വിവാഹ തട്ടിപ്പുവീരന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും

പെണ്‍കുട്ടികളെ വശീകരിച്ച് വിവാഹം കഴിച്ച ശേഷം ആഭരണം തട്ടിയെടുത്ത് ഉപേക്ഷിച്ച് മുങ്ങിയ കേസില്‍ പ്രതിയായ കാസര്‍കോട് കുമ്പള സ്വദേശി ബാവ പ്രശാന്ത് എന്ന് വിളിക്കുന്ന ലോകേഷിനെതിരെ തിരുവനന്തപുരം രണ്ടാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും പുറപ്പെടുവിച്ചു. നവംബര്‍ 17 നകം ഇയാളെ അറസ്റ്റ് ചെയ്യാനും ഇയാളുടെ സ്ഥാവര - ജംഗമ സ്വത്തുക്കള്‍ കണ്ടുകെട്ടാനും കോടതി ഫോര്‍ട്ട് പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോടും വില്ലേജ് ഓഫീസറോടും ഉത്തരവിട്ടു.
ഒരു കുട്ടിയുടെ പിതാവും രണ്ടു പെണ്‍കുട്ടികളെ വിവാഹം കഴിച്ചിട്ടുള്ളയാളുമാണ് ലോകേഷ്. 11 വര്‍ഷം മുമ്പ് കുമ്പള സ്വദേശിയായ യുവതിയെ ഇയാള്‍ വിവാഹം ചെയ്തിരുന്നു. ഈ ബന്ധത്തില്‍ ഒരാണ്‍കുട്ടിയുമുണ്ട്. ഇതിനിടെ നാലു വര്‍ഷം മുമ്പ് കുമ്പള സ്വദേശിയായ യുവതിയെ ഉപേക്ഷിച്ച് എറണാകുളത്ത് വച്ച് പരിചയപ്പെട്ട റാന്നി സ്വദേശിയായ യുവതിയെ വിവാഹം കഴിച്ചു.തുടര്‍ന്ന് റാന്നിയിലും പിന്നീട് തിരുവനന്തപുരത്തെ മണക്കാട്ടും ആയിരുന്നു താമസം. ഈ കാലത്ത് ഇയാള്‍ കിഴക്കേകോട്ടയിലെ ഒരു ജ്യൂസ് കടയില്‍ ജോലി നോക്കി വരികയായിരുന്നു. അങ്ങനെ ജ്യൂസ് കടയ്ക്ക് എതിരെയുള്ള ഹോട്ടലിലെ ജീവനക്കാരിയായ കോട്ടയ്ക്കകം സ്വദേശിയായ 20കാരിയുമായി പ്രണയത്തിലായി. ഒരു മാസം മുമ്പ് ഹോട്ടല്‍ ജീവനക്കാരിയായ യുവതിയുമായി ആദ്യം ബാംഗ്‌ളൂരിലേക്കും പിന്നീട് എറണാകുളത്തേക്കും കടന്നു. ഇവിടങ്ങളില്‍ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചു.
വിവരമറിഞ്ഞ് റാന്നി സ്വദേശിയായ യുവതി ഫോര്‍ട്ട് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് കാസര്‍ഗോഡ് ജില്ലയില്‍ അന്വേഷണം നടത്തുന്നത് മണത്തറിഞ്ഞ ലോകേഷ് , ഒപ്പമുള്ള യുവതിയെ എറണാകുളത്തെ ലോഡ്ജില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. പെണ്‍കുട്ടിയുടെ നാലു പവന്‍ ആഭരണങ്ങളും കൈക്കലാക്കിയാണ് ഇയാള്‍ കടന്നത്. കാസര്‍ഗോഡ് കുമ്പളയില്‍ ഇയാള്‍ മറ്റൊരു യുവതിയുമായും പ്രണയത്തിലായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായി. 20 വയസ്സില്‍ താഴെ പ്രായമുള്ള സുന്ദരികളായ യുവതികളെയാണ് ഇയാള്‍ വശീകരിച്ച് വലയില്‍ വീഴ്ത്തിയിരുന്നത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 420 (വിശ്വാസ വഞ്ചന) , 494 ( ഭാര്യ ജീവിച്ചിരിക്കുമ്പോള്‍ വീണ്ടും വിവാഹം കഴിക്കല്‍) , 495 ( പിന്നീട് വിവാഹം കഴിച്ചയാളില്‍ നിന്ന് മുന്‍വിവാഹം ഒളിച്ചു വയ്ക്കല്‍) , 496 ( നിയമാനുസൃതമായ വിവാഹം കൂടാതെ വഞ്ചനാപൂര്‍വ്വകമായി വിവാഹച്ചടങ്ങ് നിര്‍വഹിക്കല്‍) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഫോര്‍ട്ട് പോലീസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.
"
https://www.facebook.com/Malayalivartha























