കോണ്‍സുലേറ്റില്‍നിന്ന് ഒഴുകിയെത്തിയത് ഏഴ് കോടി! ലൈഫ് മിഷന്‍ ഇടപാടിൽ ബാങ്ക് മാനേജര്‍മാരുടെ മൊഴികള്‍ ഞെട്ടിക്കുന്നത്... ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നു...

ലൈഫ് മിഷന്‍ ഇടപാടില്‍ പണമിടപാട് സ്ഥിരീകരിച്ച് ബാങ്ക് മാനേജര്‍മാരുടെ മൊഴികള്‍. രണ്ട് ബാങ്കുകളിലായാണ് കോണ്‍സുലേറ്റില്‍നിന്ന് ആദ്യ ഗഡു തുക എത്തിയത്. കൊച്ചിയില്‍ ഫെഡറല്‍ ബാങ്കിലും ആക്‌സിസ് ബാങ്കിലുമായി ഏഴ് കോടി രൂപ എത്തി. ഫ്‌ളാറ്റിന്റെ നിര്‍മാണത്തിനും ആശുപത്രിക്കും പ്രത്യേകമായാണ് ഈ തുക എത്തിയതെന്നും വിജിലന്‍സിന് ബാങ്ക് മാനേജര്‍മാര്‍ മൊഴി നല്‍കി. യുഎഇ കോണ്‍സുലേറ്റില്‍നിന്ന് ഏഴ് കോടി രൂപ രണ്ട് ബാങ്കുകളിലുമായി എത്തിയതായാണ് മാനേജര്‍മാര്‍ നല്‍കിയ മൊഴി. പദ്ധതിക്കായി ഏഴ് കോടി രൂപയും ആശുപത്രി കെട്ടിടം പണിയാന്‍ രണ്ടുകോടി രൂപയുമാണ് രണ്ട് അക്കൗണ്ടിലുമായി എത്തിയത്.
ഇതില്‍നിന്നാണ് യൂണിടാക്ക് 4.20 കോടി രൂപ കമ്മീഷന്‍ നല്‍കുന്നതിനായി പിന്‍വലിച്ചതെന്നും വ്യക്തമായിട്ടുണ്ട്. യൂണിടാക്കിന്റെയും സന്ദീപ് നായരുടെയും സരിത്തിന്റെയും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വിജിലന്‍സ് ശേഖരിച്ചിരുന്നു. വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട കമ്മീഷന്‍ ഇടപാട് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇത് സ്ഥിരീകരിക്കും വിധത്തിലുള്ളതാണ് ബാങ്ക് മാനേജര്‍മാരുടെ മൊഴി. ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്. നിലവില്‍ കൊച്ചിയിലും തൃശ്ശൂരിലുമായാണ് അന്വേഷണം നടക്കുന്നത്.
അതേസമയം വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് ലൈഫ് മിഷന് എതിരായ സി.ബി.ഐ. അന്വേഷണത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. രണ്ടു മാസത്തേക്കാണ് സ്റ്റേ അനുവദിച്ചത്. ജസ്റ്റിസ് വി.ജി. അരുണ്‍ ആണ് വിധി പറഞ്ഞത്. കേസില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളുകയും ചെയ്തിട്ടുണ്ട്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരായ സി.ബി.ഐ. അന്വേഷണമാണ് ഹൈക്കോടതി രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്തത്.
ലൈഫ് മിഷന്‍ വിദേശസഹായ നിയന്ത്രണ നിയമ (എഫ്.സി.ആര്‍.എ)ത്തിന്റെ പരിധിയില്‍ വരില്ല എന്ന സര്‍ക്കാര്‍ വാദം ഹൈക്കോടതി കണക്കിലെടുക്കുകയും ഇക്കാര്യത്തില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തു. അതുവരെ ലൈഫ് മിഷന്‍ സിഇഒയ്ക്ക് എതിരായ അന്വേഷണം നിര്‍ത്തിവെക്കണമെന്നുമാണ് കോടതി വ്യക്തമാക്കിയത്. അതേസമയം, യൂണിടാക്കിനെതിരായ അന്വേഷണവുമായി സി.ബി.ഐക്ക് മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി. സ്വപ്‌ന അടക്കമുള്ള പ്രതികളുമായി ബന്ധപ്പെട്ട അന്വേഷണവും തുടരാനാവും. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ. രജിസ്റ്റര്‍ചെയ്ത എഫ്.ഐ.ആര്‍. റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷന്‍ സി.ഇ.ഒ. യു.വി. ജോസ് ആണ് ഹര്‍ജി നല്‍കിയത്.
എഫ്.സി.ആര്‍.എ. ലംഘിച്ചെന്നു കാട്ടി സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍. നിയമപരമായി നിലനില്‍ക്കില്ലെന്നാണ് ലൈഫ് മിഷന്റെ വാദം. ലൈഫ് മിഷനെ കേസിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നെന്നും ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍, പദ്ധതിയുടെ മറവില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍കൂടി പങ്കാളികളായ അധോലോക ഇടപാടാണ് നടന്നതെന്നായിരുന്നു സി.ബി.ഐയുടെ വാദം. ലൈഫ് മിഷനുവേണ്ടി സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകനാണ് ഹാജരായത്. നിര്‍മാണക്കരാര്‍ ലഭിച്ച യൂണിടാക്, സി.ബി. ഐക്ക് പരാതി നല്‍കിയ അനില്‍ അക്കര എം. എല്‍.എ. എന്നിവരുടെ വാദവും കേട്ടശേഷമാണ് ഹര്‍ജി ഉത്തരവ് പറയാന്‍ മാറ്റിയത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യൂണിടാകും കോടതിയെ സമീപിച്ചിരുന്നു. ഇതിനിടയില്‍ ലൈഫ് മിഷന്റെ ഹര്‍ജിയെ ചോദ്യംചെയ്ത് ആലപ്പുഴ സ്വദേശി മൈക്കിള്‍ വര്‍ഗീസ് എന്ന മാധ്യമപ്രവര്‍ത്തകനും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
https://www.facebook.com/Malayalivartha


























