കാണ്ടാമൃഗം പോലും തോറ്റു പോകും നിങ്ങളുടെ മുന്നിൽ : ഈ ക്രൂശീകരണം കേരളം കണ്ട ഏറ്റവും വലിയ നീചത:സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ഉമ്മൻ ചാണ്ടി

എം.എൽ.എ. പി.ടി. തോമസിനെതിരെ അതിരൂക്ഷമായ ആരോപണം നടത്തുന്ന സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് മുൻ മുഖ്യമന്ത്രി ഉമ്മ ൻചാണ്ടി. കക്ഷിരാഷ്ട്രീയത്തിന് അതീതമായി സഹായിക്കാൻ സന്നദ്ധനായ പി.ടി. തോമസ് എം.എൽ.എ.യെ ക്രൂശിക്കാൻ നടത്തുന്നത് വ്യാജ പ്രചാരണമാണെന്നും അത് കാണ്ടാമൃഗത്തെപ്പോലും ലജ്ജിപ്പിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. 40 വർഷമായി മൂന്ന് സെന്റ് കുടികിടപ്പു സ്ഥലം വിൽക്കാനാകാതെ ജീവിത പ്രതിസന്ധിയിലായ സി.പി.എം. പ്രവർത്തകൻ പരേതനായ ദിനേശന്റെ കുടുംബത്തെ സഹായിക്കാനാണ് പി.ടി. തോമസ് സന്നദ്ധനായത്. കുടുംബത്തിന്റെ കമ്യൂണിസ്റ്റ് പാരമ്പര്യംപോലും കണക്കിലെടുക്കാതെ നിസ്വാർത്ഥമായി ഇടപെടുകയും പലരും ഇടപെട്ടിട്ടും നീണ്ടുപോയ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുകയും ചെയ്ത പി.ടി. തോമസിനെ മുഖ്യമന്ത്രിയും സി.പി.എമ്മും അഭിനന്ദിക്കുകയാണ് ചെയ്യേണ്ടത്. രാഷ്ട്രീയ അന്ധത ബാധിച്ച് പി.ടി. തോമസിനെ കുടുക്കാൻ ശ്രമിച്ചവർ പാവപ്പെട്ട കമ്യൂണിസ്റ്റ് കുടുംബത്തെ വഴിയാധാരമാക്കി. കേരളം കണ്ട ഏറ്റവും നീചമായ പ്രവൃത്തിയായിരുന്നു അത്.
എം.എൽ.എ.യുടെ സാന്നിധ്യം സംശയകരമെന്നു പറഞ്ഞ മുഖ്യമന്ത്രി സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുടെ സാന്നിധ്യം അറിയാതെ പോയതാണോ അതോ മറച്ചുവച്ചതാണോ എന്നും ഉമ്മൻ ചാണ്ടി ചോദിച്ചു. കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലെ സുപ്രധാന സംഭവമായ ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമിച്ച കേസിലെ പ്രതിയായിരുന്നു ദിനേശൻ. അദ്ദേഹം നീതിക്കുവേണ്ടി മുട്ടാത്ത വാതിലുകളില്ല. പിണറായി വിജയൻ വരെയുള്ള കമ്യൂണിസ്റ്റ് സർക്കാരുകൾ ദിനേശന്റ നിലവിളി കേട്ടില്ല. അദ്ദേഹത്തിന്റെ കുടുംബം വലിയ ബുദ്ധിമുട്ട് നേരിടുന്നതു കണ്ടിട്ടാണ് അവരുടെ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിൽ എം.എൽ.എ വിഷയത്തിൽ ഇടപെട്ടത്.
ദിനേശന്റെ കുടുംബത്തിന് നീതി ലഭിക്കുന്നതിനുവേണ്ടിയുള്ള പിടി തോമസിന്റെ ശ്രമങ്ങൾ മാതൃകാപരമാണ്. ജനപ്രതിനിധികളും ഭരണാധികാരികളും ദന്തഗോപുരത്തിൽ കഴിയേണ്ടവർ അല്ലെന്നും അവർ ജനങ്ങളോടൊപ്പം നില്ക്കുകയും നീതിക്കുവേണ്ടി പോരാടുകയും ചെയ്യേണ്ടവർ ആണെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി...
.... അതെ സമയം കള്ളപ്പണ ഇടപാടിൽ മധ്യസ്ഥം വഹിച്ച പി.ടി. തോമസ് എം.എൽ.എ. രാജിവെക്കണമെന്ന് സി.പി.എം നേരത്തെ ആവശ്യപ്പെട്ടിരുന്നു . സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്നും എം.എൽ.എ. രാജിവെക്കാത്ത പക്ഷം സി.പി.എം. പ്രത്യക്ഷ സമരത്തിലേക്ക് കടക്കുമെന്നും പറഞ്ഞിരുന്നു.
ഇടപ്പള്ളി അഞ്ചുമനയിൽ നാല് സെന്റ് സ്ഥലം വിൽക്കുന്നതുമായി ബന്ധപ്പെട്ട ഇടപാടിനാണ് പി.ടി. തോമസ് എം.എൽ.എ. മധ്യസ്ഥം വഹിച്ചത്. ഇവിടേക്ക് ആദായനികുതി ഉദ്യോഗസ്ഥർ എത്തുകയും ഭൂമി വില്പനക്കായി കൈമാറാൻ ശ്രമിച്ച 50 ലക്ഷം രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഉദ്യോഗസ്ഥരെ കണ്ട പി.ടി. തോമസ് സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നെന്നും ഇടപാടിൽ എം.എൽ.എയ്ക്ക് പങ്കുണ്ടെന്നുമാണ് സി.പി.എം. ആരോപിക്കുന്നത്.
ഒരു കോടി മൂന്ന് ലക്ഷം രൂപക്കാണ് ഇടപാട് ഉറപ്പിച്ചിരുന്നത്. എന്നാൽഎം.എൽ.എ. ഇടപെട്ട് ഇത് 80 ലക്ഷമാക്കുകയായിരുന്നു. എന്നാൽ ഈ ഇതിലൂടെ എട്ട് ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടം സംസ്ഥാന രജിസ്ട്രേഷൻ വകുപ്പിന് ഉണ്ടാകുമെന്ന് അറിയാമായിരുന്നിട്ടും എം.എൽ.എ. ഇടപാടിന് കൂട്ട് നിൽക്കുകയായിരുന്നു. കരാറിൽ പണം ബാങ്ക് അക്കൗണ്ടിലേക്ക് ഇടാമെന്നാണ്. എന്നാൽ സ്ഥലം ഉടമകൾ പണം ബാങ്ക് ഇടപാടിലൂടെ മതിയെന്ന് ആവശ്യപ്പെട്ടിട്ടും പണം നേരിട്ട് കൈമാറ്റം നടത്താമെന്ന് ഒക്ടോബർ രണ്ടിന് എം.എൽ.എയാണ് നിർദേശിച്ചതെന്നും സി.പി.എം. ആരോപിക്കുന്നു.
" f
https://www.facebook.com/Malayalivartha


























