കോണ്‍ക്രീറ്റ് മിക്സിങ് യന്ത്രത്തില്‍ ബൈക്കിടിച്ച് നവവരന്‍ മരിച്ചു; രണ്ടാഴ്ച മുന്‍പായിരുന്നു വിവാഹം

മൂവാറ്റുപുഴയില്‍ ഇന്നലെ രാത്രി 7-ന് പെരുമ്പല്ലൂര്‍ ഗ്രാന്‍ഡ്മാസ് കമ്പനിക്കു സമീപം പൊതുവഴിയില്‍ അശ്രദ്ധമായി നിര്‍ത്തിയിട്ടിരുന്ന കോണ്‍ക്രീറ്റ് മിക്സിങ് യന്ത്രത്തിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മൂവാറ്റുപുഴ പെരുമ്പല്ലൂര്‍ പോളക്കല്‍ വീട്ടില്‍ ഗോപാലകൃഷ്ണന്റെയും സുഭദ്രയുടെയും മകന്‍ സുശീല്‍ ഗോപാലകൃഷ്ണന്‍ (31) ആണു മരിച്ചത്. രണ്ടാഴ്ച മുന്‍പായിരുന്നു സുശീലിന്റെ വിവാഹം.
ഇറക്കം ഇറങ്ങി വരുന്ന ഭാഗത്തു കിടന്നിരുന്ന യന്ത്രം പെട്ടെന്നു കാണാനാകില്ല. ചാറ്റല്‍ മഴയും ഉണ്ടായിരുന്നു. ഇതാണ് അപകടത്തിനു കാരണമായതെന്നു നാട്ടുകാര്‍ പറഞ്ഞു. നിര്‍മാണ തൊഴിലാളിയായ സുശീല്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.
അപകടത്തിനു കാരണമായ യന്ത്രം റോഡിലേക്കു കയറ്റിയിട്ടപ്പോള്‍ തന്നെ നാട്ടുകാര്‍ ചോദ്യം ചെയ്തിരുന്നു. എന്നിട്ടും യന്ത്രം കൊണ്ടുവന്നവര്‍ ഇതു മാറ്റിയിടാന്‍ തയാറായില്ല.
ലൈഫ് പദ്ധതിയില്‍ വീടിനപേക്ഷിച്ചിരിക്കുകയായിരുന്നു നിര്‍ധന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന സുശീല്‍. ഇപ്പോഴുള്ള വീട്ടില്‍ വൈദ്യുതി പോലുമില്ലെന്ന് പഞ്ചായത്തംഗം ബിജു തോട്ടുപുറം പറഞ്ഞു. വിജിതയാണു സുശീലിന്റെ ഭാര്യ. സിഷ സഹോദരിയാണ്.
https://www.facebook.com/Malayalivartha