ഞെട്ടിത്തരിച്ച് സഖാക്കള്‍... എത്ര ചോദ്യം ചെയ്തിട്ടും എം. ശിവശങ്കര്‍ അണുവിട മാറാതെ തന്റെ ഭാഗം ന്യായീകരിച്ചു കൊണ്ടിരുന്നു; ഇനിയും ശിവശങ്കറിനെ ഇങ്ങനെ വിട്ടാല്‍ അന്വേഷണം നിലയ്ക്കുമെന്ന ഘട്ടത്തില്‍ വജ്രായുധം എടുത്ത് ഇഡി; ശിവശങ്കറിന്റെ മനസാക്ഷി സാമ്പത്തിക സൂക്ഷിപ്പുകാരനായ പി. വേണുഗോപാലിനെ എത്തിച്ചതോടെ കളി മാറി

സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ തലങ്ങും വിലങ്ങും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിട്ടും ഒന്നും കിട്ടിയില്ല. എത്രയൊക്കെ ചോദിച്ചാലും തന്റെ ഭാഗം ന്യായീകരിക്കാനാണ് ശിവശങ്കര്‍ ശ്രമിച്ചത്. ഇതോടെ ഇഡി വജ്രായുധം തന്നെ പുറത്തെടുത്തു. ശിവശങ്കറിന്റെ സാമ്പത്തിക മനസാക്ഷി സൂക്ഷിപ്പുകാരനായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാല അയ്യരിനെ വിളിച്ചു വരുത്തി ഒരുമിച്ചിരുത്തി ചോദ്യം ചെയ്തതോടെ എല്ലാം മാറി മറിഞ്ഞു. ശിവശങ്കര്‍ നിക്ഷേധിച്ച കാര്യങ്ങള്‍ക്ക് അയ്യര്‍ ഉരുളയ്ക്കുപ്പേരി പോലെ ഓര്‍മ്മപ്പെടുത്തിയപ്പോള്‍ ശിവശങ്കര്‍ നന്നെ വിയര്‍ത്തു. പിന്നെ പിടിച്ചു നില്‍ക്കാനായില്ല.
എം. ശിവശങ്കറിന്റെ മൊഴികളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെ മൊഴികള്‍ അങ്ങനെ നിര്‍ണായകമാകുകയാണ്. ഇന്നലെ കൊച്ചി ഇ.ഡി. ഓഫീസില്‍ ഇരുവരെയും ഒരുമിച്ചുള്ള ചോദ്യം ചെയ്യലിലാണ് വേണുഗോപാല്‍ ശിവശങ്കറിന്റെ നേരിട്ടുള്ള ഇടപെടലുകള്‍ വെളിപ്പെടുത്തിയത്. ശിവശങ്കറും സ്വപ്നയും ഒരുമിച്ച് ആദ്യമായി തന്റെ വീട്ടില്‍ വരുമ്പോള്‍ കൈവശമുണ്ടായിരുന്ന ബാഗില്‍ 34 ലക്ഷം രൂപയുടെ നോട്ട് ഉണ്ടായിരുന്നതായി വേണുഗോപാല്‍ വെളിപ്പെടുത്തി. ശിവശങ്കര്‍ നിര്‍ദേശിച്ചതിനാലാണ് സംയുക്ത ഉടമസ്ഥതയിലുള്ള ലോക്കറില്‍ ഈ പണം നിക്ഷേപിക്കാന്‍ സമ്മതിച്ചത്. അതിനുശേഷം പലതവണ ലോക്കര്‍ തന്റെ പേരില്‍ നിന്നും മാറ്റണമെന്ന് ശിവശങ്കറിനോട് ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. ഈ വെളിപ്പെടുത്തലിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ശിവശങ്കര്‍ മിണ്ടിയില്ല.
കേസില്‍ വേണുഗോപാലിനെ സാക്ഷിയാക്കാനുള്ള സാധ്യതയേറി. സമാനമായ രീതിയില്‍ മുഖ്യമന്ത്രിയുടെ അസി. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെയും ശിവശങ്കറിനൊപ്പം ചോദ്യം ചെയ്യാനുള്ള നീക്കം പരാജയപ്പെട്ടു. കൊവിഡ് ബാധിതനായതിനാല്‍ രവീന്ദ്രന്‍ ഇന്നലെ ഹാജരായിരുന്നില്ല.
കഴിഞ്ഞ ദിവസം ശിവശങ്കറിന്റെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡി നീട്ടിയിരുന്നു. ആറ് ദിവസത്തേക്കാണ് കസ്റ്റഡി നീട്ടിയത്. ശിവശങ്കറിനെതിരെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ കസ്റ്റഡി നീട്ടണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡി കാലയളവില്‍ തനിക്ക് ആവശ്യത്തിന് വിശ്രമം ലഭിച്ചുവെന്നും ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചിട്ടില്ലെന്നും ശിവശങ്കര്‍ കോടതിയെ അറിയിച്ചു.
സര്‍ക്കാര്‍ പദ്ധതികളുടെ വിവരങ്ങള്‍ സ്വപ്‌നയ്ക്ക് നല്‍കിയതായി ശിവശങ്കര്‍ സമ്മതിച്ചെന്ന് ഇഡി കോടതിയെ അറിയിച്ചു. ലൈഫ് മിഷന്‍, കെ ഫോണ്‍ പദ്ധതി തുടങ്ങിയവയുടെ വിവരങ്ങളാണ് കൈമാറിയത്. വാട്‌സാപ്പ് ചാറ്റിലൂടെയായിരുന്നു കൈമാറ്റമെന്നും എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചു.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളാണ് ലൈഫ് മിഷന്‍ അടക്കമുളള പദ്ധതികളില്‍ ഇടപ്പെട്ടിരിക്കുന്നത്. ശിവശങ്കര്‍ നല്‍കിയ പല പദ്ധതികളുടെയും വിവരം സ്വപ്‌ന യൂണിടാക്ക് അടക്കമുളള കമ്പനികള്‍ക്ക് നല്‍കി. ഇത്തരത്തിലാണ് സ്വപ്‌നയ്ക്ക് കമ്മീഷന്‍ കിട്ടിയതെന്നും എന്‍ഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി. ലൈഫ് മിഷന്‍ കേസ് എന്‍ഫോഴ്‌സ്‌മെന്റിന് അന്വേഷിക്കാന്‍ പറ്റുമോയെന്ന് കോടതി ചോദിച്ചപ്പോഴാണ് ലൈഫ് മിഷനും സ്വര്‍ണക്കടത്തും തമ്മില്‍ ബന്ധമുണ്ടെന്ന് ഇ ഡി കോടതിയെ അറിയിച്ചത്. ലൈഫ് മിഷന്‍ വിവാദങ്ങളും ഇഡി കേസുമായി ബന്ധമില്ലെന്ന് ശിവശങ്കറിന്റെ അഭിഭാഷകന്‍ വാദിച്ചു.
സ്വര്‍ണക്കടത്ത് കേസിലെ മറ്റ് പ്രധാന പ്രതികളുമായും ശിവശങ്കറിന് ബന്ധമുണ്ടായിരുന്നുവെന്നാണ് ഇഡി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ പറയുന്നത്. ഇതിന് ശേഷമാണ് ഇഡി നിര്‍ണായക നീക്കം നടത്തിയത്. വേണുഗോപലിന്റെ വെളിപ്പെടുത്തലോടെ ആകെ തകര്‍ന്നിരിക്കുകയാണ് ശിവശങ്കര്‍. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്തുള്ള ഇഡിയുടെ നീക്കം സഖാക്കളെ വല്ലാതെ ഞെട്ടിപ്പിക്കുന്നുണ്ട്.
"
https://www.facebook.com/Malayalivartha