മകന്‍ അമ്മയെ ഭിത്തിയിലിടിപ്പിച്ച ശേഷം മുറ്റത്തേക്ക് വലിച്ചെ റിഞ്ഞു കൊന്നു, എട്ടു മാസം മുമ്പ് മരിച്ച വീട്ടമ്മയുടെ മരണം കൊലപാതകം

ഇക്കഴിഞ്ഞ ഫെബ്രുവരി 17-ന് മരിച്ച നിലയില്‍ കണ്ടെത്തിയ നെടുങ്കണ്ടം അണക്കരമെട്ട് ചരുവിള പുത്തന്‍വീട്ടില്‍ ചന്ദ്രിക (75)യുടെ മരണം കൊലപാതകമെന്ന് കണ്ടെത്തി. കേസില്‍ ചന്ദ്രികയുടെ മകന്‍ അനില്‍കുമാര്‍ (49), മകള്‍ അജിത (40) എന്നിവരെ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തു.
അമ്മ മദ്യപിച്ച് ചീത്തവിളിച്ചതിനെ തുടര്‍ന്ന് മകന്‍ ഭിത്തിയിലടിച്ചതിനു ശേഷം വലിച്ചെറിഞ്ഞതാണ് മരണകാരണമെന്നും മകള്‍ തെളിവുകള്‍ മായ്ക്കാന്‍ കൂട്ടുനിന്നെന്നും പോലീസ് കണ്ടെത്തി. സ്ഥിരം മദ്യപാനിയായ ചന്ദ്രിക മക്കളായ അനില്‍കുമാറിനും അജിതക്കുമൊപ്പം താമസിക്കുകയായിരുന്നു.
വീട്ടില്‍ മരിച്ചുകിടന്ന ചന്ദ്രികയുടെ സംസ്‌കാരം ബന്ധുക്കള്‍ തിരക്കിട്ടു നടത്താന്‍ ശ്രമിക്കുന്നെന്ന വിവരമറിഞ്ഞാണു കഴിഞ്ഞ ഫെബ്രുവരി 17-ാം തീയതി പോലീസ് സ്ഥലത്ത് എത്തിയത്. പ്രാഥമിക പരിശോധനകള്‍ക്കു ശേഷം നെടുങ്കണ്ടം പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മക്കളുടെ മൊഴിയില്‍ സ്ഥിര മദ്യപാനത്തെ തുടര്‍ന്നുള്ള അസുഖമാണു മരണകാരണമെന്നും പറഞ്ഞു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലക്കേറ്റ പരുക്കാണു മരണ കാരണമെന്നു കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് കട്ടപ്പന ഡിവൈ.എസ്.പി: എന്‍.സി. രാജ് മോഹന്റെ നിര്‍ദ്ദേശപ്രകാരം നെടുങ്കണ്ടം എസ്.ഐ: കെ. ദിലീപ് കുമാര്‍ നടത്തിയ ചോദ്യം ചെയ്യലില്‍ മദ്യലഹരിയില്‍ ചീത്ത വിളിച്ച അമ്മയെ, മകന്‍ അനില്‍ ഭിത്തിയില്‍ ഇടിപ്പിച്ച ശേഷം മുറ്റത്തേക്ക് വലിച്ചിട്ടതായും ബോധരഹിതയായ ചന്ദ്രികയുടെ അഴുക്കുപുരണ്ട വസ്ത്രം രണ്ടാം പ്രതിയായ മകള്‍ കഴുകി വൃത്തിയാക്കിയതായും ഇരുവരും സമ്മതിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha


























