കൊച്ചിയില്‍ കൊടുങ്കാറ്റ്... സ്വര്‍ണക്കടത്തുമായുള്ള കേസിന് തീപിടിക്കുമ്പോള്‍ സിബിഐയെ കെട്ടുകെട്ടിക്കാനൊരുങ്ങി സര്‍ക്കാര്‍; സിബിഐയുടെ പിന്മാറ്റം കേന്ദ്രത്തിനുള്ള ശക്തമായ അടിയാകുമെന്ന് കണ്ട് പുലികളെയിറക്കി സിബിഐ; സിബിഐ എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് വിധി

സഖാക്കളെ സംബന്ധിച്ച് ഇന്ന് നിര്‍ണായക ദിവസമാണ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ സിബിഐ എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും യുണിടാക്കും സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയുകയാണ്. സര്‍ക്കാരിന്റെയും യുണിടാക്കിന്റെയും സിബിഐയുടെയും വാദങ്ങള്‍ വിശദമായി കേള്‍ക്കുകയും ഇതുവരെയുള്ള സിബിഐ കേസ് ഡയറി ഉള്‍പ്പടെയുള്ളവ പരിശോധിക്കുകയും ചെയ്ത ശേഷമാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ സിംഗിള്‍ ബഞ്ച് കേസ് വിധി പറയാന്‍ മാറ്റിവച്ചത്. കേസ് റദ്ദാക്കാന്‍ കോടതി പറഞ്ഞാല്‍ ചാനല്‍ ചര്‍ച്ചകളില്‍ നിന്നും ഉള്‍വലിഞ്ഞ സഖാക്കള്‍ക്ക് വീണ്ടും തിരികെയെത്താന്‍ കഴിയും. അവര്‍ക്ക് ആഘോഷിക്കാന്‍ കിട്ടുന്ന വലിയ അവസരമായിരിക്കും ഇത്. അതേസമയം അന്വേഷണം തുടരാനും കോടതിയെന്തെങ്കിലും പരാമര്‍ശം നടത്തുകയും ചെയ്താല്‍ അത് സഖാക്കളെ വല്ലാത്ത പ്രതിരോധത്തിലാക്കും. അത്തൊരമൊരു നിര്‍ണായക വിധിയാണ് ഇന്ന് നടത്തുന്നത്.
അതേസമയം കേസില്‍ തോല്‍ക്കുന്നത് സിബിഐയ്ക്ക് ചിന്തിക്കാന്‍ കഴിയില്ല. കേന്ദ്ര സര്‍ക്കാര്‍ നേരിട്ടിടപെട്ടിട്ടാണ് സിബിഐ വന്നത്. തോറ്റ് പിന്‍മാറിയാല്‍ കേന്ദ്രത്തിനുള്ള ശക്തമായ തിരിച്ചടിയായിരിക്കും. അതിനാല്‍ പുലികളെയിറക്കി ശക്തമായ വാദം നടത്താനാണ് സിബിഐയും ശ്രമിക്കുന്നത്
ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് എഫ്‌സിആര്‍എ ചട്ടം ബാധകമാകില്ലെന്നും യുണിടാക്കും റെഡ് ക്രസന്റും തമ്മിലാണ് ഇടപാടെന്നും സര്‍ക്കാരിന് ബന്ധമില്ലെന്നുമാണ് സര്‍ക്കാര്‍ വാദം. സംസ്ഥാന സര്‍ക്കാരൊ ഹൈക്കോടതിയൊ നിര്‍ദേശിക്കാതെ സിബിഐക്ക് കേസ് അന്വേഷിക്കുന്നതിന് അധികാരമില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ലൈഫ് മിഷന്‍ യുണിടാക്കിന് ഫ്‌ലാറ്റ് പണിയുന്നതിനുള്ള സ്ഥലം നല്‍കുക മാത്രമാണ് ചെയ്തത്. റെഡ് ക്രസന്റ് പണം നല്‍കിയത് യുണിടാക്കിനാണ്. അതുകൊണ്ടു തന്നെ എഫ്‌സിആര്‍എ ചട്ടങ്ങള്‍ ഇടപാടിന് ബാധകമാകില്ല. ഇപ്പോഴുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതം മാത്രമാണെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകനാണ് സര്‍ക്കാരിനു വേണ്ടി കോടതിയില്‍ ഹാജരായത്.
അതേസമയം ലൈഫ് മിഷന്റെ പേരില്‍ വന്‍ തട്ടിപ്പ് നടന്നതായും ഇതില്‍ വിശദമായ അന്വേഷണം വേണമെന്നുമാണ് സിബിഐയുടെ ആവശ്യം. റെഡ് ക്രസന്റും യുണിടാക്കും തമ്മിലാണ് സാമ്പത്തിക ഇടപാട് എന്ന വാദത്തില്‍ കഴമ്പില്ല. മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശന വേളയില്‍ ഒപ്പിട്ട ധാരണാപത്രമാണ് പദ്ധതിയുടെ അടിസ്ഥാനമെന്ന് സിബിഐ കോടതിയില്‍ വാദിച്ചു. ലൈഫ് മിഷനു വേണ്ടിയാണ് യുണിടാക്കുമായി കരാറുണ്ടാക്കിയതെന്നും സിബിഐ വാദം ഉയര്‍ത്തി. ഇടപാടില്‍ സാമ്പത്തിക അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്തമാണെന്നും സിബിഐ വ്യക്തമാക്കി.
അതേസമയം സ്വപ്ന സുരേഷും സംഘവും നടത്തിയ സ്വര്‍ണക്കടത്തുകളെല്ലാം അവര്‍ സ്‌പേസ് പാര്‍ക്കില്‍ ജോലിയില്‍ ചേര്‍ന്ന ശേഷമാണെന്ന് കണ്ടെത്തി. യുഎഇ കോണ്‍സുലേറ്റിന്റെ ഭാഗമായിരുന്നപ്പോള്‍ സ്വര്‍ണക്കടത്തിനു ശ്രമിച്ചിട്ടില്ലെന്ന് സ്വപ്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു.
2019 ഒക്ടോബര്‍ 21നാണ് സ്വപ്ന സ്‌പേസ് പാര്‍ക്കില്‍ ചേര്‍ന്നത്. ആ മാസം 2 തവണ സ്വര്‍ണക്കടത്തിന്റെ ട്രയല്‍ നടത്തി. തുടര്‍ന്നു നവംബറില്‍ നാലും ഡിസംബറില്‍ പന്ത്രണ്ടും ജനുവരി, മാര്‍ച്ച്, ജൂണ്‍ മാസങ്ങളില്‍ ഓരോന്നു വീതവും ആയി 19 തവണ തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തി. ജൂണ്‍ അവസാനം വീണ്ടും കടത്തിയപ്പോഴാണു പിടിയിലായത്. ഡിസംബറില്‍ മാത്രം 36 കിലോഗ്രാം സ്വര്‍ണം കടത്തിയതെന്നാണു സ്വപ്ന പറയുന്നത്.
2019 ഡിസംബര്‍ രണ്ടിന് തിരുവനന്തപുരത്തെ ഹോട്ടലില്‍ നടന്ന യുഎഇ ദിനാഘോഷത്തിലെ സ്വപ്നയുടെ പങ്കാളിത്തവും അന്വേഷിക്കുന്നുണ്ട്. ഈ ചടങ്ങില്‍ സംഘാടകയുടെ റോളിലായിരുന്നു സ്വപ്ന. സ്‌പേസ് പാര്‍ക്കില്‍ നിന്ന് അവധിയെടുത്താണ് അതില്‍ പങ്കെടുത്തത്. ഇങ്ങനെ സ്വപ്നയും സ്വര്‍ണവും സിബിഐയും കലങ്ങി മറിയുമ്പോള്‍ ഇന്നത്തെ വിധി നിര്‍ണായകമാകും.
https://www.facebook.com/Malayalivartha


























