സന്ധിവാതത്തിന് മഞ്ഞള്‍ ഉത്തമ പ്രതിവിധി; ഓസ്ട്രേലിയയിലെ മലയാളി ഡോക്ടറുടെ പഠനത്തിന് അമേരിക്കന്‍ ജേണലിന്റെ അംഗീകാരം

മഞ്ഞള്‍ സന്ധിവാതത്തിന് ഉത്തമമാണെന്ന ഓസ്ട്രേലിയയിലെ മലയാളി ഡോക്ടറുടെ പഠനത്തിന് അമേരിക്കന്‍ ജേണലിന്റെ അംഗീകാരം. വൈദ്യശാസ്ത്ര ജേണലായ ആനുവല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിനിലാണ് മഞ്ചേരി സ്വദേശിയായ ഡോ. ബെന്നി ആന്റണി പ്രിന്‍സിപ്പല്‍ ഇന്‍സ്ട്രക്ടറായ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. വൈദ്യശാസ്ത്രരംഗത്തെ മുന്‍നിര നേട്ടങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ജേണല്‍ അമേരിക്കന്‍ കോളജ് ഓഫ് ഫിസിഷ്യന്‍സാണ് പുറത്തിറക്കുന്നത്.
ടാന്‍സ്മാനിയ സര്‍വകലാശാലയിലെ മെന്‍സിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ ശാസ്ത്രജ്ഞനാണ് ബെന്നി. ഓസ്ട്രേലിയയിലെ ഹൊബാര്‍ട്ടിലാണ് താമസം. ഗവേഷണങ്ങള്‍ക്കൊടുവില്‍ മുട്ടുവേദനയുള്ള 70 പേരെ പഠനവിധേയമാക്കിയാണു മഞ്ഞളില്‍നിന്നു വേര്‍തിരിച്ചെടുക്കുന്ന കുര്‍കുമിന്‍ എന്ന ഘടകം സന്ധിവേദന മാറ്റാന്‍ ഗുണകരമാണെന്നു കണ്ടെത്തിയത്.
വേദനയ്ക്കു കുറവുണ്ടായെന്നതു കൂടാതെ ശരീരത്തിന് ഗുണകരമായ മാറ്റങ്ങളുമുണ്ടായി. സന്ധികളിലെ ശാരീരിക വ്യതിയാനവും സംഘം പഠനവിധേയമാക്കിയിരുന്നു. സന്ധിവാതത്തിനു ഫലപ്രദമായ ചികിത്സയില്ലാത്ത സാഹചര്യത്തില്‍ പഠനം ശ്രദ്ധേയമാകുമെന്നു കരുതുന്നതായി ഡോ. ബെന്നി പറഞ്ഞു. മലപ്പുറം മഞ്ചേരി എത്തക്കാട്ട് പരേതനായ ആന്റണിയുടെയും മേരിയുടെയും മകനാണു ഡോ.ബെന്നി.
https://www.facebook.com/Malayalivartha


























