തീര്‍ഥാടകരുടെ ദേഹത്ത് സ്പര്‍ശിക്കരുത്... കോവിഡ് പശ്ചാത്തലത്തില്‍ പതിനെട്ടാംപടിയില്‍ ഡ്യൂട്ടിയിലുള്ള പോലീസ്, ഭക്തരെ പിടിച്ചുകയറ്റില്ല....

കോവിഡ് പശ്ചാത്തലത്തില്‍ പതിനെട്ടാംപടിയില്‍ ഡ്യൂട്ടിയിലുള്ള പോലീസ്, ഭക്തരെ പിടിച്ചുകയറ്റില്ല. പരിശോധനാ കേന്ദ്രങ്ങളിലടക്കം ഒരിടത്തും തീര്‍ഥാടകരുടെ ദേഹത്ത് സ്പര്‍ശിക്കരുതെന്നാണ് നിര്‍ദേശം. പരിശോധനയ്ക്ക് നില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ പി.പി.ഇ.കിറ്റ് ധരിക്കണം. ശബരിമല തീര്‍ഥാടനകാലത്ത് പോലീസ് പിന്തുടരേണ്ട മാര്‍ഗനിര്‍ദേശങ്ങളിലാണ് സംസ്ഥാന പോലീസ് മേധാവി ഇത് വ്യക്തമാക്കിയത്. പോലീസുകാരില്‍ ആരെങ്കിലും കോവിഡ് ബാധിതരായാല്‍ സമ്പര്‍ക്കത്തില്‍ വന്നവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിക്കണം. പകരം ആളെ എത്തിക്കാനായി പത്തനംതിട്ട എ.ആര്‍.ക്യാമ്പില്‍ ഒരു പ്ലാറ്റൂണിനെ കരുതലായി നിര്‍ത്തും. സുപീംകോടതിയുടെയും ഹൈക്കോടതിയുടെയും ശബരിമല സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. സ്ത്രീപ്രവേശനം സംബന്ധിച്ച റിവ്യൂ പെറ്റിഷന്‍ സുപ്രീംകോടതി തീര്‍പ്പുകല്‍പ്പിക്കാനിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടുന്നു.
പമ്പ, ശബരിമല, നടപ്പന്തല്‍ തുടങ്ങിയ ഭാഗങ്ങളിലുള്ള ചെറു കച്ചവടക്കാരുടെ കടന്നുകയറ്റം പൂര്‍ണമായും തടയണം. കടകളില്‍ പരിശോധന നടത്തി തീര്‍ഥാടകരെ കൊള്ളയടിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. കടകളില്‍ അനിയന്ത്രിതമായി ഗ്യാസ് സിലിന്‍ഡറുകള്‍ സൂക്ഷിക്കാന്‍ അനുവദിക്കരുത്. പ്ലാസ്റ്റിക് നിരോധനം കര്‍ശനമായി നടപ്പാക്കണം. വരി നില്‍ക്കുന്ന തീര്‍ഥാടകരെ നിയന്ത്രിക്കാന്‍ വടം ഉപയോഗിക്കരുത്. പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവയ്ക്കുപുറമേ മകരവിളക്ക് ദര്‍ശനത്തിന് മറ്റ് കേന്ദ്രങ്ങളില്‍ക്കൂടി സൗകര്യമൊരുക്കണം.
നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍നിന്ന് അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കണം. നിരോധിതവസ്തുക്കള്‍ വില്‍പ്പന നടത്തുന്നത് തടയണം. തീര്‍ഥാടകരെ സ്വാമി അയ്യപ്പന്‍ റോഡ് വഴി മടങ്ങിപ്പോകാന്‍ നിര്‍ബന്ധിക്കരുത്. അവിടെ ശൗചാലയങ്ങളോ ചികിത്സാകേന്ദ്രങ്ങളോ ഇല്ലാത്തതിനാലാണിത്.ശരണസേതു ബെയ്ലിപാലം, വടക്കേനട, വടക്കേ ഗേറ്റ് എന്നിവിടങ്ങളില്‍ അനധികൃതമായി ആരും കടന്നുവരാന്‍ അനുവദിക്കരുത്. ശ്രീകോവില്‍ തിരുമുറ്റത്ത് ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ നമ്പറുള്ള ആം ബാന്‍ഡ് ധരിച്ചിരിക്കണം. . ഡോളിയില്‍ വരുന്നവരെയും കാക്കിപാന്റ് ധരിച്ചുവരുന്നവരെയും പരിശോധനയില്‍ നിന്ന് ഒഴിവാക്കരുത്. തീവ്രവാദി ആക്രമണങ്ങള്‍ക്കെതിരേയുള്ള ജാഗ്രതാ മുന്‍കരുതലുകളും വിശദമാക്കിയിട്ടുണ്ട്. എരുമേലിയില്‍ നിന്ന് പമ്പയിലേക്ക് പരമ്പരാഗത പാതയിലൂടെ പോകുന്ന തീര്‍ഥാടകര്‍ പമ്പയില്‍ വൈകീട്ട് അഞ്ചുമണിക്ക് എത്തുന്നതരത്തില്‍ മാത്രമേ യാത്രയനുവദിക്കാവൂ.
അഞ്ചുമണിക്കുശേഷം ഈ പാതയിലൂടെ ആരെങ്കിലും പോയാല്‍ അവരെ തടഞ്ഞ് രാത്രി തങ്ങാന്‍ സൗകര്യം നല്‍കണം. കേന്ദ്ര സുരക്ഷാ ഏജന്‍സിയുടെ നിര്‍ദേശപ്രകാരം ട്രാക്ടര്‍ വഴി സന്നിധാനത്തേക്ക് കൊണ്ടുപോകുന്ന എല്ലാ സാധനങ്ങളും പരിശോധിക്കണം. ട്രാക്ടറില്‍ യാത്രക്കാരെ കൊണ്ടുപോകാന്‍ അനുവദിക്കരുത്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha