ചിരി തെളിയുമ്പോള്‍... വിജയ് പി നായരെ വീട്ടില്‍ കയറി കൈകാര്യം ചെയ്ത കേസില്‍ ജാമ്യ ഹര്‍ജി ഇന്ന ഹൈക്കോടതിയിലെത്തുമ്പോള്‍ ശക്തമായി വാദിക്കാനുറച്ച് ഭാഗ്യലക്ഷ്മിയുടെ വക്കില്‍; വീഡിയോ തെളിവുകള്‍ ശക്തമാണെങ്കിലും വീഡിയോയ്ക്ക് മുമ്പും പിമ്പുമുള്ള കാണാപ്പുറങ്ങള്‍ എടുത്തിടുമ്പോള്‍ ജാമ്യത്തിന് വഴിതെളിയുന്നു

വിജയ് പി നായരെ വീട്ടില്‍ കയറി കൈകാര്യം ചെയ്ത കേസില്‍ ഹൈക്കോടതി എന്ത് പറയുന്നു എന്ന് കാതോര്‍ക്കുകയാണ് കേരളം. കോടതിയില്‍ തെളിവാണ് പ്രധാനം, ശക്തമായ വാദവും. അത് വിലയിരുത്തിയാണ് നീതിപീഠം നീതിപൂര്‍വം വിധി പറയുന്നത്. കേസില്‍ പരാതിക്കാരനായ വിജയ് പി നായര്‍ അശ്ലീല വീഡിയോ ഇട്ടതിന്റെ പേരില്‍ ജയിലിലാണ്. അതേസമയം വിജയ് പി നായരുടെ പരാതിയിന്‍മേലുള്ള കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍ ഒളിവിലുമാണ്. ഇവരുടെ ഏക പ്രതീക്ഷയാണ് ഹൈക്കോടതി.
യുട്യൂബില്‍ അപകീര്‍ത്തികരമായ വിഡിയോ പോസ്റ്റ് ചെയ്ത വിജയ് പി. നായരെ കൈകാര്യം ചെയ്‌തെന്ന കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുകയാണ്. തിരുവനന്തപുരം സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഇവര്‍ക്ക് ജാമ്യം ലഭിക്കാനുള്ള അവസാന അയുധവും പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് വക്കീല്‍. ആരോപിച്ചിരിക്കുന്ന കുറ്റങ്ങളെന്നൊന്നും നിലനില്‍ക്കില്ലെന്നും വിജയ് പി. നായര്‍ ക്ഷണിച്ചിട്ടാണു പോയതെന്നും അതിക്രമിച്ചു കടന്നിട്ടില്ലെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. വിഡിയോ നീക്കം ചെയ്യാനോ ബ്ലോക്ക് ചെയ്യാനോ തയാറാകാത്തതിനാലാണ് ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്കായി പോയതെന്നും പറയുന്നു.
വിജയ് പി. നായരുടെ മുറിയില്‍ അതിക്രമിച്ച് കയറി മര്‍ദ്ദിച്ചിട്ടില്ലെന്നും, പ്രശ്‌നം പറഞ്ഞ് പരിഹരിക്കാനാണ് പോയതെന്നും, എന്നാല്‍ വിജയ് പി നായര്‍ പ്രകോപനപരമായി പെരുമാറുകയായിരുന്നുവെന്നുമാണ് ഭാഗ്യലക്ഷ്മിയും സംഘവും വാദിക്കുന്നത്. പൊലീസ് അറസ്റ്റ് ചെയ്യുമെന്ന ഭയമുണ്ടെന്നും, അത് സമൂഹത്തിലുള്ള അംഗീകാരത്തെ മോശമായി ബാധിക്കുമെന്നതിനാല്‍ അറസ്റ്റ് തടയണമെന്നുമാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നത്. ഇതിനായി ശക്തമായ തെളിവ് ഹാജരാക്കാനും തീരുമാനിച്ചിട്ടുണ്ട്.
തിരുവനന്തപുരം ജില്ലാ കോടതി നേരത്തെ ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. വിജയ് പി നായരുടെ പരാതിയില്‍ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തിയാണ് പൊലീസ് ഭാഗ്യലക്ഷ്മിയ്ക്കും കൂട്ടര്‍ക്കുമെതിരെ കേസെടുത്തത്. കഴിഞ്ഞ മാസം 26ന് വൈകിട്ടാണ് വിജയ് പി നായരെ ഇവര്‍ മര്‍ദ്ദിച്ചത്. പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ പെരുമാറിയതെന്ന് ഭാഗ്യലക്ഷ്മിയും സംഘവും മുമ്പ് പറഞ്ഞിരുന്നു.
സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ഇവര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. അതേസമയം നിലവിലുള്ള ശക്തമായ വകുപ്പുകള്‍ക്ക് പുറമെ ഹൈകോടതിയിലും പൊലീസ് നിലപാട് കടുപ്പിക്കാനാണ് സാധ്യത. നിലവില്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ് ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍.
കേസില്‍ മുന്‍കൂര്‍ ജാമ്യം തള്ളിയതോടെ അറസ്റ്റിന് തുനിഞ്ഞ പൊലീസ് തല്‍ക്കാലം ഹൈക്കോടതിയില്‍ ഇവര്‍ സമര്‍പ്പിക്കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ കൂടി നോക്കിയ ശേഷം മതി തുടര്‍നടപടികളെന്ന നിലപാടിലാണ്. വിജയ് പി നായരുടെ ലാപ്‌ടോപ്പും മൊബൈല്‍ഫോണും പൊലീസിലേല്‍പ്പിച്ചുവെന്നിരിക്കെ മോഷണക്കുറ്റം ചുമത്തിയ നടപടിയും കൈയേറ്റവും നിലനില്‍ക്കില്ലെന്നാകും പ്രധാനമായും വാദിക്കുക. ചുമത്തിയ കുറ്റങ്ങള്‍ പരസ്പര വിരുദ്ധമാണെന്നും വാദിക്കും. അതേസമയം വീഡിയോ സഹിതം തെളിവുള്ളതിനാല്‍ പിടിച്ചുപറി എന്നതിലുപരി, ദേഹോപദ്രവമേല്‍പ്പിച്ചുള്ള മോഷണക്കുറ്റം എന്ന നിലയിലേക്ക് പൊലീസ് നിലപാട് കടുപ്പിക്കും. ഇതിനെ മറികടക്കാനാണ് ഭാഗ്യലക്ഷ്മിയുടെ വക്കീല്‍ ശ്രമിക്കുന്നത്. വീഡിയോ ശക്തമായ തെളിവായതിനാല്‍ അതിന് മുമ്പും ശേഷവും നടന്നത് ചുറ്റിപ്പറ്റിയായിരിക്കും വാദം കൊഴുക്കുക. അതിലായിരിക്കും ഇവരുടെ ജാമ്യത്തിന്റെ വിധിയും.
https://www.facebook.com/Malayalivartha


























