സിദ്ധിഖ് കാപ്പന്റെ ജാമ്യത്തിനായി അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ) ഡല്‍ഹി ഘടകം ഹത്രസിലേക്കുള്ള യാത്രയ്ക്കിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന് വേണ്ടി നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഹര്‍ജി 4 ആഴ്ചത്തേക്കു മാറ്റി. ജാമ്യത്തിനായി അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീം കോടതി നിര്‍ദേശം.
നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) കൂടി ചുമത്തിയതിനാല്‍ മാധ്യമപ്രവര്‍ത്തകന് ആറോ ഏഴോ വര്‍ഷം ജയിലില്‍ കിടക്കേണ്ടി വരുമെന്ന് സിദ്ധിഖിനു വേണ്ടി ഹാജരായ സിബല്‍ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ യുപിയിലെ കോടതികളില്‍നിന്നു ജാമ്യം ലഭിക്കാനുള്ള സാധ്യത കുറവാണെന്നു മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു.
എന്നാല്‍ അതുണ്ടാകില്ലെന്നും തെറ്റു സംഭവിച്ചാല്‍ തങ്ങളിവിടെയുണ്ടെന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. ഏതു ഘട്ടത്തിലും ഹര്‍ജിക്കാര്‍ക്ക് ആവശ്യമെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സിദ്ധിഖ് കാപ്പന്‍ നിലവില്‍ എവിടെയുണ്ടെന്നു വ്യക്തമായ സാഹചര്യത്തില്‍ ഹേബിയസ് ഹര്‍ജി ഭേദഗതി ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചു.
ഹത്രസില്‍ ദലിത് പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ, 'അഴിമുഖം' പോര്‍ട്ടല്‍ ലേഖകന്‍ സിദ്ധിഖ് കാപ്പനെയും ഒപ്പമുണ്ടായിരുന്ന 3 പേരെയും കഴിഞ്ഞ തിങ്കളാഴ്ചയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
https://www.facebook.com/Malayalivartha


























