ഏത് ദൈവമാണ് അങ്ങനെ പറഞ്ഞത്? കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കേരളത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി ഹർഷ വർദ്ധൻ

കേരളത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര മന്ത്രി ഹർഷ വർദ്ധൻ. കോവിഡുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പ്രസ്താവനയിലാണ് കേരളത്തെയും അദ്ദേഹം വിമർശിച്ചത്. വലിയ ആൾക്കൂട്ടമുണ്ടാക്കണമെന്ന് ഒരു ദൈവവും പറഞ്ഞിട്ടില്ലെന്നും ഉത്സവസീസണിൽ കോവിഡ് കേസുകൾ വർധിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷവർധൻ പറയുകയായിരുന്നു. കേരളത്തിൽ ഓണാഘോഷത്തിനുശേഷം കോവിഡ് വ്യാപനം വർധിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള സൺഡേ സംവാദ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തണുപ്പുകാലത്ത് കോവിഡ് കേസുകൾ ഇനിയും കൂടാനുള്ള സാധ്യത തള്ളാനാവില്ലെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
ഉത്സവാഘോഷങ്ങളിൽ ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മന്ത്രി കേരളത്തിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയത്. "കഴിഞ്ഞയാഴ്ച കേരളത്തിൽ കോവിഡ് കേസുകൾ വൻതോതിൽ വർധിച്ചു. സംസ്ഥാനത്ത് ഇപ്പോൾ ചികിത്സയിലുള്ള കോവിഡ് രോഗികളിൽ 60 ശതമാനവും ഒരാഴ്ചയ്ക്കിടെയുണ്ടായതാണ്. ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ രണ്ടുവരെ നടന്ന ഓണാഘോഷം കോവിഡ് കേസുകളിലെ വൻ വർധനയ്ക്ക് ഇടയാക്കിയെന്നാണ് എസ്.ബി.ഐ. നടത്തിയ പഠനത്തിന്റെ റിപ്പോർട്ട്" -മന്ത്രി പറഞ്ഞു. ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളിലും ഓഗസ്റ്റിലെ ഉത്സവാഘോഷങ്ങൾക്കുശേഷം 50 മുതൽ 60 ശതമാനംവരെ കേസുകൾ വർധിച്ചെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ശ്വാസകോശ രോഗങ്ങൾ തണുപ്പുകാലത്ത് വർധിക്കാറുണ്ട്. കൊറോണയും ശ്വാസകോശത്തെ ബാധിക്കുന്ന വൈറസായതിനാൽ തണുപ്പുകാലത്ത് രോഗവ്യാപനം കൂടിയേക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
നേരത്തെ 2021 ഓടെ രാജ്യത്തെ 25 കോടിയോളം ആളുകൾക്ക് കോവിഡ് വാക്സിൻ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ പറഞ്ഞു . 40 മുതൽ 50 കോടിയോളം വാക്സിനാണ് സർക്കാർ വാങ്ങി വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നും 2021 ജൂലൈയോടെ 20 മുതൽ 25 കോടിയോളം ആളുകൾക്ക് വാക്സിൻ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സമൂഹ മാധ്യമങ്ങൾ വഴി നടത്തുന്ന സൺഡെ സംവാദ് എന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാക്സിൻ ലഭ്യമാക്കുന്നതിനായി നീതി ആയോഗ് അംഗം വി കെ പോളിന്റെ അധ്യക്ഷതയിൽ ഉന്നതതല സമിതി നടപടികൾക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. കേന്ദ്ര സർക്കാർ വാക്സിൻ സംഭരിക്കുകയും കൂടുതൽ അത്യാവശ്യക്കാർക്ക് ലഭ്യമാകുന്നുണ്ട് എന്ന് ഉറപ്പാക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് ബാധ മാരകമാകാൻ സാധ്യതയുള്ള ഹൈ റിസ്ക് വിഭാഗം ആളുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ. ഇതിന് സംസ്ഥാനങ്ങളുടെ സഹായം ആവശ്യമാണ്. ഇതിനായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ പട്ടിക ഒക്ടോബർ അവസാനത്തോടെ കൈമാറാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇവർക്കാകും വാക്സിൻ ആദ്യ ഘട്ടത്തിൽ നൽകുക.
ഇന്ത്യയിലെത്തുന്ന വാക്സിന്റ ഓരോ ഡോസും കൃത്യമായി അർഹതപ്പെട്ടവരിൽ എത്തുന്നുവെന്നും അവ കരിഞ്ചന്തയിൽ എത്തുന്നില്ലെന്നും ഉറപ്പാക്കാൻ കൃത്യമായ നിരീക്ഷണം നടത്തും. മുൻകൂട്ടി തീരുമാനിച്ച രീതിയിൽ തന്നെ മുൻഗണനാടിസ്ഥാനത്തിൽ വാക്സിൻ വിതരണം ചെയ്യും. ഇക്കാര്യത്തിൽ വിശദാംശങ്ങൾ വരുംമാസങ്ങളിൽ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് കോവിഡിനെ പ്രതിരോധിക്കാൻ രാജ്യം സജ്ജമാണെന്നും എന്നാൽ കോവിഡ് മഹാമാരിയെ നിസ്സാരമായി കാണരുതെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ പറഞ്ഞിരുന്നു. .
ലോകത്തെ മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് കോവിഡിനെ പ്രതിരോധിക്കാൻ നമ്മുടെ രാജ്യം സുസജ്ജമാണ്. എന്നാൽ കോവിഡ് മഹാമാഹിയെ നിസ്സാരമായി കാണരുത്' എന്ന് അദ്ദേഹം ആവർത്തിച്ച് പറഞ്ഞിരുന്നു. വീഡിയോ കോൺഫറൻസിങ്ങിലൂടെ അതാത് പ്രദേശത്തെ ജനങ്ങളെ രോഗത്തെക്കുറിച്ച് ബോധവാൻമാരാക്കാനും കോവിഡ് വ്യാപനം തടയാൻ സർക്കാർ മാർഗനിർദേശങ്ങൾ അനുസരിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കാനും നേതാക്കളോട് മന്ത്രി നിർദേശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എല്ലാവരും ഐക്യത്തോടെ പ്രവർത്തിച്ചാൽ കോവിഡിനെതിരേയുള്ള പോരാട്ടം വിജയിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹo പറഞ്ഞിരുന്നു
"https://www.facebook.com/Malayalivartha


























