ജോസഫ് തലവേദന തന്നെ.... കുളം കലക്കി ജോസ് കെ മാണിയെ പുറത്താക്കിയ യു ഡി എഫ് വെട്ടില്‍... മധ്യകേരളം പണികൊടുക്കും

കാറ്റ് അനുകൂലമായിരിക്കെ കോണ്‍ഗ്രസ് കേരളത്തില്‍ കാണിക്കുന്നത് കൈവിട്ട കളിയാണെന്നു പറയാതെ വയ്യ. ഒരു പരിധിവരെ മണ്ടന്‍ കളി. പിണറായിയുടെ അധികാരത്തണലില്‍ ശിവശങ്കരനും സ്വപ്നയും ചേര്‍ന്നു നടത്തിയ ശതകോടിക്കൊള്ളയും കുംഭകോണവുമുണ്ടാക്കിയ ജനവിരുദ്ധത മാത്രം മതി അടുത്ത നിയമസഭാ തെരഞ്ഞെടപ്പില്‍ ജയിച്ചു കയറാനെന്ന് കോണ്‍ഗ്രസ് കരുതിയാല്‍ അത് തെറ്റി. കോണ്‍ഗ്രസിനും യുഡിഎഫിനും എക്കാലവും കരുത്തുപകരുന്ന മധ്യകേരളത്തില്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ പിന്തുണ നിര്‍ണായകമാണെന്നും ജോസ് കെ മാണി ഇടതുചേരിയില്‍ ചേക്കേറുന്നതോടെ ഈ നഷ്ടം മുന്നണിക്ക് മോശമല്ലാത്ത ആഘാതം കുറഞ്ഞത് 20 മണ്ഡലങ്ങളിലെങ്കിലും
വരുത്തിവയ്ക്കുമെന്ന് കോണ്‍ഗ്രസ് മനസിലാക്കിയിട്ടില്ല. കാല്‍ നൂറ്റാണ്ടിലെ വോട്ടിംഗ് കണക്കുകള്‍ ഒരു മണിക്കൂര്‍ നിഷ്പക്ഷമായി പഠിച്ചാല്‍ ഈ വസ്തുത ആര്‍ക്കും മനസിലാക്കാവുന്നതേയുള്ളു. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ പിന്തുണയേക്കാള്‍ കോണ്‍ഗ്രസിനു കരുത്തു പകര്‍ന്നിട്ടുള്ളത് കെഎം മാണിയുടെ കേരള കോണ്‍ഗ്രസാണെന്നതില്‍ എന്തിനു സംശയിക്കണം. ഇടുക്കി ഉള്‍പ്പെടെ ഒന്നോ രണ്ടോ ജില്ലകളിലും പ്രദേശങ്ങളിലും ജോസഫ് വിഭാഗം നിര്‍ണായശക്തിയായേക്കാം.
ഐക്യജനാധിപത്യ മുന്നണിയില്‍ കെഎം മാണിക്കുള്ള രാഷ്ട്രീയ പാരമ്പര്യവും നേതൃവൈഭവവും പിജെ ജോസഫിനില്ല എന്നതാണല്ലോ ചരിത്രം. കെഎം മാണിയെ മുന്‍നിറുത്തിയാണ് മധ്യകേരളത്തിലെ ക്രൈസ്തവമേഖലയില്‍ കെ കരുണാകരന്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് എക്കാലവും തന്ത്രപരമായ കരുക്കള്‍ നീക്കിയിരുന്നത്. ഇന്ദിരാഗാന്ധിയുടെ കാലം മുതല്‍ കേരളത്തിലെ യുഡിഎഫ് രാഷ്ട്രീയ ചര്‍ച്ചകളില്‍ കെഎം മാണിയെ വിളിച്ചുവരുത്തിയിരുന്നതും അഭിപ്രായം തേടിയിരുന്നതും കാലം വിസ്മരിച്ചിട്ടില്ല.
ഇകെ നായരോടൊപ്പം ചുരുങ്ങിയ കാലത്ത് മാണി ഇടതിനൊപ്പം നിലകൊണ്ടിട്ടുണ്ട് എന്നത് ശരി. പക്ഷെ നാലു പതിറ്റാണ്ടോളം കോണ്‍ഗ്രസും കെഎം മാണിയും ഒരു മരത്തിന്റെ ബലമുള്ള രണ്ടു ചില്ലകളായിരുന്നു. പിജെ ജോസഫ് വിഎസ് അച്യുതാനനുമൊപ്പം ഏഴു വര്‍ഷത്തോളം ഇടതിനൊപ്പം നിലകൊണ്ടിട്ടുണ്ട്. മാത്രമല്ല മുന്നണിക്കുള്ളില്‍ നിലകൊണ്ടും ഒരു മുന്നണിയിലും പെടാതെയും സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് പാര്‍ലമെന്ററി വ്യാമോഹം നടത്തിയിട്ടുണ്ട്. ആ വേളകളിലൊക്കെ പിജെ ജോസഫ് മാണിയുടെയും യുഡിഎഫിന്റെയും വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തി നേട്ടമുണ്ടാക്കാനേ ശ്രമിച്ചതല്ലാതെ ഇടതുമുന്നണിയുടെ ഒരു വോട്ടു പോലും സ്വന്തം പെട്ടിയില്‍ വീഴത്താന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം.
കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ആറു സീറ്റുതികച്ചു നേടിയ ജില്ല മലപ്പുറം കഴിഞ്ഞാല്‍ കോട്ടയമായിരുന്നു. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെയും കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും ഈസി വാക്ക് ഓവറിനു പിന്നില്‍ കോണ്‍ഗ്രസിന്റെ വോട്ടു മാത്രമാണെന്ന് അരിയാഹാരം കഴിക്കുന്നവരൊന്നും പറയില്ല. മറിച്ച് കോട്ടയത്തും പുതുപ്പള്ളിയിലും മാണിയുടെ വോട്ടും മാണി അണികളുടെ ഉറച്ച പിന്തുണയുമാണ് ചാണ്ടിക്കും തിരുവഞ്ചൂരിനും നേട്ടമായത്. ജോസ് കെ മാണി ഒഴിവാകുന്ന സാഹചര്യത്തിലാണ് ഈ നേതാക്കള്‍പോലും രാഷ്ട്രീയ സാഹചര്യം തിരിച്ചറിയാന്‍ പോകുന്നത്. എന്തിന് ജോസഫ് വിഭാഗത്തിന് എടുത്തു പറാന്‍ പറ്റിയ നേതാവോ ഒരു പഞ്ചായത്ത് മെംബറോ ഈ രണ്ടിടത്തുമില്ലതാനും.
കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനുള്ള ആളാരവത്തിന്റെ പത്തിലൊന്നുപോലും ജോസഫ് വിഭാഗത്തിനില്ലെന്ന് ആര്‍ക്കും അറിയാം. പ്രത്യേകിച്ചും കോട്ടയം, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍. കടുത്തുരുത്തിയിലും തൊടുപുഴയിലും കോണ്‍ഗ്രസിന്റെ പിന്തുണയില്‍ ജോസഫ്
വിഭാഗത്തിന് ഈസി ജയം എളുപ്പമല്ല. കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും തൊടുപുഴയില്‍ സാക്ഷാല്‍ പിജെ ജോസഫും തോറ്റ ചരിത്രമുണ്ടല്ലോ. കോണ്‍ഗ്രസിലെ അതൃപ്തരായ ഒരു നിര നേതാക്കള്‍ 1964ല്‍ സ്ഥാപിച്ച പ്രസ്ഥാനമായ കേരള കോണ്‍ഗ്രസിനെ എക്കാലവും പിളര്‍ത്താനല്ലാതെ വളര്‍ത്താല്‍ കോണ്‍ഗ്രസ് ശ്രമിച്ചിട്ടുമില്ല. ഈ പിളര്‍പ്പുകളെയും കരുണാകരന്‍ ഉള്‍പ്പെടെയുള്ളവരുടെ ചവിട്ടുകളെയും അതിജീവിച്ചു കേരള കോണ്‍ഗ്രസ് നിലകൊള്ളുന്നത് ശക്തമായ രാഷ്ട്രീയ അടിത്തറയുള്ളതുകൊണ്ടാണ്. ഇടുക്കി, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, ഇരിങ്ങാലക്കുട, പാലാ, പൂഞ്ഞാര്‍,കോട്ടയം, പത്തനംതിട്ട, തിരുവല്ല തുടങ്ങിയ ഇരുപതോളം മണ്ഡലങ്ങളില്‍ മാണിയുടെ വോട്ടുകളാണ് കോണ്‍ഗ്രസിനു നിര്‍ണായകം. എന്നൊക്കെ കോണ്‍ഗ്രസ് കേരളം ഭരിച്ചിട്ടുണ്ടോ അന്നൊക്കെ ഈ മണ്ഡലങ്ങള്‍ യുഡിഎഫിനൊപ്പമായിരുന്നുതാനും.
അഞ്ചു സീറ്റില്‍ കൂടുതല്‍ ആള്‍ബലം നിരത്താന്‍ ജോസഫിന് ഒരിക്കലും സാധിച്ചിട്ടുമില്ല. കോണ്‍ഗ്രസ് ഒപ്പം നിറുത്തുന്ന പിജെ ജോസഫിന് 79 വയസ് തികഞ്ഞിരിക്കെ ചടുലമായ ഒരു രാഷ്ട്രീയ മുന്നേറ്റത്തില്‍ യുഡിഎഫിനെ നയിക്കാന്‍ ശേഷിയുണ്ടോ അണികളില്‍ എത്രത്തോളം പേര്‍ ഒപ്പമുണ്ട് എന്നതാണ് പ്രസക്തം. നിലവില്‍ ഒരു നിര നേതാക്കള്‍ ജോസഫിനപ്പമുണ്ടെങ്കിലും അണികളുടെ ആളാരവം
കണ്ടറിയേണ്ടിയിരിക്കുന്നു.
കോണ്‍ഗ്രസില്‍ ദേശീയതലത്തിലും കേരളത്തിലും എക്കാലവും പ്രബലമായ മൂന്നും നാലും ഗ്രൂപ്പുകളുണ്ട്. ഒരു നേതാവ് ഒരു ഗ്രൂപ്പ് എന്നതാണ് പലപ്പോഴും അനുഭവം. ഐ ഗ്രൂപ്പില്‍ തന്നെ തിരുത്തല്‍ ഗ്രൂപ്പ്. എ ഗ്രൂപ്പില്‍ തന്നെ സുധീരന്‍ ഗ്രൂപ്പും മറ്റും. ഇപ്പോള്‍ തന്നെ ഐയും എയും മുരളിയും തിരുത്തലുമൊക്കെയായി നാലു ചേരികളുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഓരോ കാലത്തും ജനത്തെ വെറുപ്പിച്ചതും തെരഞ്ഞെടപ്പുകളില്‍ തോല്‍വി നുണഞ്ഞതിനും പിന്നില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പിസവും കാലുവാരലുമായിരുന്നു എന്നതാണ് സത്യം. അതാണ് കഴിഞ്ഞ നിയമസഭയില്‍ കോണ്‍ഗ്രസ് ഇത്രത്തോളം ശോഷിച്ചുപോയതും.
ജോസ് കെ മാണി വിട്ടുപോയാലും കോണ്‍ഗ്രസിലെ ഗ്രൂപ്പിസം തീരുമെന്ന് ആരും കരുതേണ്ടതുമില്ല. പാര്‍ലമെന്ററി വ്യാമോഹത്തില്‍ പാര്‍ട്ടി മുന്നണി ബന്ധങ്ങളെ തകര്‍ക്കുന്നതില്‍ ജോസഫ് ഒരിക്കലും മോശക്കാരനായിരുന്നില്ലതാനും. തനിച്ചും കരുണാകരനൊപ്പവും എല്‍ഡിഎഫിനൊപ്പവുമൊക്കെയായി നിലകൊണ്ടിട്ടുള്ള ജോസഫ് വിഭാഗം എത്രനാള്‍ കോണ്‍ഗ്രസിനൊപ്പം നിലകൊള്ളുമെന്ന് കണ്ടറിയണം. ജോസഫിനെ വിഴുങ്ങാനിരിക്കുന്ന കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസ് മത്സരിച്ച 10 സീറ്റുകള്‍ പിടിച്ചെടുക്കാനും ജോസഫിനെ 5 സീറ്റുകളില്‍ മെരുക്കാനുമാണ് നീക്കം.
ഇതൊന്നുമറിയാതെ 15 സീറ്റിലും സ്ഥാനാര്‍ഥിയെ നിറുത്തുമെന്നു പറയുന്ന ജോസഫിനെ എത്രനാള്‍ കോണ്‍ഗ്രസ് പരിപാലിക്കും. തന്നെയുമല്ല ജോസഫ് വിഭാഗത്തില്‍ മത്സരിക്കാന്‍ 20 പേരെങ്കിലും കച്ചകെട്ടിനില്‍ക്കുകയും ചെയ്യുന്നുണ്ട്. ഇടുക്കിയിലും മൂവാറ്റുപുഴയിലും കര്‍ഷമിത്രം ലേബലില്‍ ജോസഫ് മുന്നണിയില്‍ നിന്നു തന്നെ സ്വതന്ത്രനായി ലോക്സഭ സ്വപ്നം കണ്ടു മത്സരിച്ച ചരിത്രമുണ്ട്. പിസി തോമസിനെതിരെ മൂവാറ്റുപുഴയില്‍നിന്നു ലോക് സഭയിലേക്ക് വിമത സ്വതന്ത്രനായി മത്സരിച്ചു പരമദയനീയമായി തോറ്റതൊക്കെ ചരിത്രമാണല്ലോ.
പിന്നീടാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റില്‍ മത്സരിക്കാനെത്തി പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമാക്കിയത്. ലോകസഭയില്‍ കേരള കോണ്‍ഗ്രസിന് മത്സരിക്കാന്‍ യുഡിഎഫില്‍ മൂന്നു സീറ്റുകള്‍ കിട്ടിയ കാലമുണ്ട്. മുകുന്ദപുരവും കോട്ടയവും മൂവാറ്റുപുഴയും. ഇക്കാലത്തൊക്കെ മുകുന്ദപുരം ജോസഫ് വിഭാഗത്തിനും കോട്ടയവും മൂവാറ്റുപുഴയും മാണി വിഭാഗത്തിനുമായിരുന്നു. അന്നൊരിക്കലും മുകുന്ദപുരത്തു നില്‍ക്കാന്‍ പോകാത്ത ജോസഫാണ് കോട്ടയത്തും ഇടുക്കിയിലുമൊക്കെ ഓരോ കാലത്തും കുളം കലക്കാന്‍ കച്ചകെട്ടിയിറങ്ങിയതെന്നോര്‍ക്കണം. പാലാ നിയമസഭ ഉപതരെഞ്ഞെടപ്പില്‍ ടോം ജോസ് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയല്ലെന്നു
പറയുകയും സ്വന്തം സ്ഥാനാര്‍ഥിയെ നിറുത്തുകയും മാത്രമല്ല രണ്ടില ചിഹ്നം നല്‍കാതിരിക്കാന്‍ നെറി കെട്ട കളികള്‍ നടത്തുകയും ചെയ്തപ്പോഴാണ് കൈതച്ചക്ക കടമെടുക്കേണ്ടിവന്നത്. തന്നെയുമല്ല ടോം ജോസ് വിജയസാധ്യതയില്ലാത്ത സ്ഥാനാര്‍ഥിയാണെന്നും വരെ പരസ്യ പ്രസ്ഥാവന
നടത്തിയതും ചരിത്രമാണല്ലോ. കളം കലക്കുകയെന്ന തന്ത്രമാണ് നിലവില്‍ ജോസഫിന്റേത് . ഇതാനായി കോണ്‍ഗ്രസ് പിജെ ജോസഫിനെ വിദഗ്ധനായി ഉപയോഗിക്കുന്നു അത്രമാത്രം. ജോസ് കെ മാണി മുന്നണി വിടുന്നത് ശാശ്വതമായി യുഡിഎഫിനു നേട്ടമാകില്ല.
https://www.facebook.com/Malayalivartha


























