വനം വകുപ്പുമായി ബന്ധപ്പെട്ട ലക്ഷങ്ങളുടെ കരാര്‍ ജോലികള്‍ നല്‍കുന്നതില്‍ ഒത്തുകളി

വനം വകുപ്പുമായി ബന്ധപ്പെട്ട കരാര്‍ ജോലികള്‍ നല്‍കുന്നതില്‍ ഒത്തുകളിയെന്ന് ആരോപണം. ലക്ഷങ്ങളുടെ കരാര്‍ ജോലികള്‍ ഏറ്റെടുത്ത് ചെയ്യുന്നത് വകുപ്പില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരാണെന്നും ഭാര്യമാരുടെ പേരില്‍ ഉള്‍പ്പെടെ ലൈസന്‍സ് സംഘടിപ്പിച്ച്, ജോലികള്‍ വീതം വച്ചെടുക്കുന്നതോടെ എസ്റ്റിമേറ്റ് തുകയില്‍ നിന്ന് വലിയ വര്‍ധന വരുത്തി പൂര്‍ത്തിയാക്കേണ്ടി വരുന്നതായും ആരോപണം ഉയര്‍ന്നു തുടങ്ങി.
കരാര്‍ ജോലികള്‍, വിജിലന്‍സ് കേസില്‍ സര്‍ക്കാര്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയ വ്യക്തിക്കു വരെ നല്‍കിയതിന്റെ വിവരങ്ങളും പുറത്തു വന്നു. തേക്ക് ഡിപ്പോകളില്‍ തടി അട്ടി വയ്പ്, നഴ്‌സറികളിലെ പ്ലാന്റിങ്, കാട്ടു തീ തടയാനുള്ള ഫയര്‍ലൈന്‍ തെളിക്കല്‍, കിടങ്ങുകളുടെ നിര്‍മാണം, ഉള്‍വനത്തിലെ തടയണകളുടെ നിര്‍മാണം,ട്രെക്കിങ് പാത്തുകളുടെ നിര്‍മാണം തുടങ്ങിയ ഉള്‍വനത്തില്‍ നടക്കുന്ന ജോലികള്‍ പങ്കിട്ടെടുക്കുന്നതിലാണ് വന്‍ ഒത്തുകളി നടക്കുന്നത്. റേഞ്ച് ഓഫിസര്‍മാരായും ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍മാരായും വിരമിച്ചവരാണ് ഇടപാടുകള്‍ക്കു പിന്നില്‍.
25 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായി വിജിലന്‍സ് കണ്ടെത്തിയതിനെ തുടര്‍ന്ന് കൊല്ലം കുളത്തൂപ്പുഴ സെന്‍ട്രല്‍ നഴ്‌സറിയിലെ റേഞ്ച് ഓഫിസറായി വിരമിച്ച ഒരു ഉദ്യോഗസ്ഥനെതിരെ സര്‍ക്കാര്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയിരുന്നു. 2018 മേയില്‍ വിരമിച്ച ശേഷം തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി ലക്ഷക്കണക്കിന് രൂപയുടെ പ്രവൃത്തികളാണ് ഇയാള്‍ ലേലം കൊണ്ടിരിക്കുന്നത്.
അച്ചന്‍കോവില്‍, അഞ്ചല്‍, കോതമംഗലം, തൃശൂര്‍, കോന്നി, പുനലൂര്‍ എന്നിവിടങ്ങളില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരും ഇപ്പോള്‍ കരാര്‍ ജോലി ഏറ്റെടുത്തിട്ടുണ്ട്. ലേലം കൊണ്ട ശേഷം ജോലികള്‍ വനം വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കു തന്നെ മറിച്ചുകൊടുക്കുന്ന രീതിയുമുണ്ടെന്ന് ആരോപണമുണ്ട്.
https://www.facebook.com/Malayalivartha


























