വാഗമണില്‍ ലഹരിപാര്‍ട്ടി നടത്തിയ സംഘത്തിൽ കൊച്ചി സ്വദേശിയായ മോഡലും;തലമുടി, മൂത്രം, രക്തസാമ്പിളുകള്‍ എന്നിവ പരിശോധിക്കും

വാഗമണില്‍ ലഹരിപാര്‍ട്ടി നടത്തിയ സംഘം പത്തിലധികം സ്ഥലങ്ങളില്‍ നേരത്തെ പാര്‍ട്ടി നടത്തിയതായി കണ്ടെത്തല്‍. കൊച്ചി, വയനാട് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ഇവര്‍ നേരത്തെ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നത്. സല്‍മാന്‍, നബീല്‍ എന്നിവരാണ് ലഹരിപാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയിരുന്നത്. തൊടുപുഴ സ്വദേശി അജ്മലാണ് ഇവര്‍ക്ക് ലഹരിമരുന്ന് എത്തിച്ചുനല്‍കിയിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. കൊച്ചി സ്വദേശിയായ മോഡല്‍ ബ്രിസ്റ്റി ബിശ്വാസ് അടക്കമുള്ളവരാണ് പാര്‍ട്ടി നടത്തിയ സംഘത്തിലുണ്ടായിരുന്നത്. സിനിമ, മോഡലിങ് രംഗത്തെ പലരുമായും ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നതായും വിവരമുണ്ട്. വാഗമണിലെ പാര്‍ട്ടിയില്‍ സിനിമാമേഖലയിലെ ചിലര്‍ പങ്കെടുക്കുമെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നെങ്കിലും ഇവരാരും എത്തിച്ചേര്‍ന്നിരുന്നില്ല. അതെ സമയം സ്വകാര്യ റിസോര്‍ട്ടില്‍ നിശാപാര്‍ട്ടി നടന്ന സ്ഥലത്തുനിന്നു മയക്കുമരുന്ന് ശേഖരം പിടികൂടിയ സംഭവത്തില്‍ പ്രതികളെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ എറണാകുളം റേഞ്ച് ഐ.ജി. കാളിരാജ് മഹേശ്വര്‍ സ്ഥലത്തെത്തി അന്വേഷണ പുരോഗതികള്‍ വിലയിരുത്തി.
പാര്‍ട്ടിക്ക് എത്തിയവര്‍ക്ക് ലഹരിമരുന്നുകള്‍ വിറ്റ് പണം സമ്പാദിക്കുക എന്നതായിരുന്നു പിടിയിലായവരുടെ ലക്ഷ്യമെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഇവരടക്കം 58 പേരാണ് നിശാപാര്‍ട്ടി നടന്ന സ്ഥലത്ത് ഉണ്ടായിരുന്നത്. കേസില്‍ മറ്റുള്ളവരുടെ പങ്ക് അറിയാനും മയക്കുമരുന്നിന്റെ ഉറവിടം സംബന്ധിച്ചുമുള്ള അന്വേഷണങ്ങള്‍ തുടരുകയാണ്. പിടിയിലായവരുടെ മയക്കുമരുന്ന് ഉപയോഗം അറിയാന്‍ തലമുടി, മൂത്രം, രക്തസാമ്പിളുകള്‍ പരിശോധിക്കും.ഇവരുടെ മൊബൈല്‍ ഫോണും പിടിച്ചെടുത്ത മറ്റ് രേഖകളും പരിശോധിക്കും. ബര്‍ത്ത്‌ഡേ പാര്‍ട്ടിയുടെ മറവില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തിയാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. ഞായറാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് വാഗമണ്‍ വട്ടപ്പതാലില്‍ ഷാജി കുറ്റിക്കാടിന്റെ ഉടമസ്ഥതയിലുള്ള ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ പോലീസ് തിരച്ചില്‍ നടത്തിയത്.വാഗമണ്ണില്‍ ലഹരി നിശാപാര്‍ട്ടി നടത്തിയ സാഹചര്യത്തില്‍, ജില്ലയില്‍ നടക്കാനിരിക്കുന്ന പുതുവത്സര ആഘോഷങ്ങളും പോലീസ് നിരീക്ഷിക്കും. ഇത്തരം പാര്‍ട്ടികളില്‍ വ്യാപകമായി ലഹരിമരുന്നുകള്‍ എത്താന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണിത്. കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവുവന്ന സാഹചര്യത്തില്‍ മൂന്നാര്‍, വാഗമണ്‍ എന്നിവിടങ്ങളില്‍ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ നടക്കുന്നുണ്ട്.60 പേരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നത്. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരാണ്ഇവര്‍. സാമൂഹിക മാധ്യമങ്ങൾ വഴിയാണ് ഇവര്‍ ഒത്തുകൂടിയത്. ഇതിന് നേതൃത്വം നല്‍കിയവരും ലഹരിമരുന്ന് എത്തിച്ചവരുമാണ് നിലവില്‍ പിടിയിലായത്. മഹാരാഷ്ട്ര, ബെംഗളൂരു, എന്നിവിടങ്ങളില്‍ നിന്നാണ് ലഹരിവസ്തുക്കള്‍ എത്തിച്ചത് എന്നും പോലീസ് അറിയിച്ചു.
ഇതിന് മുമ്പും ഇവര്‍ പാര്‍ട്ടി നടത്തിയിട്ടുണ്ട്. പിറന്നാളാഘോഷം എന്ന പേരിലായിരുന്നു പാര്‍ട്ടി. കേസില്‍ റിസോര്‍ട്ട് ഉടമയെ പ്രതിചേര്‍ക്കണോ എന്ന കാര്യത്തില്‍ അന്വേഷണത്തിന് ശേഷമേ തീരുമാനിക്കൂ. നര്‍ക്കോട്ടിക് സെല്ലിന്റെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയത്. ഇതേത്തുടര്‍ന്ന്, 60 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടായിരുന്നത്. ഇവരില്‍ 25 പേര്‍ സ്ത്രീകളായിരുന്നു. എന്നാല്‍ ഇവരില്‍ നിന്ന് ലഹരിമരുന്ന് കണ്ടെടുക്കാത്തതിനെ തുടര്‍ന്നാണ് പാര്‍ട്ടിക്ക് നേതൃത്വം നല്‍കിയവരെ മാത്രം അറസ്റ്റ് ചെയ്തത്. മറ്റുള്ളവരെ സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്.
എല്‍.എസ്.ഡി. ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളും, ഹെറോയിനും കഞ്ചാവും പിടിച്ചെടുത്തവയിലുണ്ട്. എസ്.പി.ക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു റെയ്ഡ്. അറസ്റ്റിലായ നബീല്‍, സല്‍മാന്‍ എന്നിവരുടേതും കൊല്ലം സ്വദേശിനി സൗമ്യ എന്നീ മൂന്ന് പേരുടെ ജന്മദിനത്തിന്റെ ഭാഗമായിട്ടായിരുന്നു പാര്‍ട്ടി. ഇതിനിടെ റിസോര്‍ട്ട് ഉടമയായ ഷാജി കുറ്റിക്കാടനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നാണ് സിപിഐ വൃത്തങ്ങള്‍ അറിയിച്ചത്.പിറന്നാള്‍ ആഘോഷം എന്നുപറഞ്ഞാണ് സ്വകാര്യ വ്യക്തികള്‍ റിസോര്‍ട്ടില്‍ റൂമെടുത്തതെന്നും രാത്രി 8 മണിക്ക് മുമ്പ് തിരികെ പോകുമെന്ന് ഇവര്‍ ഉറപ്പുനല്‍കിയിരുന്നുവെന്നും പോലീസിന് നല്‍കിയ മൊഴിയില്‍ ഷാജി പറയുന്നു. എണ്ണത്തില്‍ കൂടുതല്‍ ആളുകള്‍ വന്നപ്പോള്‍ അത് ചോദ്യം ചെയ്തിരുന്നുവെന്നും ഷാജി പറയുന്നു. ഏലപ്പാറ മുന്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഐ പ്രാദേശിക നേതാവുമാണ് ഷാജി കുറ്റിക്കാട്. എന്നാല്‍ ഷാജിയുടെ മൊഴി പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. ഇയാളുമായി സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ പലതവണ ഫോണില്‍ ബന്ധപ്പെട്ടതിന് തെളിവുകളുണ്ടെന്നും പോലീസ് പറയുന്നു.
https://www.facebook.com/Malayalivartha