കോവിഡ് പോസിറ്റീവാകുകയോ ക്വാറന്റീനില്‍ കഴിയുകയോ ചെയ്യുന്ന വോട്ടര്‍ തപാല്‍ വോട്ടിന് 3 ദിവസം മുന്‍പ് അപേക്ഷിക്കണം

വോട്ടര്‍ കോവിഡ് പോസിറ്റീവാകുകയോ ക്വാറന്റീനില്‍ കഴിയുകയോ ചെയ്യുകയാണെങ്കില്‍ വോട്ടെടുപ്പിനു 3 ദിവസം മുന്‍പ് എങ്കിലും തപാല്‍ വോട്ടിനായി വരണാധികാരിക്ക് അപേക്ഷ നല്‍കണം. ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. തുടര്‍ന്ന് തപാല്‍ വോട്ട് ചെയ്യുന്നതിനുള്ള ബാലറ്റ് പേപ്പര്‍, വീട്ടില്‍ തപാല്‍മാര്‍ഗം എത്തിക്കും.
കോവിഡ് പോസിറ്റീവായ വ്യക്തിയുടെ വീട്ടില്‍ തപാല്‍മാര്‍ഗം ബാലറ്റ് പേപ്പര്‍ എങ്ങനെ എത്തിക്കുമെന്നതു സംബന്ധിച്ചു വ്യക്തമായ ചട്ടങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കും. തപാല്‍ ഉരുപ്പടികളുടെ വിതരണം ഇപ്പോള്‍ തന്നെ വൈകുന്ന സാഹചര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ അതിനാണ് ബന്ധുവിന്റെ കൈയില്‍ ഇതു കൊടുത്തുവിടാനുള്ള സംവിധാനമെന്നു കമ്മിഷന്‍ മറുപടി നല്‍കി.
വോട്ട് ചെയ്ത ശേഷം തപാല്‍ മാര്‍ഗമോ ബന്ധുക്കളുടെ കൈവശമോ വരണാധികാരിക്കു മുന്നില്‍ ബാലറ്റ് എത്തിക്കണം. വോട്ടെണ്ണല്‍ ദിനം രാവിലെ വരെ എത്തിക്കാം. വോട്ടിന്റെ രഹസ്യാത്മകത ഉറപ്പാക്കുന്ന രീതിയില്‍ പല കവറുകളിലായിട്ടാകും ബാലറ്റ്.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുന്ന തിരഞ്ഞെടുപ്പില്‍ ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍. സ്ഥാനാര്‍ഥികള്‍ കോവിഡ് പോസിറ്റീവായാല്‍ പ്രചാരണത്തില്‍ നിന്നു വിട്ടുനില്‍ക്കണം. തുടര്‍ന്ന് നെഗറ്റീവായ ശേഷം ആരോഗ്യവകുപ്പിന്റെ നിര്‍ദേശം പാലിച്ചു മാത്രമേ പ്രചാരണത്തിന് ഇറങ്ങാവൂ. സ്ഥാനാര്‍ഥികളെ കോവിഡ് പരിശോധന നടത്താന്‍ കമ്മിഷന്‍ നിര്‍ബന്ധിക്കില്ല. വീടുകളില്‍ പ്രചാരണത്തിനു പോകുമ്പോള്‍ സ്ഥാനാര്‍ഥി ഉള്‍പ്പെടെ 5 പേരെ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കു ഫെയ്‌സ് ഷീല്‍ഡ്, മാസ്‌ക്, കയ്യുറ, സാനിറ്റൈസര്‍ എന്നിവ കമ്മിഷന്‍ നല്‍കും.
പ്രശ്‌നബാധിത ബൂത്തുകളെക്കുറിച്ചുള്ള പട്ടിക ലഭ്യമായിട്ടില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി. ഭാസ്‌കരന്‍. ജില്ലാ പൊലീസ് മേധാവികള്‍ പട്ടിക നല്‍കുമ്പോള്‍ ഇതു കൈമാറുമെന്നാണ് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചത്. പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിങ് സൗകര്യം ഏര്‍പ്പെടുത്തുമെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു. ആവശ്യമെങ്കില്‍ വിഡിയോഗ്രഫിയും ഒരുക്കും. ഒരു ബൂത്തില്‍ ഒരു പൊലീസുകാരന്‍ എന്ന കണക്കിലാണു സേനയെ വിന്യസിക്കുക. ആവശ്യമെങ്കില്‍ എണ്ണം കൂട്ടും.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ തലേന്നോ 2 ദിവസം മുന്‍പോ കോവിഡ് പോസിറ്റീവാകുന്നവര്‍ ബൂത്തിലെത്തി വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന കാര്യത്തില്‍ തീരുമാനമായില്ല. കിറ്റ് ധരിപ്പിച്ച് ഇവര്‍ക്കു വോട്ട് ചെയ്യാന്‍ സൗകര്യം ഒരുക്കാമെന്ന ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം കമ്മിഷനു ലഭിച്ചിട്ടുണ്ട്. കിറ്റ് ആരോഗ്യവകുപ്പ് നല്‍കാമെന്നാണ് അറിയിച്ചിട്ടുള്ളത്. എന്നാല്‍, ഇതു ധരിക്കാന്‍ വോട്ടര്‍ തയാറാവുകയും ഇതിനായി പ്രത്യേക സമയം അനുവദിക്കുകയും വേണം. ഇക്കാര്യങ്ങള്‍ പരിശോധിക്കുകയാണെന്ന് കമ്മിഷണര്‍ വി.ഭാസ്‌കരന്‍ പറഞ്ഞു.
ഒരേ സമയം ബൂത്തില്‍ 3 വോട്ടര്‍മാരെയാണ് അനുവദിക്കുക. ബൂത്തിനു പുറത്തു സാമൂഹിക അകലം പാലിച്ചുവേണം ക്യൂ. നിശ്ചിത സമയത്തിനു മുന്‍പ് ബൂത്തില്‍ എത്തുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നല്‍കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക സമയം അനുവദിക്കില്ലെന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍. പൊതുവേ തിരക്കു കുറഞ്ഞ സമയമായ ഉച്ചയ്ക്ക് ഒരു മണി മുതല്‍ 2.30 വരെ അവര്‍ വോട്ടു ചെയ്യാനെത്തുന്നതാണ് ഉചിതമെന്നും കമ്മിഷന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha