ക്രിസ്തുമസ്, ന്യൂ ഇയര്‍ മാസ്‌കിട്ട്, ഗ്യാപ്പിട്ട്, കൈ കഴുകി; ക്രിസ്തുമസും പുതുവത്സരവും ഏറെ കരുതലോടെ ആഘോഷിക്കണം
കോവിഡ് വ്യാപനം കൂടി നില്‍ക്കുന്ന സാഹചര്യത്തിലും ജനിതക വകഭേദം വന്ന വൈറസിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലും വരുന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷവേളകളില്‍ എല്ലാവരും ജാഗ്രത പാലിക്കേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കേരളത്തില്‍ കോവിഡ് വ്യാപനം കുറഞ്ഞ് വരുന്ന സാഹചര്യത്തിലാണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടന്നത്.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച പ്രവര്‍ത്തനങ്ങളില്‍ വലിയ ആള്‍ക്കൂട്ടമാണ് ഉണ്ടായത്. ഒക്‌ടോബര്‍ മാസത്തില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 95,000ന് മുകളിലായെങ്കിലും ഡിസംബര്‍ 14 ഓടെ ചികിത്സയിലുള്ളവരുടെ എണ്ണം 57,000 മാക്കി കുറയ്ക്കാന്‍ സാധിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ രോഗവ്യാപന സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറഞ്ഞതുപോലെ വീണ്ടും കോവിഡ് വ്യാപനം കൂടി വരികയാണ്. രോഗം ബാധിക്കുന്നവരുടെ പ്രതിദിന എണ്ണവും ചികിത്സയിലുള്ളവരുടെ എണ്ണവും കൂടി വരുന്ന സാഹചര്യമാണുള്ളത്. അതിനാല്‍ തന്നെ എല്ലാവരും ജാഗ്രത പാലിക്കേണ്ടതാണ്. മതപരമായ ചടങ്ങുകള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് മാത്രമേ നടത്താന്‍ പാടുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.
ഓണം കഴിഞ്ഞപ്പോള്‍ കോവിഡ് ബാധിതരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് നാം കണ്ടതാണ്. അത് ഇനിയും ആവര്‍ത്തിക്കാന്‍ പാടില്ല. ആരില്‍ നിന്നും രോഗം പകരാനുള്ള അവസ്ഥയാണുള്ളത്. എല്ലാവരും മാസ്‌ക് ധരിക്കുകയും ഇടക്കിടയ്ക്ക് കൈ കഴുകയോ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുകയോ വേണം. ഇതോടൊപ്പം സാമൂഹിക അകലവും പാലിക്കണം. തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരും പ്രവര്‍ത്തകരും ഇടപഴകിയവരും വളരെ ശ്രദ്ധിക്കേണ്ടതാണ്. പനി, തൊണ്ടവേദന, ജലദോഷം തുടങ്ങിയ ഏത് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ പോലും നിസാരമായി കാണരുത്. അവര്‍ ഇ-സഞ്ജീവനിയുടേയോ ദിശ 1056ന്റേയോ സേവനം തേടേണ്ടതാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ച് കോവിഡ് ടെസ്റ്റ് നടത്തി തങ്ങളില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.
ആള്‍ക്കൂട്ടങ്ങള്‍ പരമാവധി ഒഴിവാക്കണം. പൊതുയിടങ്ങളിലെ ആഘോഷ പരിപാടികള്‍ കഴിവതും ഒഴിവാക്കണം.
പൊതുസ്ഥലങ്ങളില്‍ 3 ലെയറുകളുള്ള കോട്ടണ്‍ മാസ്‌കോ എന്‍-95 മാസ്‌കോ ഉപയോഗിക്കണം.
കടകളിലും മറ്റ് പൊതുസ്ഥാപനങ്ങളിലും സന്ദര്‍ശിക്കുന്നവര്‍ സാമൂഹിക അകലം പാലിക്കുന്നതിനും കൈകള്‍ ഇടയ്ക്കിടയ്ക്ക് സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുന്നതിനും ശ്രദ്ധിക്കണം.
പ്രത്യേകിച്ച് പൊതുയിടങ്ങളില്‍ സ്പര്‍ശിച്ചതിനുശേഷം കൈകള്‍ അണു വിമുക്തമാക്കാതെ മുഖത്ത് സ്പര്‍ശിക്കുവാന്‍ പാടില്ല.
മാസ്‌ക് താഴ്ത്തിവച്ചിട്ട് സംസാരിക്കുന്നത് ഒഴിവാക്കണം. മാസ്‌ക് ധരിച്ച് അതിനുശേഷം അതിന്റെ പുറത്ത് സ്പര്‍ശിക്കാനോ, താടിയിലേയ്ക്ക് താഴ്ത്തുവാനോ പാടുള്ളതല്ല.
ക്രിസ്തുമസ് പുതുവത്സര വേളകളില്‍ വീടുകളില്‍ സന്ദര്‍ശകരെ പരമാവധി കുറയ്‌ക്കേണ്ടതാണ്. ഹൃദ്രോഗം വൃക്കരോഗം തുടങ്ങിയ ഗുരുതര രോഗങ്ങള്‍ ഉള്ളവരും വയസായവരും വീടുകളില്‍ കഴിയുകയാണെങ്കിലും സന്ദര്‍ശകര്‍ വരുമ്പോള്‍ കൃത്യമായി മാസ്‌ക് ധരിക്കേണ്ടതാണ്. അവരുമായോ കുട്ടികളുമായോ അടുത്തിടപഴകരുത്.
വിദേശ രാജ്യങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ 7 ദിവസത്തില്‍ കൂടുതല്‍ കേരളത്തില്‍ താമസിക്കുന്നുണ്ടെങ്കില്‍ കോവിഡ് ടെസ്റ്റിന് വിധേയമാകേണ്ടതാണ്.
പനി, ചുമ തൊണ്ടവേദന തുടങ്ങി കോവിഡിനു സമാനമായ രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ മറ്റുള്ളവരുമായി ഇടപഴകാതെ സൂക്ഷിക്കേണ്ടതാണ്.
https://www.facebook.com/Malayalivartha