ഇനിയുള്ള കളികള്‍ അതുക്കുംമേലെ... സിബിഐയെ കേരളത്തില്‍ നിന്നും കെട്ടുകെട്ടിക്കാനുള്ള സഖാക്കളുടെ നീക്കം പൊളിഞ്ഞു; ഡല്‍ഹിയില്‍ നിന്നുള്ള പുലികളെ ഇറക്കിയുള്ള കളിയില്‍ ജയിച്ചത് സിബിഐ; നിര്‍ണായക നീക്കം നടത്തി എത്രയും വേഗം അഴിമതിക്കാരെ പൂട്ടാനുറച്ച് സിബിഐ

വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയില്‍ കോടികളുടെ കമ്മീഷന്‍ നല്‍കിയെന്ന് വെളിപ്പെടുത്തിയ പാര്‍ട്ടി ചാനലിന് പിന്നാലെ സിബിഐ എത്തുമ്പോള്‍ അതിന് തടയിടാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. തുടര്‍ന്ന് സിബിഐ അന്വേഷണം കോടതി സ്റ്റേ ചെയ്തു. എന്നാല്‍ ഡല്‍ഹിയില്‍ നിന്നും പുലികളെ ഇറക്കി സിബിഐ കളം നിറഞ്ഞപ്പോള്‍ സര്‍ക്കാരിന് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിക്ക് വിദേശ സഹായ നിയന്ത്രണ നിയമം ലംഘിച്ച് യു.എ.ഇ റെഡ് ക്രസന്റില്‍ നിന്ന് പണം സ്വീകരിച്ചെന്നാരോപിച്ച് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. ഇതോടെ കേസില്‍ സി.ബി.ഐയ്ക്ക് അന്വേഷണം തുടരാം. ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസും നിര്‍മ്മാണക്കരാര്‍ കമ്പനിയായ യൂണിടാക് ബില്‍ഡേഴ്‌സിന്റെ എം.ഡി സന്തോഷ് ഈപ്പനും നല്‍കിയതാണ് ഹര്‍ജികള്‍.
സര്‍ക്കാരോ ലൈഫ് മിഷനോ വിദേശ സഹായം സ്വീകരിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിനു വേണ്ടി ലൈഫ് മിഷന്‍ സി.ഇ.ഒ ഹര്‍ജി നല്‍കിയത്. വിദേശ സഹായം വാങ്ങുന്നതിന് വിലക്കുള്ള വിഭാഗത്തില്‍ ഉള്‍പ്പെടുന്നില്ലെന്നായിരുന്നു സന്തോഷ് ഈപ്പന്റെ വാദം. വിദേശ സഹായ നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ മറികടക്കാനും സി.എ.ജി ഓഡിറ്റിംഗില്‍ നിന്ന് ഒഴിവാക്കാനും ഉന്നത തലത്തിലുള്ള നീക്കം പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ഹര്‍ജികള്‍ തള്ളിയത്.
കള്ളക്കളി വ്യക്തമാണെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. പ്രളയ ബാധിതര്‍ക്ക് വീടും ആശുപത്രിയും നിര്‍മ്മിക്കുന്നതിന് ഒരു കോടി യു.എ.ഇ ദിര്‍ഹമിന്റെ ധനസഹായം ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ലൈഫ് മിഷന്‍ യു.എ.ഇ റെഡ് ക്രസന്റുമായി 2019 ജൂലായ് 11 നാണ് ധാരണാപത്രം ഒപ്പുവച്ചത്. ഇതിനു തുടര്‍ കരാറുകളുണ്ടാക്കിയില്ല. എന്നാല്‍, വടക്കാഞ്ചേരിയിലെ 2.17 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയില്‍ വീടുകളും ആശുപത്രിയും നിര്‍മ്മിക്കാന്‍ യൂണിടാകും സാന്‍വെഞ്ച്വേഴ്‌സും തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലാര്‍ ജനറലുമായി 2019 ജൂലായ് 31 ന് രണ്ടു കരാറുകളുണ്ടാക്കി. മുന്‍കൂറായി 14.5 കോടി രൂപ കമ്പനികളുടെ അക്കൗണ്ടിലേക്ക് നല്‍കി.
ധനസഹായം നല്‍കിയ റെഡ് ക്രസന്റിനെയും ധാരണാപത്രം ഒപ്പുവച്ച ലൈഫ് മിഷനെയും ഒഴിവാക്കിയാണ് കരാറുണ്ടാക്കിയത്. ഇത്തരം കള്ളക്കളി നടത്തിയത് സി.എ.ജി ഓഡിറ്റിംഗ് ഒഴിവാക്കി കോഴയും മറ്റു പ്രതിഫലവും നേടുന്നതിനാണ്. കരാര്‍ അംഗീകരിച്ച് ലൈഫ് മിഷന്‍ സി.ഇ.ഒ എല്ലാ സഹായവും നല്‍കിയത് ദൗര്‍ഭാഗ്യകരമാണ്. കോഴയും സമ്മാനങ്ങളും നല്‍കിയെന്ന് സന്തോഷ് ഈപ്പന്‍ സമ്മതിക്കുന്നു.
സര്‍ക്കാരിന്റെയോ റെഡ് ക്രസന്റിന്റെയോ ഇടപെടലില്ലാതെ വിദേശ ഫണ്ട് മൂന്നാമതൊരു കക്ഷിക്ക് കൈമാറാന്‍ ഒത്തുകളിച്ചു. ലൈഫ് മിഷന്‍ സി.ഇ.ഒ ഉള്‍പ്പെടെയുള്ള ഐ.എ.എസ് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയും സഹായത്തോടെയും ഫണ്ട് വകമാറ്റാനും കോഴ വാങ്ങാനും ഇതിനു പിന്നിലുള്ള പ്രതികള്‍ക്ക് സാധിച്ചു. സി.എ.ജി ഓഡിറ്റിംഗ് ഒഴിവാക്കി കോഴ വാങ്ങുന്നതിന് ഉദ്യോഗസ്ഥര്‍ നടത്തിയ കള്ളക്കളി പ്രഥമദൃഷ്ട്യാ വ്യക്തമാണ്. ഈ തട്ടിപ്പെല്ലാം നടത്തിയ സന്തോഷ് ഈപ്പനോ ലൈഫ് മിഷന്‍ ഉദ്യോഗസ്ഥര്‍ക്കോ ക്രിമിനല്‍ ബാദ്ധ്യതയില്‍ നിന്ന് രക്ഷപ്പെടാനാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഈ കോടതി വിധിയോടെ സിബിഐക്ക് ഇനി സ്വതന്ത്രമായി ലൈഫ് മിഷനിലെ കള്ളക്കളികള്‍ അന്വേഷിക്കാം. അതില്‍ തൂങ്ങി മറ്റൊന്നിലേക്ക് സിബിഐ നീങ്ങും. അതോടെ പല വമ്പന്‍മാരും വീഴും.
"
https://www.facebook.com/Malayalivartha