന്നത് സുഹൃത്തുക്കൾക്കിടയിൽ പോലും ഇപ്പോഴും വിശ്വസനീയമായ ഒന്നല്ല. ദമ്പതിമാർക്കിടയിലുണ്ടാകുന്ന സാധാരണ പ്രശ്നങ്ങളായിരുന്നു ഇരുവർക്കുമിടയിൽ ഉണ്ടായിരുന്നതെന്നാണ് ഫിലിപ്പിന്റെ സുഹൃത്തുക്കൾ പറഞ്ഞിരുന്നത്. മെറിൻ അല്പം വാശിക്കാരിയും ഫിലിപ്പ് ദേഷ്യക്കാരനുമായിരുന്നുവെന്നും ഇത് ചെറിയ പ്രശ്നങ്ങൾ പോലും വലുതാകാൻ കാരണമായിയെന്നുമാണ് സുഹൃത്തുക്കൾ വ്യകതമാക്കുന്നത്.
എന്നാൽ ഇപ്പോൾ മെറിന്റെ സഹപ്രവർത്തകയായ മിനിമോൾ ചൊറിയമ്മാക്കൽ നടത്തിയ വെളിപ്പെടുത്തൽ കേസിനെ കൂടുതൽ ബലപ്പെടുത്തിയിരിക്കുകയാണ്. ‘നിന്നേം കൊല്ലും, മോളേം കൊല്ലും, ഞാനും ചാവും’–എന്ന് മെറിനെ നെവിൻ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നാണ് മിനിമോൾ ചൊറിയമ്മാക്കൽ പറയുന്നത്.
ജനുവരിയിൽ നാട്ടിൽ നിന്നു മടങ്ങിയ ശേഷം മെറിൻ യുഎസിൽ താമസിച്ചിരുന്നത് മിനിമോളുടെ വീട്ടിലായിരുന്നു. ബ്രൊവാഡ് ഹെൽത്ത് ഹോസ്പിറ്റലിലെ നഴ്സാണ് തൊടുപുഴ കോടിക്കുളം സ്വദേശിയായ മിനിമോളും. കോവിഡ് കാലം മുതൽ മിനി മോൾ മെറിനൊപ്പം തന്നെയായിരുന്നു ജോലി നോക്കിയിരുന്നതും.
കഴിഞ്ഞ ഡിസംബറിൽ നാട്ടിൽ വച്ച് ഭർത്താവ് ശാരീരികമായി ഉപദ്രവിച്ച കാര്യമൊക്കെ മെറിൻ നേരത്തേ തന്നെ മിനിമോളോടു പറഞ്ഞിരുന്നു. ഇതുമൂലം യുഎസിൽ എത്തിയാൽ തന്നെ കൂടെ താമസിക്കാൻ അനുവദിക്കണമെന്നും മെറിൻ മിനി മോളോട് പറഞ്ഞിരുന്നു. വളരെ നന്നായി ജോലി നോക്കുന്ന, നല്ല സ്വഭാവവുമുള്ള മെറിനെ കൂടെ താമസിപ്പിക്കാൻ തന്റെ വീട്ടുകാർക്കും സമ്മതമായിരുന്നു. ഭീഷണികൾ ഉണ്ടായിരുന്നെങ്കിലും ഇങ്ങനെ ഒരു ക്രൂരതയുണ്ടാകുമെന്നു കരുതിയില്ലെന്നും മിനിമോൾ പറയുന്നു.
2016 ജൂലായ് 30-നാണ് ഫിലിപ്പും മെറിനും വിവാഹിതരാകുന്നത്. പ്ലസ്ടു പഠനം നാട്ടിൽ പൂർത്തിയാക്കിയതിന് പിന്നാലെയാണ് ഫിലിപ്പ് അമേരിക്കയിലെ മാതാപിതാക്കളുടെ അടുത്തേക്ക് പോയത്. പിന്നീട് അവിടെ പഠനവും ജോലിയും തുടർന്നു. വൈവാഹിക വെബ്സൈറ്റിലൂടെയാണ് നഴ്സായ മെറിന്റെ വിവാഹാലോചന വരുന്നത്. വീട്ടുകാരെല്ലാം ചേർന്ന് വിവാഹവും നടത്തി. പിന്നാലെ മെറിനുമായി ഫിലിപ്പ് അമേരിക്കയിലേക്ക് പോയി.
എന്നാൽ ദമ്പതിമാർക്കിടയിലുണ്ടാകുന്ന സാധാരണ പ്രശ്നങ്ങൾ ഇവർക്കിടയിലുമുണ്ടായിരുന്നെങ്കിലും കഴിഞ്ഞ തവണ ഇരുവരും നാട്ടിലെത്തിയപ്പോൾ വീണ്ടും പ്രശ്നങ്ങൾ വഷളാകാൻ തുടങ്ങി. തുടർന്ന് മെറിൻ പോലീസിൽ പരാതി നൽകി. വിവാഹമോചനത്തിനുള്ള നീക്കങ്ങളും ആരംഭിച്ചു. ഇതിനു പിന്നാലെ ഫിലിപ്പിൽനിന്ന് രക്ഷപ്പെടാനായി കോറൽസ്പ്രിങ്സിൽനിന്ന് താംബയിലേക്ക് മാറാൻ മെറിൻ തീരുമാനിച്ചിരുന്നു. അതിനാൽ തിങ്കളാഴ്ച, ആശുപത്രിയിലെ അവസാനദിവസമായിരുന്നു. ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 7.30 ഓടെയാണ് കോറൽസ്പ്രിങ്സ് ബ്രോവാർഡ് ആശുപത്രിയിലെ നഴ്സായ മെറിൻ ജോയ് ആശുപത്രിയിൽനിന്ന് ഷിഫ്റ്റ് കഴിഞ്ഞ് പുറത്തിറങ്ങിയത്.
എന്നാൽ മെറിനെ ഭർത്താവ് ഫിലിപ്പ് മാത്യൂ പാർക്കിങ് ഏരിയയിൽവെച്ച് കുത്തിവീഴ്ത്തി. 17 തവണയാണ് കത്തി കൊണ്ട് കുത്തിയത്. പിന്നാലെ നിലത്തുവീണ മെറിന്റെ ശരീരത്തിലൂടെ കാർ ഓടിച്ചുകയറ്റി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ മെറിനെ സമീപത്തെ മറ്റൊരു ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഫിലിപ്പിന്റെ കാറിന്റെ നമ്പർ ആശുപത്രിയിലെ സുരക്ഷാജീവനക്കാരൻ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഫിലിപ്പ് പിടിയിലായത്. ഹോട്ടലിൽ മുറിയെടുത്ത് പെട്രോളൊഴിച്ചും കത്തി കൊണ്ട് മുറിവേൽപ്പിച്ചും ജീവനൊടുക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്. ഇയാൾക്കെതിരേ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























