ശ്രീചിത്ര ഡയറക്ടറുടെ കാലാവധി നീട്ടിയ ഉത്തരവ് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ റദ്ദാക്കി

തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയറക്ടര്‍ ഡോ. ആശ കിഷോറിന്റെ കാലാവധി നീട്ടിക്കൊണ്ട് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് കഴിഞ്ഞ ജൂണ്‍ 2-ന് ഇറക്കിയ ഉത്തരവ് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ റദ്ദാക്കി.
ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് കഴിഞ്ഞ ജൂണ്‍ 2-ന് ഇറക്കിയ ഉത്തരവില്‍ കാലാവധി 5 വര്‍ഷം നീട്ടിക്കൊടുത്തിരുന്നു. ഈ ഉത്തരവ് പിന്‍വലിക്കണമെന്ന് കാണിച്ച് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം ജൂണ്‍ 15-നും 28-നും ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റിനു നല്‍കിയ കത്തുകളില്‍ ഇടപെടുന്നില്ലെന്ന് ജുഡീഷ്യല്‍ അംഗം പി.മാധവന്‍, അഡ്മിനിസ്‌ട്രേറ്റീവ് അംഗം കെ.വി.ഈപ്പന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനു ബാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി.
ഡോ. ആശ കിഷോറിനെ ശ്രീചിത്ര ഡയറക്ടറായി 5 വര്‍ഷത്തേക്കാണ് 2015 ഏപ്രില്‍ 13-ന് നിയമിച്ചത്. കഴിഞ്ഞ മേയ് 12-ന് കാലാവധി കഴിഞ്ഞെങ്കിലും 5 വര്‍ഷം കൂടി നീട്ടാന്‍ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് സമിതി തീരുമാനിച്ചു. തുടര്‍ന്ന് പ്രസിഡന്റ് ഉത്തരവിറക്കി. ഇതിനെതിരെ ശ്രീചിത്രയിലെ അഡിഷനല്‍ പ്രഫസര്‍ ഡോ. സജിത് സുകുമാരന്‍ നല്‍കിയ ഹര്‍ജിയും കേന്ദ്ര സര്‍ക്കാരിന്റെ കത്തുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. ആശ കിഷോര്‍ നല്‍കിയ ഹര്‍ജിയുമാണ് ട്രൈബ്യൂണല്‍ പരിഗണിച്ചത്.
നേരത്തെ ഹര്‍ജി പരിഗണിച്ച ട്രൈബ്യൂണല്‍ കാലാവധി നീട്ടിയ ഉത്തരവ് സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ ആശ കിഷോര്‍ ഹൈക്കോടതിയിലെത്തി. സ്റ്റേ റദ്ദാക്കിയ കോടതി, ഹര്‍ജികള്‍ തീര്‍പ്പാക്കാന്‍ ട്രൈബ്യൂണലിനോടു നിര്‍ദേശിച്ചു. തുടര്‍ന്നാണു ട്രൈബ്യൂണലിന്റെ നടപടി.
ദേശീയ പ്രാധാന്യമുള്ള സ്ഥാപനത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് നിയമനത്തിന് ഉചിതമായ റിക്രൂട്‌മെന്റ് ചട്ടം ഇനിയും ഉണ്ടാക്കാത്തതില്‍ ട്രൈബ്യൂണല്‍ അതൃപ്തി പ്രകടിപ്പിച്ചു. ഹൈക്കോടതി നിര്‍ദേശവും പാലിക്കപ്പെട്ടില്ല. ഡയറക്ടര്‍ നിയമനം രണ്ടാം തവണയാണ് കോടതി കയറുന്നതെന്നും ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha