വിശ്വാസം തിരിച്ചടിക്കുന്നു... കേന്ദ്ര ഏജന്‍സികളെ കുറ്റം പറഞ്ഞ് നമ്മുടെ സ്വന്തം വിജിലന്‍സിനെ ഫയല്‍ ഏല്‍പ്പിച്ച സഖാക്കള്‍ വെള്ളം കുടിക്കുന്നു; കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയതിന് സമാന വെളിപ്പെടുത്തലുകളുമായി കുരുക്ക് മുറുക്കി വിജിലന്‍സ്; സ്വപ്നയ്ക്ക് കിട്ടിയ പണം കൈക്കൂലി തന്നെ; ഇടപാടുകളെല്ലാം ശിവശങ്കറിന്റെ അറിവോടെ

ഈ ചാനല്‍ ചര്‍ച്ചക്കാരെ കൊണ്ട് തോറ്റു. അല്ലെങ്കില്‍ അവരെന്തല്ലാം കുറ്റങ്ങളാ ദേശീയ അന്വേഷണ ഏജന്‍സികളെ കുറിച്ച് പറഞ്ഞത്. സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാനായി എത്തിയവരാണ് അവര്‍. പ്രത്യേകിച്ചും സിബിഐയ്‌ക്കെതിരെ പടപ്പുറപ്പാടായി. സിബിഐയെ കോടതിയില്‍ ചോദ്യം ചെയ്തു. രണ്ടുമാസത്തെ സാവകാശവും നേടി. സര്‍ക്കാരിനോട് ചോദിക്കാതെ സിബിഐ കേരളത്തില്‍ കാല് കുത്താതിരിക്കാനുള്ള ചില പൊടികൈകളും സര്‍ക്കാര്‍ ചെയ്തു. മാത്രമല്ല സിബിഐ ഫയല്‍ പിടിച്ചെടുക്കുമെന്ന് കണ്ട് നേരത്തെ തന്നെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. സിബിഐ എത്തുന്നതിന് മുമ്പ് ഫയലുകള്‍ ഇന്റലിജന്‍സ് കൊണ്ടുപോയെന്ന വിമര്‍ശനവുമുണ്ടായി. വിജിലന്‍സ് എല്ലാം ശരിയാക്കുമെന്നാണ് സഖാക്കള്‍ കരുതിയത്. എന്നാല്‍ ഇപ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയ കാര്യങ്ങളാണ് വിജിലന്‍സും ശരി വയ്ക്കുന്നത്.
ലൈഫ് മിഷന്‍ അഴിമതി കേസില്‍ സ്വപ്നയ്ക്ക് കിട്ടിയ പണം കൈക്കൂലിയാണെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. എല്ലാ ഇടപാടുകളും ശിവശങ്കറിന്റെ അറിവോടെയാണെന്നും സ്വപ്ന സുരേഷ് വിജിലന്‍സിന് നല്‍കിയ മൊഴിയില്‍ പറയുന്നു. സാഹചര്യ തെളിവുകളും ഇക്കാര്യം ശരിവയ്ക്കുന്നു.
തിരുവനന്തപുരം യു.എ.ഇ കോണ്‍സുലേറ്റിലെ മുന്‍ ഫിനാന്‍സ് ഓഫീസര്‍ ഖാലിദിന് യൂണിടാക്ക് എംഡി സന്തോഷ് ഈപ്പന്‍ കൈക്കൂലി നല്‍കുന്നത് ഓഗസ്റ്റ് രണ്ടിനാണ്. കിട്ടിയ പണത്തില്‍ ഒരു കോടിയിലേറെ രൂപ ഖാലിദ് സ്വപ്നയ്ക്ക് കൈമാറി. ആഗസ്റ്റ് അഞ്ചിനാണ് പണം സ്വപ്നയ്ക്ക് കിട്ടിയത്. ആറാം തീയതി സെക്രട്ടേറിയറ്റിന് സമീപത്തുള്ള എസ്ബിഐ ശാഖയില്‍ ലോക്കര്‍ തുറക്കുകയും അവിടെ പരമാവധി പണം നിക്ഷേപിക്കുകയും ചെയ്തു.
ലോക്കര്‍ നിറഞ്ഞതോടെ അന്നേ ദിവസം വൈകിട്ട് അഞ്ചരയോടെ ഫൈഡറല്‍ ബാങ്കിലും ലോക്കര്‍ തുറക്കുകയും മിച്ചമുള്ള പണമെല്ലാം ആ ലോക്കറില്‍ നിക്ഷേപിക്കുകയും ചെയ്തു. ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ വേണുഗോപാലാണ് ലോക്കറുകള്‍ തുറക്കാനും പണം നിക്ഷേപിക്കാനും സ്വപ്നയെ സഹായിച്ചത്. ഈ ഇടപാടുകളെല്ലാം നടന്നത് ശിവശങ്കറിന്റെ അറിവോടെയായിരുന്നുവെന്നാണ് വിജിലന്‍സിന്റെ നിഗമനം.
ഇടപാടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സ്വപ്ന സുരേഷ് ശിവശങ്കറെ അറിയിച്ചിരുന്നു. തുടര്‍ന്ന് ശിവശങ്കറാണ് പണം കൈകാര്യം ചെയ്യാന്‍ തന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ വേണുഗോപാലിന്റെ സേവനം സ്വപ്ന സുരേഷിന് ലഭ്യമാക്കിയത്. കേന്ദ്ര ഏജന്‍സികള്‍ നേരത്തെ കണ്ടെത്തിയ കാര്യങ്ങളാണ് ഇപ്പോള്‍ സംസ്ഥാന വിജിലന്‍സും അന്വേഷണത്തിലൂടെ സ്ഥിരീകരിക്കുന്നത്. വിശ്വസിച്ച ഇന്റലിജന്‍സിന്റെ അന്വേഷണം ഈ വഴിക്കായപ്പോള്‍ ഇനിയെങ്ങനെ കേന്ദ്ര ഏജന്‍സികളെ കുറ്റം പറയാന്‍ കഴിയുമെന്നാണ് സഖാക്കള്‍ ആലോചിക്കുന്നത്.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍ ഇടപാടുകളെല്ലാം അറിഞ്ഞിരുന്നുവെന്നാണ് വിജിലന്‍സ് പറയുന്നത്. 2019 ജൂലായ് 11നാണ് റെഡ്ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടത്. ആഗസ്റ്റ് രണ്ടിനാണ് 3.8 കോടി കോഴ കോണ്‍സുലേറ്റിലെ അക്കൗണ്ടന്റായ ഖാലിദിന് കരാര്‍ ലഭിച്ച യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ കൈമാറിയത്. ഇതില്‍ ഒരു കോടി രൂപയും ബാക്കി തുക ഡോളറുമായിരുന്നു. ഒരു കോടി രൂപ അഞ്ചിന് ഖാലിദ് സ്വപ്നയ്ക്ക് കൈമാറി. പിറ്റേന്നു തന്നെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിന്റെ സഹായത്തോടെ സ്വപ്ന എസ്.ബി.ഐ ലോക്കറില്‍ കുറേ പണം വച്ചു. അന്നു വൈകിട്ട് ഫെഡറല്‍ ബാങ്കില്‍ ലോക്കര്‍ ആരംഭിച്ച് ബാക്കി പണവും വച്ചെന്നും സ്വപ്ന വിജിലന്‍സിനോട് വെളിപ്പെടുത്തി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും സ്വപ്ന സമാനമായ മൊഴിയാണ് നല്‍കിയത്. വിശ്വസിച്ചവര്‍ തന്നെ കൈവിട്ടതോടെ വല്ലാത്തൊരവസ്ഥയിലാണ് ചാനല്‍ ചര്‍ച്ചക്കാര്‍. ഇനി എന്ത് പറഞ്ഞ് ചര്‍ച്ച നടത്തും.
"
https://www.facebook.com/Malayalivartha