അനൂപിന്റെ കാർഡ് ഉപയോഗിച്ച് കേരളത്തിൽ പലയിടത്തും ഇടപാടുകൾ നടന്നിട്ടുള്ളതായി ഇ.ഡിയുടെ നിർണായക കണ്ടെത്തൽ... അനൂപ് മുഹമ്മദിനെ മുന്നിൽനിർത്തി ബിനീഷ് പല ഇടപാടുകളും നടത്തിയതെന്ന നിഗമനത്തിൽ അന്വേഷണം... പലരെയും നടത്തിപ്പുകാരാക്കി ബിസിനസ് ചെയ്യുന്ന തന്ത്രം ഏറെക്കാലമായി ബിനീഷ് നടത്തിയിരുന്നുവെന്ന് കണ്ടെത്തൽ... മരുതംകുഴിയിലെ വീട്ടിൽനിന്നും പൊക്കിയ ക്രെഡിറ്റ് കാർഡിന്റെ ഇടപാടുകൾ നിർണായകം

ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീട്ടിൽനിന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പിടിച്ചെടുത്ത ക്രെഡിറ്റ് കാർഡിന്റെ ഇടപാടുകൾ നിർണായക തെളിവാകും. ബെംഗളൂരു മയക്കുമരുന്നുകേസിലെ പ്രധാനപ്രതി അനൂപ് മുഹമ്മദിന്റെ പേരിലുള്ള ക്രെഡിറ്റ് കാർഡ് എങ്ങനെ ബിനീഷിന്റെ കൈയിൽ എത്തി എന്നാണ് ഇ.ഡി. അന്വേഷിക്കുന്നത്. ഇ.ഡി. ഉദ്യോഗസ്ഥർ കാർഡ് കൊണ്ടുവന്നുവച്ചതാണെന്ന് ബിനീഷിന്റെ ഭാര്യ റെനീറ്റ ഉൾപ്പെടെയുള്ളവർ ആരോപണം ഉന്നയിക്കുന്നുണ്ട്. അനൂപിന്റെ കാർഡ് ഉപയോഗിച്ച് കേരളത്തിൽ പലയിടത്തും ഇടപാടുകൾ നടന്നിട്ടുള്ളതായി ഇ.ഡി. കണ്ടെത്തിയതായാണു വിവരം. ഈ ദിവസങ്ങളിൽ കാർഡ് ഉപയോഗിച്ച ഇടങ്ങളിൽ അനൂപ് ഇല്ലായിരുന്നു. അങ്ങനെയെങ്കിൽ കാർഡ് ആര് ഉപയോഗിച്ചുവെന്നു കണ്ടെത്തേണ്ടതുണ്ട്. കാർഡ് ഉപയോഗിച്ച സ്ഥാപനങ്ങളിലും ഇ.ഡി. പരിശോധന നടത്തി. കാർഡ് നൽകിയ ബാങ്കിൽനിന്ന് ഇടപാടുകളുടെ വിശദവിവരങ്ങളും ഇ.ഡി. ശേഖരിച്ചു.
അനൂപ് മുഹമ്മദിനെ മുന്നിൽനിർത്തിയാണ് ബിനീഷ് പല ഇടപാടുകളും നടത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണം നീങ്ങുന്നത്. പലരെയും നടത്തിപ്പുകാരാക്കി ബിസിനസ് ചെയ്യുന്ന തന്ത്രം ഏറെക്കാലമായി ബിനീഷ് നടത്തിയിരുന്നുവെന്നാണ് ഇ.ഡി.യുടെ കണ്ടെത്തൽ. അതിന്റെ ഭാഗമായാണ് മുമ്പ് പണംമുടക്കിയിട്ടുള്ള സ്ഥാപനങ്ങളുടെവരെ വിവരങ്ങൾ ശേഖരിച്ചത്. സ്റ്റാച്യു ചിറക്കുളം റോഡിലെ ടോറസ് റെമഡീസ് എന്ന സ്ഥാപനത്തിലെ ബിനീഷിന്റെ പങ്കാളിത്തം ഇ.ഡി. അന്വേഷിച്ചത് ഇതിന്റെ ഭാഗമായാണ്. കണ്ണൂർ സ്വദേശിയായ മുൻമന്ത്രിപുത്രനുമായി ചേർന്നാണ് ബിനീഷും ബിനോയിയും ഈ സ്ഥാപനം തുടങ്ങിയത്. വിവാദമായപ്പോൾ മൂവരും പിന്മാറി. പകരം വേറെ നടത്തിപ്പുകാരെത്തി. ഇപ്പോഴും ഈ സ്ഥാപനത്തിന് സർക്കാരിൽനിന്ന് മരുന്നുവിതരണത്തിനുള്ള കരാർ ലഭിച്ചിട്ടുണ്ട്. അബ്ദുൾ ലത്തീഫ്, അൽജാസിം എന്നിവരുടെ സാമ്പത്തിക ഇടപാടുകളിലും അസ്വഭാവികതകളുണ്ടെന്നാണ് കണ്ടെത്തൽ.
അതേസമയം ബിനീഷ് കോടിയേരിയുടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) കസ്റ്റഡി ശനിയാഴ്ച അവസാനിക്കും. ലഹരിയിടപാടുകേസിൽ അറസ്റ്റിലായ മുഹമ്മദ് അനൂപുമായുള്ള സാമ്പത്തിക ഇടപാടും ബിനാമി ഇടപാടുകളുംസംബന്ധിച്ച് കഴിഞ്ഞ എട്ടുദിവസമായി ബിനീഷിനെ ഇ.ഡി. സോണൽ ഓഫീസിൽ ചോദ്യംചെയ്തുവരികയാണ്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ ബിനീഷിനെ ഇ.ഡി. സോണൽ ഓഫീസിലെത്തിച്ചു. പത്തിന് ആരംഭിച്ച ചോദ്യംചെയ്യൽ രാത്രി എട്ടരവരെ തുടർന്നു. ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടിലും അദ്ദേഹത്തിന്റെ ബിനാമികളെന്നു സംശയിക്കുന്നവരുടെ വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിൽ ലഭിച്ച വിവരത്തിൽ വിശദീകരണം തേടി.
ബിനീഷ് ചെറിയതോതിൽ സഹകരിക്കുന്നുണ്ടെങ്കിലും ബിനാമി ഇടപാടുകളിൽ തൃപ്തികരമായ മറുപടിയല്ല നൽകുന്നതെന്നാണ് ഇ.ഡി. വൃത്തങ്ങളിൽനിന്ന് അറിയുന്നത്. അബ്ദുൽ ലത്തീഫുമായുള്ള ബിസിനസ് പങ്കാളിത്തം ബിനീഷ് സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം. ശനിയാഴ്ച വൈകുന്നേരം മൂന്നുമണിവരെയാണ് ബിനീഷിന്റെ കസ്റ്റഡി അനുവദിച്ചത്. വൈകുന്നേരം ബെംഗളൂരുവിലെ പ്രത്യേക കോടതിയിൽ ഹാജരാക്കും. കേരളത്തിൽ നടത്തിയ റെയ്ഡിന്റെ അടിസ്ഥാനത്തിൽ ചോദ്യംചെയ്യാൻ ഇ.ഡി. കൂടുതൽദിവസത്തെ കസ്റ്റഡി ആവശ്യപ്പെടുമെന്നാണ് അറിയുന്നത്. കേരളത്തിൽ റെയ്ഡ് നടത്തിയതിനെത്തുടർന്നുള്ള സംഭവങ്ങളും കോടതിയെ അറിയിക്കും.
ബനീഷിന്റെ ബിനാമിയാണെന്ന് വിശ്വസിക്കുന്ന അബ്ദുൽ ലത്തീഫ്, 2015-ൽ മുഹമ്മദ് അനൂപ് ബെംഗളൂരുവിൽ തുടങ്ങിയ ഹയാത്ത് റസ്റ്റോറന്റിലെ പങ്കാളി കോഴിക്കോട് സ്വദേശി റഷീദ് എന്നിവരെ ചോദ്യംചെയ്യേണ്ടതുണ്ട്. ഇവരെ ബീനിഷിനോടൊപ്പമിരുത്തി ചോദ്യംചെയ്യാനാണ് തീരുമാനം. അബ്ദുൽ ലത്തീഫ് കസ്റ്റഡിയിലാണെന്ന സൂചനയുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. ലഹരിക്കേസിൽ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി.) സ്വീകരിക്കുന്ന നിലപാടും ബിനീഷിന് നിർണായകമാകും. ലഹരിമരുന്ന് ഉപയോഗിച്ചെന്നും ലഹരിയിടപാടിന് സാമ്പത്തികസഹായം നൽകിയെന്നുമുള്ള മൊഴിയുടെ അടിസ്ഥാനത്തിൽ ബിനീഷിനെതിരേ എൻ.സി.ബി. കേസെടുത്തേക്കും. ബനീഷിനെ കോടതിയിൽ ഹാജരാക്കുമ്പോൾ എൻ.സി.ബി. കസ്റ്റഡിയിൽ ആവശ്യപ്പെടാനും സാധ്യതയുണ്ട്. ബിനീഷിന്റെ ബെംഗളൂരുവിലെ ബിനാമി ഇടപാടുകളിലും അന്വേഷണം തുടങ്ങി. 2015 മുതൽ മുഹമ്മദ് അനൂപ് തുടങ്ങിയ ബിസിനസുകളെക്കുറിച്ചാണ് അന്വേഷണം.
മുഹമ്മദ് അനൂപ് ബിനീഷിന്റെ ബിനാമിയാണെന്നു കണ്ടെത്തിയ സാഹചര്യത്തിൽ റസ്റ്റോറന്റ്, കല്യാൺ നഗറിലെ റോയൽ സ്യൂട്ട് അപ്പാർട്ട്‌മെന്റ് എന്നിവയിലെ പങ്കാളികളെക്കുറിച്ചാണ് അന്വേഷണം തുടങ്ങിയത്. റോയൽ സ്യൂട്ട് അപ്പാർട്ട്‌മെന്റിലെ സ്ഥിരം സന്ദർശകരെക്കുറിച്ചും അന്വേഷണം തുടങ്ങി. കർണാടക സ്വദേശികളുമായിച്ചേർന്ന് ബിനീഷിന് ബിനാമി ഇടപാടുകളുണ്ടെന്നാണ് ഇ.ഡി.ക്കു ലഭിച്ച വിവരം. ബിനീഷിന്റെ സുഹൃത്തുക്കളായ സുഹാസ് കൃഷ്ണ ഗൗഡ, സോണറ്റ് ലോബൊ എന്നിവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha