ഇതൊരു ഒന്നൊന്നര ജന്മം... രജനീകാന്ത് പോയ സ്ഥിതിക്ക് വി.കെ. ശശികലയെ കൊണ്ടുവന്ന് മുഖ്യമന്ത്രിയായാക്കാനുറച്ച് ആര്‍എസ്എസ്; മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയും അണ്ണാഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറിയുമായ ശശികല 27നു ജയില്‍ മോചിതയാകാനിരിക്കെ സ്വീകരിക്കാന്‍ തമിഴ് ജനത ഒരുങ്ങിക്കഴിഞ്ഞു

ജയലളിതയുടെ തോഴിയും അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറിയുമായ വി.കെ. ശശികല 27നു ജയില്‍ മോചിതയാകുകയാണ്. രജനീകാന്ത് പോയതോടെ ശശികലയെ മുഖ്യമന്ത്രിയാക്കാനൊരുങ്ങുകയാണ് ബിജെപിയും ആര്‍എസ്എസും. ഡിഎംകെയെ തോല്‍പ്പിക്കാന്‍ വി.കെ.ശശികലയുമായി അണ്ണാ ഡിഎംകെ കൈകോര്‍ക്കണമെന്ന് ആര്‍എസ്എസ് ബൗദ്ധികാചാര്യന്‍ എസ്. ഗുരുമൂര്‍ത്തി പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയുടെ സാന്നിധ്യത്തില്‍, തുഗ്ലക്ക് മാസികയുടെ വാര്‍ഷികാഘോഷത്തിനായിരുന്നു പരാമര്‍ശം.
ജയാമ്മയുടെ സ്വന്തം ചിന്നമ്മയാണ് ശശികല. അവരുടെ ജീവിതം ഒരു സിനിമാകഥ പോലെയാണ്. തഞ്ചാവൂരിനടുത്ത് മന്നാര്‍ഗുഡിയില്‍ ജനിച്ച വി.കെ.ശശികല, 1974 ല്‍ സര്‍ക്കാര്‍ അസി. പിആര്‍ഒ എം.നടരാജനെ വിവാഹം ചെയ്ത് ചെന്നൈയിലെത്തിയ കാലത്ത് ആല്‍വാര്‍പേട്ടില്‍ ഒരു വിഡിയോ കട തുറന്നു. 1984 ല്‍ അണ്ണാ ഡിഎംകെയുടെ പ്രചാരണ പരിപാടികളുടെ വിഡിയോ ചിത്രീകരണത്തിന് അനുമതി തേടിയാണ് ശശികല ആദ്യമായി ജയലളിതയെ കണ്ടത്. പ്രചാരണ പരിപാടികളില്‍ ജയയെ അനുഗമിച്ച ശശികല പിന്നീട് അവരുടെ സന്തത സഹചാരിയായി. ഒടുവില്‍ പോയസ്ഗാര്‍ഡനിലേക്കു താമസം മാറ്റി.
1991 ല്‍ ജയലളിത ആദ്യമായി മുഖ്യമന്ത്രിയായപ്പോള്‍ ശശികലയുടെ സ്വാധീനവും അധികാരവും കൂടി. ഭരണത്തില്‍ നിറഞ്ഞ ശശികലയും ബന്ധുക്കളും 'മന്നാര്‍ഗുഡി മാഫിയ' എന്നു കുപ്രസിദ്ധി നേടി. സ്വന്തം പേരിലും ബെനാമി പേരിലും സ്വത്തുക്കള്‍ വാങ്ങിക്കൂട്ടി. ജയലളിത നേരിട്ടിരുന്ന കേസുകളിലെല്ലാം ശശികലയും പങ്കാളിയാണ്.
തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് 1996 ലും, പാര്‍ട്ടിയില്‍ മറ്റൊരു അധികാരകേന്ദ്രമായതോടെ 2011ലും ജയ ശശികലയെ അകറ്റി നിര്‍ത്തി. പാര്‍ട്ടിയില്‍നിന്നും പോയസ്ഗാര്‍ഡനിലെ വസതിയില്‍നിന്നും പുറത്താക്കി. ബന്ധുക്കളുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചുവെന്നു വാക്കുനല്‍കിയാണു ശശികല പോയസ്ഗാര്‍ഡനിലേക്കു മടങ്ങിയെത്തിയത്. തുടര്‍ന്ന് ജയയുടെ നിഴല്‍ മാത്രമായി ഒതുങ്ങാന്‍ ശ്രദ്ധിച്ച ശശികല അപ്പോളോ ആശുപത്രിയില്‍ ജയയുടെ അന്ത്യനിമിഷങ്ങള്‍ വരെ കൂടെയുണ്ടായിരുന്നു. അമ്മയുടെ ഉറ്റതോഴിയെ അണികള്‍ ചിന്നമ്മ എന്നുവിളിച്ചു.
ജയലളിതയുടെ മരണത്തിനു പിന്നാലെ, അവരുടെ വിശ്വസ്തനായിരുന്ന ഒ.പനീര്‍സെല്‍വം 2016 ഡിസംബര്‍ 5 ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 29 ന് ശശികലയെ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. എന്നാല്‍ 2017 ഫെബ്രുവരി 5ന് ശശികലയെ എഐഎഡിഎംകെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തതോടെ ഇടഞ്ഞ പനീര്‍സെല്‍വം, മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. 7 ന് വൈകിട്ട് മറീന ബീച്ചിലെ ജയസമാധിയില്‍ 40 മിനിറ്റ് ധ്യാനത്തിനു ശേഷം പനീര്‍സെല്‍വം ശശികലയ്‌ക്കെതിരെ പൊട്ടിത്തെറിച്ചു. ശശികലക്കെതിരെ യുദ്ധം പ്രഖ്യാപിച്ചവരില്‍ ജയലളിതയുടെ സഹോദരീപുത്രി ദീപ ജയകുമാറും മുന്‍ സ്പീക്കര്‍ പി.എച്ച്. പാണ്ഡ്യനുമുണ്ടായിരുന്നു.
ശശികല അണ്ണഡിഎംകെ ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റപ്പോള്‍ പാര്‍ട്ടി നേതൃത്വത്തിലേക്കു വന്നതു മുതല്‍ ജയലളിതയുടെ 'തനിപ്പകര്‍പ്പ്' ആകാനുള്ള ശ്രമത്തിലായിരുന്നു ശശികല. സര്‍ക്കാര്‍ രൂപീകരണം എളുപ്പമല്ലെന്നു കണ്ടതോടെ ജയ സ്‌റ്റൈലില്‍ ചിന്നമ്മയുടെ ഉഗ്രശപഥം വന്നു. മന്ത്രിസഭ രൂപീകരിക്കും. ചുമതലയേറ്റ ശേഷം മറീനയിലെ ജയലളിത സ്മാരകത്തിലെത്തി എല്ലാവര്‍ക്കുമൊപ്പം ഫോട്ടോയെടുക്കും. പക്ഷേ സുപ്രീം കോടതി വിധി വന്നതോടെ അതു നനഞ്ഞ പടക്കമായി.
2014 സെപ്റ്റംബര്‍ 27ന് ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് ജയലളിത, വി.കെ.ശശികല, ശശികലയുടെ ബന്ധുക്കളായ വി.എന്‍. സുധാകരന്‍, ജെ. ഇളവരശി എന്നിവര്‍ക്ക് ആദ്യം ശിക്ഷ വിധിച്ചത്. നാലു പേരും അനധികൃതമായി 53.6 കോടി രൂപ സമ്പാദിച്ചെന്നു കണക്കാക്കിയുള്ള വിചാരണക്കോടതി വിധിയാണു സുപ്രീം കോടതി ശരിവച്ചത്. നാലുവര്‍ഷം തടവും 10 കോടി രൂപ വീതം പിഴയുമാണ് വിചാരണക്കോടതി മറ്റു മൂന്നുപേര്‍ക്കും വിധിച്ചത്.
നാലു വര്‍ഷം തടവു പൂര്‍ത്തിയാക്കിയശേഷം ജനപ്രാതിനിധ്യ നിയമ പ്രകാരം ആറു വര്‍ഷം അയോഗ്യതയുണ്ടാവുമെന്നതിനാല്‍ ശശികലയ്ക്കു തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാവില്ല. പക്ഷേ പിന്നില്‍ സീറ്റില്‍ ഇരുന്ന് സ്റ്റിയറിങ് തിരിക്കാനായിരിക്കും അവരുടെ ശ്രമം.
https://www.facebook.com/Malayalivartha