ഓണാവധിക്കിടെ കരുവാറ്റ സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റില്‍

ഓണാവധിക്കിടെ കരുവാറ്റ സര്‍വീസ് സഹകരണ ബാങ്കില്‍ കവര്‍ച്ച നടത്തിയ രണ്ടു പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ മുഖ്യപ്രതി ഒളിവിലാണ്. രണ്ടാം പ്രതി ചെട്ടികുളങ്ങര കണ്ണമംഗലം തെക്ക് കൈപ്പള്ളി വീട്ടില്‍ ഷൈജു (അപ്പുണ്ണി-39), മൂന്നാം പ്രതി തിരുവനന്തപുരം കാട്ടാക്കട പാവോട് വഴിയില്‍ തമ്പികോണം മേലെപ്ലാവിട വീട്ടില്‍ ഷിബു(43) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
നാലരക്കിലോ സ്വര്‍ണവും നാലര ലക്ഷം രൂപയും നഷ്ടപ്പെട്ടെന്നാണു ബാങ്ക് അധികൃതര്‍ അറിയിച്ചത്. ആലപ്പുഴ ജില്ലാ പോലീസ് മേധാവി പി.എസ്. സാബുവിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ ഹോളിഡേ ഹണ്ടേഴ്സ് എന്ന പേരില്‍ പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. അവധിയ്ക്ക് ശേഷം കഴിഞ്ഞ മാസം മൂന്നിന് ബാങ്ക് തുറന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. അറസ്റ്റിലായവരുടെ പക്കല്‍നിന്ന് ഒന്നരക്കിലോ സ്വര്‍ണം പിടിച്ചെടുത്തു.
അടൂര്‍ പറക്കോട് ഭാഗത്തുള്ള ഗ്യാസ് ഗോഡൗണില്‍നിന്നു മോഷ്ടിക്കപ്പെട്ട ഓക്സിജന്‍ സിലിണ്ടറുകളാണ് മോഷ്ടാക്കള്‍ ഉപയോഗിച്ചശേഷം ഉപേക്ഷിച്ചുപോയതെന്ന് കണ്ടെത്തിയതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. തുടര്‍ന്ന് പോലീസ് കരുവാറ്റ ബാങ്കിനും പറക്കോട്ട് ഗ്യാസ് ഗോഡൗണിനും അഞ്ചു കി.മീ. ചുറ്റളവിലുള്ള ഇരുനൂറ്റമ്പതോളം സി.സി ടിവികളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു. അഞ്ചു കി.മീ. പരിധിയില്‍ ഒരാഴ്ചയിലെ ഫോണ്‍വിളികളും പരിശോധിച്ചു. സമാന കേസുകളില്‍ ശിക്ഷ അനുഭവിച്ചവരെപ്പറ്റിയും അന്വേഷിച്ചപ്പോഴാണു പ്രതികളെപ്പറ്റി സൂചന ലഭിച്ചത്.
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അബ്കാരിക്കേസില്‍ റിമാന്‍ഡിലായിരിക്കെയാണ് ഒന്നാംപ്രതിയും ഷൈജുവും തമ്മില്‍ പരിചയത്തിലായത്. ഷിബു നേരത്തേ തന്നെ ഒന്നാംപ്രതിയുടെ സുഹൃത്താണ്. ഫെബ്രുവരിയോടെ ജയിലില്‍നിന്നിറങ്ങിയ ഒന്നാം പ്രതി ഷൈജുവുമായി ചേര്‍ന്ന് മോഷണം ആസൂത്രണം ചെയ്യുകയായിരുന്നു. ഒറ്റപ്പെട്ട പ്രദേശത്തായതിനാലാണ് കരുവാറ്റ സര്‍വീസ് സഹകരണ ബാങ്ക് ലക്ഷ്യമിട്ടത്.
കൊല്ലം കടയ്ക്കലില്‍നിന്ന് ഓഗസ്റ്റ് 24-നാണ് ഓമ്നി വാന്‍ മോഷ്ടിക്കുന്നത്. തുടര്‍ന്ന് 29, 30, 31 തീയതികളിലാണു ബാങ്ക് മോഷണം നടത്തിയത്. ആദ്യ ദിവസം ഓമ്നിയില്‍ ഗ്യാസ് സിലിണ്ടറുകള്‍ ബാങ്കിനടുത്തെത്തിച്ചു. തുടര്‍ന്നുള്ള രണ്ടു രാത്രികളിലാണു ലോക്കറുകള്‍ തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നത്. ഓമ്നി വാന്‍ കടയ്ക്കല്‍ സ്റ്റേഷന്‍ പരിധിയില്‍ തിരികെ കൊണ്ടുപോയി ഇട്ടു.
അഡീഷണല്‍ എസ്.പി: എന്‍. രാജന്‍, കായംകുളം ഡിവൈ.എസ്.പി. അലക്സ് ബേബി എന്നിവരുടെ നേതൃത്വത്തില്‍ പതിനെട്ടംഗ സംഘമാണു കേസന്വേഷിച്ചത്. മോഷണമുതല്‍ വീതംവച്ചപ്പോള്‍ ഷൈജുവിന് 154 പവനും 30,000 രൂപയും ലഭിച്ചു. 36 ലക്ഷം രൂപ ഉപയോഗിച്ച് അനുജത്തിയുടെ പേരില്‍ സ്ഥലം വാങ്ങാന്‍ തീരുമാനിച്ചിരുന്നു. ഷിബുവിന് 12 പവന്‍ സ്വര്‍ണവും 40,000 രൂപയുമാണ് കിട്ടിയത്.
https://www.facebook.com/Malayalivartha


























