അടുത്ത മണ്ഡല-മകരവിളക്ക് തീര്‍ഥാടനകാലത്തേക്കുള്ള മാളികപ്പുറം മേല്‍ശാന്തി നിയമനം: അന്തിമ പട്ടികയില്‍ ഗുരുതര ആരോപണങ്ങള്‍ നേരിട്ടയാളും

കാണിക്കപ്പണം മോഷ്ടിച്ചെന്നും ഭക്തയോട് അപമര്യാദയായി പെരുമാറിയെന്നും ആരോപണം നേരിട്ടയാള്‍ അടുത്ത മണ്ഡല-മകരവിളക്ക് തീര്‍ഥാടനകാലത്തേക്കുള്ള മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുള്ള നറുക്കെടുപ്പ് പട്ടികയില്‍ ഇടംപിടിച്ചു.
ശബരിമലയിലേക്കും മാളികപ്പുറത്തേക്കും ഒരുവര്‍ഷത്തേക്കുള്ള പുറപ്പെടാശാന്തിമാരെ 17-ന് സന്നിധാനത്തു നറുക്കെടുക്കും. ഇതിനായി ഒമ്പതുപേര്‍ വീതമുള്ള പട്ടികയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തയാറാക്കിയത്.
മധ്യതിരുവിതാംകൂറിലെ ഒരു പ്രമുഖ ശിവക്ഷേത്രത്തില്‍ ജോലി ചെയ്യുന്നതിനിടെ കാണിക്കവഞ്ചിയില്‍നിന്നു പണം അപഹരിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും കാണിക്കപ്പണം മോഷ്ടിച്ചെന്ന ആരോപണം നേരിട്ടയാള്‍ക്കെതിരെ തെളിവായുണ്ട്. ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ഉള്‍പ്പെടുത്തി നല്‍കിയ പരാതിയില്‍ നടപടിയുണ്ടായില്ല. സഹപ്രവര്‍ത്തകരില്‍ ചിലര്‍ മനഃപൂര്‍വം കുടുക്കാന്‍ ശ്രമിച്ചതാണെന്നു വാദിച്ചാണ് ഇയാള്‍ തലയൂരിയത്.
ഓണാട്ടുകരയിലെ പ്രസിദ്ധമായ ദേവീക്ഷേത്രത്തില്‍ ജോലി ചെയ്യുന്നതിനിടെയാണു ഭക്തയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപണമുയര്‍ന്നത്. തുടര്‍ന്ന്, ഉന്നതങ്ങളില്‍ സ്വാധീനം ചെലുത്തി, നിശ്ചിത കാലാവധി തികയ്ക്കുന്നതിനു മുമ്പ് സ്ഥലംമാറ്റം വാങ്ങിപ്പോകുകയായിരുന്നു.
ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനപ്പട്ടികയിലുള്ള പലര്‍ക്കും പ്രമുഖക്ഷേത്രങ്ങളില്‍ 10 വര്‍ഷം ശാന്തിയായിരുന്ന പരിചയമില്ലെന്നും ആരോപണമുണ്ട്. മേല്‍ശാന്തി നറുക്കെടുപ്പ് പട്ടിക തയാറാക്കുന്നതില്‍ ബോര്‍ഡിനു ഗുരുതരവീഴ്ചയുണ്ടായെന്നും ഇഷ്ടക്കാരെ തിരുകിക്കയറ്റാന്‍ ദേവസ്വം വിജിലന്‍സിനെ നോക്കുകുത്തിയാക്കിയെന്നും ആക്ഷേപമുണ്ട്. അനര്‍ഹര്‍ പട്ടികയില്‍ ഇടംനേടിയതു ഗുരുതരവീഴ്ചയാണെന്ന് അഖില കേരള തന്ത്രി മണ്ഡലം ജനറല്‍ സെക്രട്ടറി എസ്. രാധാകൃഷ്ണന്‍ പോറ്റി ആരോപിച്ചു.
https://www.facebook.com/Malayalivartha


























