സ്വപ്ന വെറും സ്വപ്നമല്ല... ദേ ജാമ്യം കിട്ടിപ്പോയെന്ന് കരുതി എന്‍ഐഎ കോടതിയിലെത്തിയ സ്വപ്ന സുരേഷിന് പ്രതീക്ഷകള്‍ പാളുന്നു; കേസ് ഡയറിയില്‍ തൃപ്തി രേഖപ്പെടുത്തി കോടതി; ഭീകര ബന്ധം സ്ഥാപിക്കാവുന്ന ശക്തമായ തെളിവ്; സ്വര്‍ണക്കടത്ത് തുടരാന്‍ പ്രതികള്‍ തീരുമാനിച്ചിരുന്നു

സ്വപ്ന സുരേഷും കൂട്ടരും വളരെ പ്രതീക്ഷയോടെയാണ് ഇന്നലെ എന്‍ഐഎ കോടതിയിലെത്തിയത്. ഭീകരബന്ധം തെളിയിക്കാന്‍ പറ്റുന്ന യുഎപിഎ നിലനില്‍ക്കില്ല എന്നാണ് സ്വപ്ന വാദിച്ചത്. കഴിഞ്ഞ തവണ കോടതിയും യുഎപിഎ നിലനില്‍ക്കുമോ എന്ന് സംശയം പ്രകടിപ്പിച്ചിരുന്നു. വെറുതേ പറഞ്ഞിട്ട് കാര്യമില്ല തെളിവ് വേണമെന്ന് കോടതി എന്‍ഐഎയോട് കര്‍ശന നിര്‍ദേശം നല്‍കിയതോടെ സ്വപ്ന ചിലത് പ്രതീക്ഷിക്കുകയും ചെയ്തു. കസ്റ്റംസിന്റെ ജാമ്യം ലഭിച്ചതോടെ ഈ കേസിലും ജാമ്യം ലഭിക്കുമെന്നാണ് വിചാരിച്ചത്. എന്നാല്‍ കസ്റ്റംസ് കോപസോ ചുമത്തി ഒരു വര്‍ഷം കരുതല്‍ തടങ്കലില്‍ വാങ്ങിയതോടെ ആ പ്രതീക്ഷ തെറ്റി.
അതേസമയം എന്‍ഐഎ സമര്‍പ്പിച്ച കേസ് ഡയറി കണ്ട് കോടതി ഞെട്ടി. സ്വപ്നയും കൂട്ടരും ചെറിയ പുള്ളിയല്ലെന്ന് വ്യക്തമായി. മാത്രമല്ല തീവ്രവാദത്തിന്റെ തെളിവുകള്‍ ഹാജരാക്കുകയും ചെയ്തു. നയതന്ത്ര ബാഗിന്റെ മറവിലുള്ള സ്വര്‍ണക്കടത്ത് സ്ഥിരമാക്കാന്‍ പ്രതികള്‍ തീരുമാനമെടുത്തിരുന്നെന്നാണ് എന്‍ഐഎ കണ്ടെത്തിയത്. കേസിലെ ഒന്നാം പ്രതി പി.എസ്. സരിത്തിന്റെ മൊബൈല്‍ ഫോണ്‍ പരിശോധനയില്‍ നിന്നാണ് ഇതിനുള്ള തെളിവുകള്‍ ലഭിച്ചതെന്ന് എന്‍.ഐ.എ കോടതിയില്‍ അന്വേഷണ സംഘം അറിയിച്ചു.
2019 നവംബര്‍ മുതല്‍ പ്രതികള്‍ നടത്തിവന്ന സ്വര്‍ണക്കടത്ത് 2020 ജൂണിലാണ് പിടികൂടിയത്. 21 തവണ സ്വര്‍ണം കടത്തി. അടുത്ത മാസങ്ങളിലും സമാന രീതിയില്‍ സ്വര്‍ണക്കടത്തിന് ഒരുക്കങ്ങള്‍ നടത്തുന്നതിന്റെ സന്ദേശങ്ങളാണ് ലഭിച്ചത്. ജൂണില്‍ പിടികൂടിയത് 30 കിലോ സ്വര്‍ണമാണ്. കൂടുതല്‍ സ്വര്‍ണം അടുത്ത തവണ കടത്താന്‍ തീരുമാനിച്ചിരുന്നു.
പി.ടി. അബ്ദു, മുഹമ്മദ് അലി, കെ.ടി. ഷറഫുദ്ദീന്‍, മുഹമ്മദ് ഷഫീഖ്, ഹംജദ് അലി എന്നിവരെ വീണ്ടും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്ന എന്‍.ഐ.എയുടെ അപേക്ഷ കോടതി അനുവദിച്ചു. കേസ് ഡയറി പരിശോധിച്ച കോടതി അന്വേഷണത്തില്‍ തൃപ്തി രേഖപ്പെടുത്തി.
സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസിന് താന്‍ നല്‍കിയ മൊഴിയുടെ പകര്‍പ്പിനായി മുഖ്യപ്രതി സ്വപ്ന സുരേഷ് നല്‍കിയ ഹര്‍ജി ഹൈക്കോടതി വിധിപറയാന്‍ മാറ്റി. കസ്റ്റംസ് നിയമത്തിലെ 108 സെക്ഷന്‍ പ്രകാരം സ്വപ്നയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി മുദ്രവച്ച കവറില്‍ എറണാകുളം അഡി.സി.ജെ.എം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പകര്‍പ്പിന് സ്വപ്ന നല്‍കിയ ഹര്‍ജി കോടതി തള്ളിയതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
സ്വപ്‌നയുടെ മൊഴി കോടതി രേഖകളുടെ ഭാഗമാക്കിയിട്ടില്ലെന്നും അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ ഇത്തരം രേഖകളും തെളിവുകളും പ്രതികള്‍ക്ക് നല്‍കാനാവില്ലെന്നും കസ്റ്റംസിനുവേണ്ടി ഹാജരായ സീനിയര്‍ കൗണ്‍സില്‍ വ്യക്തമാക്കി. ഇങ്ങനെ രേഖകള്‍ നല്‍കുന്നത് ക്രിമിനല്‍ നടപടിച്ചട്ടത്തിലും ഇന്ത്യന്‍ തെളിവുനിയമത്തിലും വിലക്കിയിട്ടുണ്ട്. സ്വപ്നയുടെ ആവശ്യപ്രകാരമാണ് മുദ്രവച്ച കവറില്‍ മൊഴി സമര്‍പ്പിച്ചത്. ഇതു പുറത്തുനല്‍കുന്നത് രഹസ്യ സ്വഭാവത്തെ ബാധിക്കുമെന്നും അന്വേഷണത്തെ സ്വാധീനിക്കാനിടയാക്കുമെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടി. എന്നാല്‍ സ്വപ്ന തന്നെ നല്‍കിയ മൊഴിയുടെ പകര്‍പ്പ് നല്‍കിയാല്‍ കേസുമായി ബന്ധമുള്ള ഉന്നതരിലേക്ക് എത്താന്‍ സാധിക്കില്ലെന്ന വാദം നിലനില്‍ക്കില്ലെന്ന് അവരുടെ അഭിഭാഷക വാദിച്ചു.
എന്തായാലും സ്വപ്നയ്ക്ക് ഉടന്‍ ജാമ്യം ലഭിക്കുമെന്ന് കരുതിയവര്‍ക്കുള്ള ശക്തമായ തിരിച്ചടിയാണ് എന്‍ഐഎ നല്‍കിയത്. പത്തോളം അന്വേഷണ ഏജന്‍സികളാണ് സ്വപ്നയുടേയും കൂട്ടരുടേയും പുറകേയുള്ളത്. ഒന്നില്‍ നിന്നും ഊരിയില്‍ അടുത്തത് മുറുകും എന്ന തരത്തിലാണ് കേസുകള്‍ പോകുന്ന പോക്ക്. സ്വപ്നയ്ക്ക് ജാമ്യം കിട്ടുമെന്നറിഞ്ഞതോടെ അന്വേഷണ ഏജന്‍സികളും കടുപ്പിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ എങ്ങനെ വാദിച്ചാലും അടുത്ത കാലത്തൊന്നും സ്വപ്നയ്ക്കും കൂട്ടര്‍ക്കും പുറത്തിറങ്ങാന്‍ പറ്റില്ല.
https://www.facebook.com/Malayalivartha


























