എൻഫോഴ്‌സ്‌മെന്റ് ചുമത്തിയ കേസിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജാമ്യം! കേസിൽ കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വാഭാവിക അർഹതയുണ്ടെന്ന് കോടതി; എൻഐഎയുടെ കേസ് നിലനിൽക്കുന്നതിനാൽ സ്വപ്നയ്ക്ക് പുറത്തിറങ്ങാൻ സാധിക്കില്ല

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജാമ്യം. എൻഫോഴ്‌സ്‌മെന്റ് ചുമത്തിയ കേസിലാണ് സ്വപ്നയ്ക്ക് ജാമ്യം ലഭിച്ചത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. കേസിൽ കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വാഭാവിക അർഹതയുണ്ടെന്ന് കോടതി വിലയിരുത്തി.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചുമത്തിയ കേസിലും സ്വപ്നയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ എൻഐഎയുടെ കേസ് നിലനിൽക്കുന്നതിനാൽ സ്വപ്നയ്ക്ക് പുറത്തിറങ്ങാൻ സാധിക്കില്ല. സ്വപ്നയ്ക്കും സന്ദീപ് നായർക്കുമെതിരെ കൊഫേ പോസ ചുമത്തിയിരുന്നു.
അതേസമയം സ്വപ്നാ സുരേഷ് യു.എ.ഇ. കോൺസുലേറ്റിലെ ജോലി രാജിവെച്ചതെന്തിനെന്നതിന് ഉത്തരം മൊഴിയിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കോടതിയിൽ നൽകിയ കുറ്റപത്രത്തിലുമില്ല. കോൺസുലേറ്റിൽനിന്ന് സ്പേസ് പാർക്കിലെത്തിയ തൊട്ടടുത്ത മാസമാണ് സ്വർണക്കടത്ത് തുടങ്ങിയത് എന്നതിനാൽ കേസിനെ സംബന്ധിച്ച് നിർണായകമാണ് ഈ വിവരം. സ്വർണക്കടത്ത് കേസിൽ ഇ.ഡി., എഫ്.ഐ.ആർ. രജിസ്റ്റർചെയ്ത് അന്വേഷണം തുടങ്ങിയത് ജൂലായ് 13-നാണ്. ഓഗസ്റ്റ് അഞ്ചുമുതൽ 16 വരെ എട്ടുതവണയായാണ് സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയത്. മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിലൂടെയായിരുന്നു ഇത്. ഓഗസ്റ്റ് ഏഴിനാണ് കോൺസുലേറ്റിലെ ജോലി എന്ന്, എന്തിന് രാജിവെച്ചുവെന്ന് ഇ.ഡി. ഉദ്യോഗസ്ഥർ ചോദിച്ചത്. രാജിവെച്ചത് 2019 സെപ്റ്റംബറിൽ ആണെന്നാണ് സ്വപ്നയുടെ ഉത്തരം. എന്തിന് എന്നതിനുള്ള മറുപടി മൊഴിരേഖയിലില്ല. കുറ്റപത്രത്തിൽ അഞ്ചുമുതൽ 12 വരെ ഖണ്ഡികകളിലാണ് സ്വപ്നയുടെ നിർണായക മൊഴികൾ രേഖപ്പെടുത്തിയിരിക്കുന്നത്. എന്തിനായിരുന്നു രാജിയെന്ന് ഇതിലും രേഖപ്പെടുത്തിയിട്ടില്ല.
2019 നവംബറിലാണ് സ്വപ്ന സ്പേസ് പാർക്കിൽ ജോലിക്കുകയറുന്നത്. ഇതേ മാസമാണ് യു.എ.ഇ. കോൺസുലേറ്റിന്റെ നയതന്ത്രബാഗേജ് എന്നപേരിൽ തിരുവനന്തപുരം വിമാനത്താവളംവഴി സ്വർണക്കടത്ത് തുടങ്ങുന്നത്. നവംബറിൽ മാത്രം നാലുതവണകളായി 12 കിലോ സ്വർണം കടത്തിയതായാണ് മൊഴിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സ്പേസ് പാർക്കിലെ ജോലി സ്വർണക്കടത്തിന് മറയാക്കിയിരുന്നോ എന്ന് സംശയമുണ്ട്. 2019 ഒക്ടോബറിനുമുമ്പ് നയതന്ത്ര ബാഗേജ് എന്നപേരിൽ രണ്ടുതവണ പരീക്ഷണാടിസ്ഥാനത്തിൽ കള്ളക്കടത്ത് നടന്നുവെന്ന് സ്വപ്നയുടെ മൊഴിയിലുണ്ട്. ഈ രണ്ടുതവണയും സ്വർണമല്ല, വീട്ടുപകരണങ്ങളായിരുന്നു ഡ്യൂട്ടിയടയ്ക്കാതെ കടത്തിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
പരീക്ഷണക്കടത്തിനുശേഷം സ്വപ്ന കോൺസുലേറ്റ് വിട്ടുവെന്നാണ് അനുമാനം. ഒക്ടോബറിലാണ് നയതന്ത്ര ചാനൽ വഴി കള്ളക്കടത്തിനു തയ്യാറാകാൻ കെ.ടി. റമീസിന്റെ നിർദേശം സ്വപ്നയ്ക്കും സംഘത്തിനും ലഭിക്കുന്നത്. എന്തുകൊണ്ട് രാജി എന്നതിലേക്ക് അന്വേഷണ ഏജൻസി പോയോ എന്നതിനെപ്പറ്റി കുറ്റപത്രത്തിലില്ലാത്തതും ദുരൂഹമാണ്.
https://www.facebook.com/Malayalivartha


























