ആ സ്വപ്നവും പൊളിഞ്ഞു... സ്വര്‍ണക്കടത്ത് സംഘത്തിനെ മയക്ക് മരുന്ന് ലോബി സഹായിച്ചെന്ന സംശയം സാധൂകരിക്കുന്നു; സ്വപ്ന സുരേഷിനും സന്ദീപിനും ബംഗളൂരുവില്‍ ഒളിത്താവളമൊരുക്കിയത് പിടിയിലായ അനൂപ് മുഹമ്മദെന്ന് കണ്ടെത്തല്‍; അന്വേഷണം പുരോഗമിക്കുമ്പോള്‍ അമ്പരപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്

സ്വര്‍ണക്കടത്ത് സംഘത്തിന് മയക്ക് മരുന്ന് ലോബിയുമായി അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ തന്നെ അന്വേഷണ സംഘത്തിന് സംശയമുണ്ടായിരുന്നു. ഇത് ബലപ്പെടുന്ന തെളിവുകളാണ് അന്വേഷണ സംഘത്തിന് കിട്ടിക്കൊണ്ടിരിക്കുന്നത്. യു.എ.ഇ കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നക്കും സന്ദീപിനും ബംഗളൂരുവില്‍ ഒളിത്താവളമൊരുക്കിയത് ബംഗളൂരു മയക്കുമരുന്ന് കേസില്‍ പിടിയിലായ അനൂപ് മുഹമ്മദാണെന്ന സംശയം ശക്തമാണ്. സ്വര്‍ണക്കടത്ത് സംബന്ധിച്ച വിവരങ്ങള്‍ കസ്റ്റംസിന് ചോര്‍ത്തി നല്‍കിയതിന് പിന്നിലും മയക്കുമരുന്ന് സംഘം തന്നെയാണെന്ന സൂചനയാണ് ലഭിക്കുന്നത്.
തിരുവനന്തപുരം വിമാനത്താവളത്തിലൂടെയുള്ള സ്വര്‍ണക്കടത്ത് പിടികൂടിയതിനുശേഷം പ്രതികളായ സ്വപ്ന സുരേഷിനും സന്ദീപ് നായര്‍ക്കും ബംഗളൂരുവില്‍ ഒളിവില്‍ താമസിക്കാന്‍ അനൂപാണ് ഹോട്ടലില്‍ മുറി എടുത്തുനല്‍കിയതെന്നും ഇത് സ്വര്‍ണക്കടത്തിലെ ആസൂത്രകന്‍ കെ.ടി. റമീസിന്റെ നിര്‍ദേശാനുസരണമാണെന്നുമാണ് സൂചന.
റമീസിന് അനൂപുമായി അടുത്ത ബന്ധമുണ്ടെന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചതായാണ് അന്വേഷണസംഘങ്ങള്‍ പറയുന്നത്. ബംഗളൂരു കോറമംഗല ഒക്ടോവ് ഹോട്ടലില്‍നിന്നാണ് എന്‍.െഎ.എ സ്വപ്‌നയെയും സന്ദീപിനെയും പിടികൂടിയത്. ബംഗളൂരുവില്‍നിന്ന് ഇവരെ അനൂപിന്റെ സഹായത്തോടെ നാഗാലാന്‍ഡിലേക്ക് കടത്താനായിരുന്നു പദ്ധതിയെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
കേസില്‍ പിടിയിലായ അനൂപിന്റെ ഫോണിലെ കോണ്‍ടാക്ട് ലിസ്റ്റ് പരിശോധിച്ചതില്‍നിന്നാണ് റമീസുമായുള്ള ബന്ധങ്ങള്‍ സംബന്ധിച്ച് സൂചനകള്‍ ലഭിച്ചത്. കോണ്‍ടാക്ട് ലിസ്റ്റില്‍ കെ.ടി. റമീസിന്റെ നമ്ബര്‍ 'മോളി'യെന്ന പേരിലാണ് രേഖപ്പെടുത്തിയിരുന്നത്. ഇതാണ് സ്വര്‍ണക്കടത്തും മയക്കുമരുന്ന് കച്ചവടവും തമ്മിലുള്ള ബന്ധത്തിലെ സംശയം വര്‍ധിപ്പിച്ചിട്ടുള്ളത്. ഇതോടെ മോളി എന്ന വില്ലത്തി കളം നിറയുകയാണ്.
ലോക്ഡൗണ്‍ കാലത്ത് യു.എ.ഇ കോണ്‍സുലേറ്റ് വഴി സ്വര്‍ണം കടത്താന്‍ അവസരമൊരുങ്ങിയതോടെ ദുബൈയില്‍നിന്ന് സ്വര്‍ണം വാങ്ങാനുള്ള പണത്തിനായി റമീസ് ബംഗളൂരുവിലെ മയക്കുമരുന്ന് സംഘത്തിന്റെ സഹായം തേടിയിരുന്നതായുള്ള മൊഴി നേരത്തേതന്നെ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. യു.എ.ഇ കോണ്‍സുലേറ്റിന്റെ പേരിലെത്തിയ പാര്‍സലുമായി ഒരു വാഹനം ബംഗളൂരുവിലേക്ക് പോയെന്ന് നേരത്തേ കസ്റ്റംസ് കണ്ടെത്തിയിരുന്നു.
മാത്രമല്ല സ്വര്‍ണക്കടത്തിന് സാമ്പത്തിക നിക്ഷേപത്തിനായി നിരവധി പേരില്‍ നിന്ന് പണം സ്വരൂപിച്ച പെരിന്തല്‍മണ്ണ സ്വദേശി കെ.ടി. റെമീസിന്റെ മൊബൈല്‍ നമ്പര്‍ അനൂപിന്റെ ഫോണിലുണ്ടായിരുന്നു. ലഹരി കടത്തിന് റെമീസ് സാമ്പത്തിക നിക്ഷേപം നടത്തിയിരുന്നോയെന്ന് കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും അന്വേഷണം തുടങ്ങി.
അതേസമയം മയക്ക് മരുന്ന് കേസില്‍ സഞ്ജന ഗില്‍റാണി അറസ്റ്റിലായേക്കുമെന്നും സൂചനയുണ്ട്. സഞ്ജന ഗല്‍റാണിയെ ബംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ഇന്നലെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യം ചെയ്തു. ഇവരെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന.കഴിഞ്ഞ ദിവസം അറസ്റ്റിലായ വ്യവസായി രാഹുല്‍ ഷെട്ടിയുമായി അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമായതിന് പിന്നാലെയാണ് സഞ്ജനയെ ചോദ്യം ചെയ്തത്. അതേസമയം, അറസ്റ്റിലായ നടി രാഗിണി ദ്വിവേദിയെ ഇന്നലെ വീണ്ടും ചോദ്യം ചെയ്തു. അന്വേഷണം കൂടുതല്‍ പ്രമുഖരിലേക്ക് നീളുകയാണെന്നാണ് സൂചന. രാഗിണി, സുഹൃത്തും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ രവിശങ്കര്‍, ലഹരി ഇടനിലക്കാരനായ ശിവപ്രകാശ്, വ്യവസായി രാഹുല്‍ ഷെട്ടി, നിശാപാര്‍ട്ടികളുടെ സംഘാടകനായ വിരേന്‍ ഖന്ന തുടങ്ങി 11 പേര്‍ക്കെതിരെ കോട്ടണ്‍പേട്ട് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. അതേസമയം ബംഗളൂരു നഗരത്തില്‍ 40 ലക്ഷം രൂപയുടെ ലഹരിമരുന്നുമായി മലയാളികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയിലാകുകയും ചെയ്തു. അന്വേഷണം കടുക്കുന്നതോടെ സ്വര്‍ണക്കടത്തിലെ മയക്കുമരുന്ന് ബന്ധം കൂടുതല്‍ പുറത്താകുന്നതാണ്.
"
https://www.facebook.com/Malayalivartha





















