മുഖ്യമന്ത്രിയിലേക്ക് കൂടുതല്‍ അധികാരം കേന്ദ്രീകരിക്കാനുള്ള റൂള്‍സ് ഓഫ് ബിസിനസ് ചട്ട ഭേദഗതി തയ്യാറാക്കിയത് എം. ശിവശങ്കര്‍ ഉള്‍പ്പെട്ട ഉന്നതതല സമിതി

മുഖ്യമന്ത്രിയിലേക്ക് കൂടുതല്‍ അധികാരം കേന്ദ്രീകരിക്കാനുള്ള റൂള്‍സ് ഓഫ് ബിസിനസ് ചട്ട ഭേദഗതി തയ്യാറാക്കിയത് എം. ശിവശങ്കര്‍ ഉള്‍പ്പെട്ട ഉന്നതതല സമിതി. 2018-ലാണ് ഇതുസംബന്ധിച്ച സമിതിയെ നിയോഗിച്ചത്. അന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ ചീഫ് സെക്രട്ടറി, നിയമം, ധനം, പൊതുഭരണ വകുപ്പ് സെക്രട്ടറിമാര്‍ എന്നിവരായിരുന്നു സമിതിയിലെ മറ്റംഗങ്ങള്‍.
ശിവശങ്കര്‍ ഉള്‍പ്പെടെ ഭരണം നിയന്ത്രിക്കുന്ന പല മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും താത്പര്യമുള്ള പല പദ്ധതികള്‍ക്കും അനുമതി ലഭിക്കാന്‍ മന്ത്രിമാരില്‍ നിന്ന് തടസ്സം നേരിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ഭരണം മുഖ്യമന്ത്രിയുടെ ഓഫീസില്‍ത്തന്നെ കേന്ദ്രീകരിക്കാന്‍ ശ്രമം തുടങ്ങിയത്. ധനം, നിയമം വകുപ്പുകളുടെ അധികാരം കൂടി കവരുന്ന നിര്‍ദേശങ്ങളുണ്ടായിട്ടും ആ വകുപ്പുകളുടെ സെക്രട്ടറിമാര്‍ ബന്ധപ്പെട്ട മന്ത്രിമാരെ അവ അറിയിച്ചിരുന്നില്ലെന്നാണു വിവരം. സെക്രട്ടറിമാര്‍ക്ക് മന്ത്രിമാരുടേതിനു തുല്യമായ അധികാരവും ചീഫ് സെക്രട്ടറിക്ക് അതിനു മേലെ പ്രാമാണിത്വവും നല്‍കുന്ന ഭേദഗതി നിര്‍ദേശങ്ങളോടാണ് കടുത്ത എതിര്‍പ്പ്. മന്ത്രിസഭാ യോഗത്തിന്റെ മേലെയും മുഖ്യമന്ത്രിക്ക് അധികാരം കല്പിക്കുന്ന നിര്‍ദേശം ജനാധിപത്യ ഭരണസംവിധാനത്തിന്റെ അടിസ്ഥാനശിലയെ ഇളക്കുന്നതാണെന്ന വിമര്‍ശനം ഘടകകക്ഷി മന്ത്രിമാര്‍ ചൂണ്ടിക്കാട്ടുന്നു.
മന്ത്രിസഭയ്ക്ക് ക്വാറം നിശ്ചയിച്ചതും മുഖ്യമന്ത്രിയുടെ അഭാവത്തില്‍ മന്ത്രിസഭാ യോഗം ചേരേണ്ടിവന്നാല്‍ എടുക്കുന്ന തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെയേ നടപ്പാക്കാവൂ എന്ന നിര്‍ദേശവും ഇക്കൂട്ടത്തില്‍പ്പെടുന്നു.
"
https://www.facebook.com/Malayalivartha


























