നില്‍ക്കണോ പോകണോ... വാട്‌സാപ്പിനോട് വിടപറയാനായി എല്ലാവരും മാനസികമായി തയ്യാറെടുക്കവെ ശുഭവാര്‍ത്ത; പുതിയ സ്വകാര്യതാനയം അംഗീകരിക്കാത്തവരുടെ അക്കൗണ്ട് ഫെബ്രുവരി 8ന് ഡിലീറ്റ് ചെയ്യില്ലെന്ന് വാട്‌സാപ്പ്; ആശ്വാസത്തോടെ മലയാളികള്‍

മലയാളികള്‍ എത്രവേഗമാണ് വാട്‌സാപ്പിന് അഡിക്ട് ആയത്. മറ്റുള്ളവരിലേക്ക് ഇത്രവേഗം ഒരു സന്ദേശം അല്ലെങ്കില്‍ വീഡിയോ എത്തിക്കാന്‍ കഴിയുന്ന മറ്റൊരു ലളിതമായ ഫ്‌ളാറ്റ്‌ഫോം ഇല്ല തന്നെ. നമ്മള്‍ ടിക് ടോക്കിനെ ഇഷ്ടപ്പെട്ടു വന്നപ്പോഴാണ് അതിനെ കേന്ദ്രസര്‍ക്കാര്‍ പൂട്ടിക്കെട്ടിയത്. അതിന് പിന്നാലെ വാട്‌സാപ്പിനെ കമ്പനി തന്നെ പൂട്ടിക്കെട്ടുമെന്ന അവസ്ഥയിലായിരുന്നു. പുതിയ സ്വകാര്യതാനയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഫെബ്രുവരി 8ന് ഡിലീറ്റ് ചെയ്യുമെന്നാണ് വാട്‌സാപ്പ് അറിയിച്ചിരുന്നത്. എന്നാല്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ വാട്‌സാപ്പ് ചാറ്റുകളും എന്തിന് ബാറ്ററിയുടെ അളവ് വരെ മറ്റവന്‍ അടിച്ചോണ്ട് പോകുമെന്ന പ്രചാരണവും വന്നു. നമ്മള്‍ മലയാളികള്‍ ഒന്ന് വിരട്ടിയാല്‍ വിഴുന്നവരായതിനാല്‍ ശരിക്കും പേടിച്ചു പോയി. വെറുതേ നടത്തിയ ചാറ്റുകള്‍ പുറത്തായാല്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല. അതോടെ എല്ലാവരും ഫെബ്രുവരി എട്ടിന് ശേഷം വാട്‌സാപ്പിനോട് വിടപറയാന്‍ മനസില്ലാ മനസോടെ കാത്തിരുന്നതാണ്.
എന്നാല്‍ കൊഴിഞ്ഞുപോക്ക് വാട്‌സാപ്പിനെ കുളം തോണ്ടുമെന്ന് മനസിലായതോടെ അവരുടെ മനസില്‍ മഞ്ഞുരുകി. പുതിയ സ്വകാര്യതാനയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഫെബ്രുവരി 8ന് ഡിലീറ്റ് ചെയ്യില്ലെന്ന് വാട്‌സാപ്പ്. പുതിയ നയം ലോകമൊട്ടാകെ വാട്‌സാപ് ഉപയോക്താക്കള്‍ക്കിടയില്‍ പ്രതിഷേധവും ആശയക്കുഴപ്പവുമുണ്ടാക്കിയ സാഹചര്യത്തിലാണ് വാട്‌സാപ്പ് നിലപാട് മാറ്റിയത്. പുതിയ നയം വ്യക്തമായി മനസിലാക്കി തീരുമാനമെടുക്കാന്‍ സമയം നല്‍കും.
മേയ് 15 വരെ പുതിയ സ്വകാര്യനയം നടപ്പാക്കില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഒട്ടേറെ തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ടെന്നും ഇതുമാറ്റുന്നതിനുള്ള നടപടികളെടുക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. വ്യക്തികളുടെ സ്വകാര്യ സന്ദേശങ്ങള്‍ കാണാനോ, കോളുകള്‍ കേള്‍ക്കാനോ വാട്‌സാപ്പ് കമ്പനിയ്‌ക്കോ, ഫെയ്‌സ്ബുക്കിനോ കഴിയില്ല. ചാറ്റുകള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് ആയി തുടരുമെന്നും കമ്പനി വ്യക്തമാക്കുന്നു.
പുതിയ സ്വകാര്യതാനയം അംഗീകരിക്കാത്തവര്‍ക്ക് ഫെബ്രുവരി എട്ടിനുശേഷം വാട്‌സാപ്പ് ഉപയോഗിക്കാനാകില്ലെന്ന തീരുമാനമാണ് വന്‍ പ്രതിഷേധത്തിനിടയാക്കിയത്. വാട്‌സാപ് ഡിലീറ്റ് ചെയ്യാനും ആളുകള്‍ വ്യാപകമായി മറ്റ് ആപ്പുകളിലേക്ക് മാറാനും തുടങ്ങിയിരുന്നു. വാട്‌സാപ്പിന്റെ സ്വകാര്യതാനയത്തിലെ മാറ്റത്തെക്കുറിച്ച് പരിശോധിക്കാന്‍ ഇന്ത്യന്‍ പാര്‍ലമെന്ററി സമിതിയും തീരുമാനിച്ചിരുന്നു.
അതേസമയം വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാനയത്തില്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പുനല്‍കി കോര്‍പ്പറേറ്റ് കമ്പനികള്‍ നടപടി തുടങ്ങി. ടാറ്റ സ്റ്റീല്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കമ്പനികളും ബഹുരാഷ്ട്ര കമ്പനികളും ഇതുസംബന്ധിച്ച നിര്‍ദേശം പുറത്തിറക്കി.
വ്യക്തിഗതവിവരങ്ങളും പേമെന്റ് വിവരങ്ങളും ഫോണ്‍നമ്പറുകളും സ്ഥലവുമെല്ലാം മാതൃകമ്പനിയായ ഫെയ്‌സ് ബുക്കിനും അതിനുകീഴിലുള്ള ഇന്‍സ്റ്റഗ്രാമിനും കൈമാറുമെന്നും അത് ബിസിനസ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമെന്നുമാണ് വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാനയം പറയുന്നത്.
ഈസാഹചര്യത്തില്‍ ബിസിനസുമായി ബന്ധപ്പെട്ട പ്രധാന കോളുകള്‍, മീറ്റിങ് വിവരങ്ങള്‍, കോര്‍പ്പറേറ്റ് കാര്യ വിവരങ്ങള്‍ തുടങ്ങിയവയൊന്നും വാട്‌സാപ്പ് പ്ലാറ്റ്‌ഫോം വഴി കൈമാറരുതെന്നാണ് ജീവനക്കാര്‍ക്ക് കമ്പനികള്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.
അതേസമയം, വാട്‌സാപ്പ് ഉപയോഗം കമ്പനികള്‍ നിരോധിച്ചേക്കില്ലെന്നാണ് വിവരം. പകരം സുപ്രധാന സന്ദേശങ്ങള്‍ അയക്കുന്നത് വിലക്കുകയാകും ചെയ്യുക. ഇതിനായി പ്രത്യേകനയം പുറത്തിറക്കാനും പല സ്ഥാപനങ്ങളും ആലോചിക്കുന്നുണ്ട്. ഇതെല്ലാം തന്നെ വാട്ട്‌സാപ്പിന്റെ മനസുമാറാന്‍ സഹായിച്ചു എന്നുവേണം കരുതാന്‍.
"
https://www.facebook.com/Malayalivartha