ആശ്വാസത്തിന് വകയുണ്ട്... വാട്‌സാപ്പിന്റെ പുതിയ സ്വകാര്യത നിയമം മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ ഉറക്കം കെടുത്തി; പറഞ്ഞ് പറഞ്ഞ് എന്തിന് വേണ്ടപ്പെട്ടവരോട് ചാറ്റിയ വേണ്ടാതീനങ്ങള്‍ മുതല്‍ ബാറ്ററി ചാര്‍ജുവരെ മറ്റവന്‍ അടിച്ചോണ്ട് പോകുമെന്നായപ്പോള്‍ മലയാളി ഉണര്‍ന്നു; എല്ലാവരും വാട്‌സാപ്പ് ഉപേക്ഷിച്ച് പൂട്ടിക്കെട്ടുമെന്നായതോടെ വാലും ചുരുട്ടി കമ്പനി രംഗത്ത്

എന്തെല്ലാമായിരുന്നു വാട്‌സാപ്പിനെ പറ്റി കഴിഞ്ഞ ആഴ്ചകളില്‍ പ്രചാരണം നടന്നത്. നമ്മള്‍ മനസ് തുറന്ന് വേണ്ടപ്പെട്ടവരോട് ചാറ്റിയ വേണ്ടാതീനങ്ങള്‍ മുതല്‍ ബാറ്ററി ചാര്‍ജുവരെ മറ്റവന്‍ അടിച്ചോണ്ട് പോകുമെന്ന്. രക്തം തിളയ്ക്കില്ലെ സംഗതി നമ്മുടെ സ്വകാര്യതകളാണെങ്കിലും ആ രഹസ്യം നാട്ടില്‍ പാട്ടായാല്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല. ആ ജിവന്‍മരണ പോരാട്ടത്തില്‍ വാട്‌സാപ്പ് ഉപേക്ഷിക്കാന്‍ വരെ തയ്യാറായി. എന്തിന് കരഞ്ഞ് കൊണ്ട് ടിക്‌ടോക്ക് ഉപേക്ഷിച്ച നമ്മള്‍, വാട്‌സാപ്പും പുരയ്ക്ക് ചാഞ്ഞാല്‍ മുറിക്കും.
അടുത്ത മാസം എട്ടു മുതല്‍ വാട്‌സാപ്പ് നടപ്പാക്കുന്ന സ്വകാര്യതാ നയം വിവാദമാവുകയും ഉപഭോക്താക്കള്‍ കൂട്ടത്തോടെ വിട്ടുപോവുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ വിശദീകരണവുമായി വാട്‌സാപ്പ് കമ്പനി തന്നെ രംഗത്തെത്തി. പുതിയ നയം കുടുംബവും സുഹൃത്തുക്കളും കൈമാറുന്ന സന്ദേശങ്ങളെ ബാധിക്കില്ലെന്നും ബിസിനസ് സന്ദേശങ്ങളാണ് അതിന്റെ പരിധിയില്‍ വരുന്നതെന്നും കമ്പനി വ്യക്തമാക്കി.
ഉപയോഗിക്കുന്നവരുടെ സ്വകാര്യവിവരങ്ങള്‍ ഫെയ്‌സ്ബുക്കിനു കൈമാറാനുള്ള വാട്‌സാപിന്റെ നീക്കത്തിനെതിരെ ലോകമെങ്ങും വലിയ പ്രതിഷേധമാണ് ഉണ്ടായത്. പുതിയ സ്വകാര്യതാനയം അംഗീകരിക്കാത്തവര്‍ക്ക് ഫെബ്രുവരി എട്ടിനുശേഷം വാട്‌സാപ് ഉപയോഗിക്കാനാകില്ല. വാട്‌സാപ് ഡിലീറ്റ് ചെയ്യാനും സിഗ്‌നല്‍, ടെലഗ്രാം തുടങ്ങിയ ആപ്പുകളിലേക്ക് മാറാനും ടെസ്‌ല കമ്പനി ഉടമ ഇലോണ്‍ മസ്‌ക് അടക്കമുള്ളവരുടെ ആഹ്വാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.
സ്വകാര്യതയുടെ പര്യായമായിരുന്നു വാട്‌സാപ്. ലോകമെങ്ങുമുള്ള സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കളുെട പ്രിയ ആപ്പായി മാറാനുള്ള കാരണവും ഇതായിരുന്നു. വാട്‌സാപ്പിനെ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഫെയ്‌സ്ബുക്ക് വിലയ്ക്കുവാങ്ങിയശേഷമുള്ള ഏറ്റവും പുതിയ നടപടിയാണ് പ്രതിഷേധത്തിനു വഴിവച്ചിരിക്കുന്നത്. പുതിയ സ്വകാര്യതാനയം അംഗീകരിച്ചാല്‍ ഉപയോഗിക്കുന്നവരുടെ നമ്പറും സ്ഥലവും മൊബൈല്‍ നെറ്റ്‌വര്‍ക്കും എന്നുവേണ്ട ബാറ്ററിയില്‍ എത്ര ചാര്‍ജ് അവശേഷിക്കുന്നുണ്ട് എന്നതടക്കമുള്ള വിവരങ്ങള്‍ വാട്‌സാപ് ശേഖരിക്കും. നിങ്ങള്‍ ഉപയോഗിക്കുന്ന ഫോണില്‍നിന്ന് വാട്‌സാപ് ഡിലീറ്റ് ചെയ്താലും അക്കൗണ്ട് വിവരങ്ങള്‍ കമ്പനിയുടെ കൈവശമുണ്ടാകും. ഇത് മറികടക്കണമെങ്കില്‍ വാട്‌സാപ് സെറ്റിങ്‌സില്‍ കയറി അക്കൗണ്ട് ഡിലീറ്റ് ചെയ്യണം.
അതേടെ വാട്‌സാപ്പിന്റെ പ്രൈവസി പോളിസി അപ്‌ഡേറ്റിനെക്കുറിച്ച് ചര്‍ച്ചയായി. തങ്ങളുടെ സ്വകാര്യത ഹനിക്കുന്നതാണോ പുതിയ നീക്കമെന്നാണ് പലരുടെയും ഉല്‍ക്കണ്ഠ. ഉപയോക്താക്കളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനാണ് പുതിയ നിയമം വാട്‌സാപ്പ് കൊണ്ടുവന്നിരിക്കുന്നത്. വാട്‌സാപ്പിന്റെ ഈ പ്രഖ്യാപനം ഉപയോക്താക്കളില്‍ പല തരത്തിലുള്ള ആശങ്കകള്‍ക്ക് വഴിവയ്ക്കുന്നു. ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നാം അയക്കുന്ന മെസേജുകള്‍ ഫെയ്‌സ്ബുക്കുമായി പങ്കുവയ്ക്കപ്പെടുമെന്നാണ് ഭയപ്പെടുന്നത്. ഇതിനെതിരെ ലോകമെമ്പാടുമുള്ള ജനങ്ങള്‍ രംഗത്ത് വന്നതോടെ വാട്‌സാപ്പ് പൂട്ടിക്കെട്ടുമായി. തുടര്‍ന്നാണ് വിശദീകരണവുമായി വാട്‌സാപ്പ് രംഗത്തു വന്നത്.
ഗ്രൂപ്പ് പ്രൈവസിയെന്ന ആശങ്കയെക്കുറിച്ച് വാട്‌സാപ്പിന്റെ വിശദീകരണം ഇങ്ങനെയാണ്. നിങ്ങളുടെ ഡേറ്റ, പരസ്യങ്ങള്‍ക്കായി ഫേസ്ബുക്കിന് കൈമാറില്ല. പ്രൈവറ്റ് ചാറ്റുകള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് ആണ്. എന്താണ് അയയ്ക്കുന്നതെന്ന് ഞങ്ങള്‍ക്ക് കാണാനാകില്ല. വിശദാംശങ്ങള്‍ സ്വകാര്യ മെസേജുകള്‍, കോളുകള്‍ വാട്‌സാപ്പ് കാണുന്നില്ല, ഫേസ്ബുക്കിനും കഴിയില്ല. അയയ്ക്കുന്നതും വിളിക്കുന്നതും ആരെന്ന ലോഗുകള്‍ സൂക്ഷിച്ചുവയ്ക്കാറില്ല. വാട്‌സാപ്പിനും ഫേസ്ബുക്കിനും ഷെയേര്‍ഡ് ലൊക്കേഷന്‍ കാണാനാവില്ല. ഫേസ്ബുക്കുമായി കോണ്ടാക്ട് പങ്കുവയ്ക്കില്ല. വാട്‌സാപ് ഗ്രൂപ്പുകള്‍ സ്വകാര്യമെന്ന നിലയില്‍ തുടരും. മെസേജുകള്‍ അപ്രത്യക്ഷമാകണമെങ്കില്‍ അതു നിങ്ങള്‍ക്കു തീരുമാനിക്കാം. നിങ്ങളുടെ ഡേറ്റ നിങ്ങള്‍ക്കു ഡൗണ്‍ലോഡ് ചെയ്യാം. ഇങ്ങനെ വാട്‌സാപ്പ് രംഗത്ത് വന്നതോടെ എല്ലാവര്‍ക്കും ആശ്വാസമായി.
"
https://www.facebook.com/Malayalivartha