അങ്ങനെയോ കാര്യങ്ങള്‍... ഐഎന്റ്റിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരനെ സിബിഐ കേസിന്റെ പേരില്‍ വെറുതെ വിട്ടു; ചെറുവിരല്‍ അനക്കാതെ ചന്ദ്രശേഖരന്‍ ഊരി വന്നു; സിബിഐയുമായി ഇടംതിരിഞ്ഞ് നില്‍ക്കുന്ന പിണറായി പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചു

നിങ്ങള്‍ക്ക് പിണറായി സര്‍ക്കാരിന്റെ കൃപാകടാക്ഷം വേണോ? എങ്കില്‍ ഒരു സി ബി ഐ കേസില്‍ പ്രതിയായാല്‍ മതി. എങ്കില്‍ നിങ്ങള്‍ ബി ജെ പി ക്കാരനാണെങ്കില്‍ പോലും പിണറായി സര്‍ക്കാര്‍ നിങ്ങളെ കെട്ടി പിടിച്ച് ഉമ്മവയ്ക്കും.
ഐ.എന്‍ റ്റി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരനെയാണ് സി ബി ഐ കേസിന്റെ പേരില്‍ പിണറായി വെറുതെ വിട്ടത്. ഇതിന് വേണ്ടി ചന്ദ്രശേഖരന് ചെറുവിരല്‍ അനക്കേണ്ടി വന്നില്ല.
കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസിലെ പ്രതിയായിരുന്നു ചന്ദ്രശേഖരന്‍. അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ സി ബി ഐ തീരുമാനിച്ചു. സര്‍ക്കാരാണ് പ്രേസിക്യൂഷന്‍ അനുമതി നല്‍കേണ്ടത്. എന്നാല്‍ സി ബി ഐയുമായി ഇടംതിരിഞ്ഞ് നില്‍ക്കുന്ന പിണറായി പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചു. ചന്ദ്രശേഖരന് പുറമേ അഴിമതിക്കേസില്‍ പ്രതിയായ കമ്പനി മുന്‍ എം ഡി രതീശന്‍ സിബിഐ പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചു. തെളിവുകളുടെ അഭാവത്തില്‍ പ്രോസിക്യൂഷന്‍ അനുമതിയില്ലെന്നാണ് വ്യവസായ വകുപ്പ് സിബിഐക്ക് നല്‍കിയ മറുപടി. 500 കോടിലേറെ അഴിമതി നടന്നുവെന്ന ഹര്‍ജിയില്‍ ഹൈക്കോടതിയിലാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ചുരുക്കത്തില്‍ ഹൈക്കോടതി പറഞ്ഞാലൊന്നും പിണറായി അനങ്ങില്ല.
അടഞ്ഞ് കിടക്കുകയായിരുന്ന കോര്‍പ്പറേഷന്‍ ഫാക്ടറികള്‍ തുറക്കാന്‍ 2015 ലെ ഓണക്കാലത്ത് സര്‍ക്കാര്‍ നല്‍കിയ 30 കോടി വിനിയോഗിച്ച് തോട്ടണ്ടി വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന പരാതിയിലായിരുന്നു വിജിലന്‍സ് അന്വേഷണം നടത്തിയത്. തോട്ടണ്ടി ഇറക്കുമതിയില്‍ ആറു കോടി രൂപയുടെ അഴിമതി നടന്നുവെന്ന പരാതിയിലാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരുന്നത്. കോര്‍പറേഷന്‍ മുന്‍ ചെയര്‍മാന്‍ ആര്‍ ചന്ദ്രശേഖരന്‍ ഉള്‍പ്പടെ നാലുപേരെ പ്രതികളാക്കിയായിരുന്നു വിജിലന്‍സ് കേസെടുത്തിരുന്നത്.
തോട്ടണ്ടി ഇറക്കിയ ജെ.എം.ജെ ട്രേഡേഴ്‌സ് ഉടമ ജയ്‌മോന്‍ ജോസഫ്, ക്വാളിറ്റി ടെസ്റ്റ് നടത്തിയ ഏജന്‍സിയുടെ കൊല്ലം മാനേജര്‍ എസ്. ഭുവനചന്ദ്രന്‍ എന്നിവരായിരുന്നു മൂന്നും നാലും പ്രതികള്‍. 2015 ലെ ഓണത്തിന് സെക്രട്ടേറിയറ്റിന് മുന്നില്‍ ആര്‍. ചന്ദ്രശേഖരന്‍ നിരാഹാരം കിടന്നതിനെ തുടര്‍ന്ന് 30 കോടി രൂപ കോര്‍പറേഷന് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതില്‍നിന്ന് 23.4 കോടിക്ക് 2000 ടണ്‍ തോട്ടണ്ടിയാണ് ഇറക്കുമതി ചെയ്തത്.ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് ഐ.എന്‍. റ്റി യു സി നേതാവ് നിരാഹാരം കിടന്നത്. ഐ ഗ്രൂപ്പുകാരനായ ചന്രശേഖരന്റെ നടപടിയില്‍ അന്നേ ഉമ്മന്‍ ചാണ്ടി കലിച്ചിരുന്നു
തോട്ടണ്ടി ഇടപാടില്‍ അഞ്ചുകോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് കാട്ടി പൊതുപ്രവര്‍ത്തകനായ കടകംപള്ളി മനോജ് അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോളിന് പരാതി നല്‍കിരുന്നു. തുടര്‍ന്ന് ക്വിക് വെരിഫിക്കേഷന്‍ നടത്താന്‍ കൊല്ലം വിജിലന്‍സ് ഡിവൈ.എസ്.പി രാധാകൃഷ്ണപിള്ളയെ ചുമതലപ്പെടുത്തി. അത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തി. സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ കിലോക്ക് 103107 രൂപ നിരക്കില്‍ തോട്ടണ്ടി വാങ്ങിയപ്പോള്‍ കോര്‍പറേഷന്‍ 117 രൂപയാണ് കിലോക്ക് നല്‍കിയത്. 2000 ടണ്‍ തോട്ടണ്ടി ഇറക്കുമതി ചെയ്തതില്‍ 2.86 കോടിയുടെ നഷ്ടം ഉണ്ടെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടത്തിയത്.
ടെന്‍ഡര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് കോട്ടയത്തെ കമ്പനിക്ക് കരാര്‍ നല്‍കിയതെന്നും കണ്ടത്തിയിരുന്നു. ടെന്‍ഡര്‍ നല്‍കിയതിലെ അഴിമതി കൂടാതെ അളവില്‍ വെട്ടിപ്പും തോട്ടണ്ടിക്ക് ഗുണനിലവാരമില്ലാത്തതും ഉള്‍പ്പെടെ ആരോപണം ഉയര്‍ന്നിരുന്നു. അന്വേഷണം പൂര്‍ത്തിയാക്കി ഡിസംബര്‍ 23ന് അന്തിമ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അനുമതി നല്‍കിയില്ല.
കൂടാതെ, വിജിലന്‍സ് ഡിവൈ.എസ്.പി രാധാകൃഷ്ണ പിള്ളയെ തല്‍സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിന തുടര്‍ന്ന് പരാതിക്കാരനായ കടകംപള്ളി മനോജ് തിരുവനന്തപുരം വിജിലന്‍സ് കോടതിയെ സമീപിച്ചിരുന്നു. സി.ബി.ഐ കേസ് അന്വേഷിക്കുന്നതിനാല്‍ ഇടപെടാന്‍ കഴിയില്ലെന്നാണ് ഡയറക്ടര്‍ കോടതിയെ അറിയിച്ചത്. അത് സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു. വിജിലന്‍സ് മേധാവിയായി ജേക്കബ് തോമസ് ചുമതലയേറ്റതോടെയാണ് തുടര്‍നടപടിയുണ്ടായത്.
കെ.എ. രതീഷ് കേസില്‍ പ്രതിയായതാണ് ചന്ദ്രശേഖരനെ തുണച്ചത്. പിണറായിയുമായി ചന്ദ്രശേഖരന് നല്ല ബന്ധമുണ്ട്. സി ഐ ടി യു പതിനാലാമത് സംസ്ഥാന സമ്മേളനത്തില്‍ പിണറായി ചന്ദ്രശേഖരനെയും ക്ഷണിച്ചിരുന്നു. കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ലഭിക്കാത്ത നീതിയാണ് ചന്ദ്രശേഖരന് കിട്ടിയത്.
സി ബി ഐയും സി പി എമ്മും തമ്മിലുള്ള വൈരം നാള്‍ക്കുനാള്‍ വളരുകയാണ്. കണ്ണൂരിലെ കൊലപാതകങ്ങളില്‍ സി ബി ഐ സ്വീകരിച്ച കര്‍ശന നിലപാടുകളാണ് അടുത്തകാലത്തായി സി പി എമ്മിനെ ക്ഷീണിപ്പിച്ചത്.കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും നോട്ടമിടുന്ന സി ബി ഐയെ സി പി എമ്മിന് ഒട്ടും വിശ്വാസം പോരാ. ലാവ്‌ലിന്‍ കേസില്‍ സിബി ഐ സ്വീകരിച്ച നിലപാടാണ് ഏറ്റവുമൊടുവില്‍ സി പി എമ്മിനെ വെറുപ്പിച്ചത്.സുപ്രീം കോടതിയുടെ സഹായം കൊണ്ട് മാത്രമാണ് കേസില്‍ ഏതാനും ദിവസങ്ങളുടെ ആനുകൂല്യം പിണറായിക്ക് കിട്ടിയത്. ബി ജെ പി സര്‍ക്കാരും പിണറായിയും തമ്മിലുള്ള ഇക്വേഷന്‍ തെറ്റിയതോടെയാണ് ലാവ് ലിന്‍ ഉള്‍പ്പെടെയുള്ള കേസുകളില്‍ സി ബി ഐ സര്‍ക്കാരിനെതിരെ തിരിഞ്ഞത്. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകള്‍ തന്നെയാണ് സി ബി ഐക്കും ബാധകം. മറ്റേതൊരു അന്വേഷണ ഏജന്‍സിയെക്കാളും കേന്ദ്ര സര്‍ക്കാരിന്റെ വാക്കുകള്‍ക്ക് സി ബി ഐ വലിയ വില കല്‍പ്പിക്കുന്നുണ്ട്. അതു കൊണ്ടാണ് ഐ. എന്‍. റ്റിയു സി നേതാവിന്റെ കാര്യത്തിലും സി ബി ഐ പിടിമുറുക്കിയത്.
വലത് പക്ഷത്തെ പ്രമുഖ ദിനപത്രം അവരുടെ മുഖപ്രസംഗത്തിലൂടെ ചന്ദശേഖരനെതിരെ രംഗത്തെത്തി. കോണ്‍ഗ്രസുകാരന്റെ അഴിമതിക്ക് ഇടതുപക്ഷം കുടപിടികുന്നതിനെതിരെയായിരുന്നു മുഖപ്രസംഗം. ഇത് ചന്ദ്രശേഖരന്‍ ഐ ഗ്രൂപ്പുകാരനായതു കൊണ്ടാകാം.
ഡി ബി ഐയെ കേരള മണ്ണില്‍ നിന്ന് തുടച്ചു നീക്കുക എന്നതാണ് ഇടതു സര്‍ക്കാരിന്റെ നയം. അതിനവര്‍ ഏതറ്റം വരെയും പോകും. ലാവ്‌ലിന്‍ കേസില്‍ സി ബി ഐയുടെ നിലപാടുകള്‍ പിണറായിക്ക് ഉപദ്രവമാകുമെന്ന് പാര്‍ട്ടി മനസിലാക്കി കഴിഞ്ഞു. സി ബി ഐക്കെതിരെ തിരിഞ്ഞ് അന്വേഷണങ്ങളെല്ലാം രാഷ്ട്രീയ പകപോക്കലാണെന്ന് വരുത്തി തീര്‍ക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്.
"
https://www.facebook.com/Malayalivartha