വ്യാജ രേഖകൾ കാണിച്ച് കോടികളുടെ തട്ടിപ്പ്; പാറശാല റൂറല്‍ സഹകരണ സൊസൈറ്റി സെക്രട്ടറി അറസ്റ്റിൽ, കേസില്‍പെട്ട മറ്റുള്ളവര്‍ക്കായി പൊലീസ് അന്വേഷണം നടത്തി വരുന്നു

വ്യാജ രേഖകൾ ഉണ്ടാക്കി കോടികൾ തട്ടിയ സംഭവത്തിൽ സഹകരണ സൊസൈറ്റി സെക്രട്ടറി അറസ്റ്റിൽ. ചെങ്കവിളയില്‍ പ്രവര്‍ത്തിച്ചിരുന്ന പാറശാല റൂറല്‍ സഹകരണ സൊസൈറ്റി സെക്രട്ടറി തിരുപുറം പന്നിക്കുഴിക്കാല ചന്ദ്രോദയം വീട്ടില്‍ വനജകുമാരി (51) ആണ് പിടിയിലായത്.കൂടാതെ കൂട്ട് പ്രതികളായി സൊസൈറ്റിയിലെ കലക്‌ഷന്‍ ഏജന്റ്, സഹകരണ ഇന്‍സ്പെകട്ര്‍, സൊസൈറ്റി ഭരണസമിതി അംഗങ്ങള്‍ അടക്കം കേസില്‍ 15 പ്രതികളുണ്ട്. നിക്ഷേപകരുടെ വ്യാജ രേഖകള്‍, ഒപ്പ് എന്നിവ ചമച്ച് ജില്ലാ സഹകരണ ബാങ്കില്‍ നിന്ന് വായ്പകള്‍ തരപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു. 2018 ജൂലൈ 26 നാണ് കേസ് രജിസ്റ്റർ ചെയ്തത്.
മരിച്ച അംഗങ്ങളുടെ പേര് വെച്ചാണ് വയ്പ് എടുത്തത്. വയ്പ് തിരിച്ചടക്കാത്തതിനെ തുടർന്ന് അംഗങ്ങൾക്ക് നോട്ടീസ് അയച്ചപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്. ഇതിനു പുറമെ സൊസൈറ്റിയിലെ സ്ഥിര നിക്ഷേപങ്ങളും നിക്ഷേപകര്‍ അറിയാതെ വക മാറ്റി തട്ടിപ്പ് നടത്തിയതായും നേരത്തെ പരാതികള്‍ ലഭിച്ചിട്ടുണ്ട്. കേസിലെ മറ്റു പ്രതികൾക്കായി അന്വേഷണം നടത്തിവരുന്നു. പൊഴിയൂര്‍ ഇന്‍സ്പെക്ടര്‍ കെ.വിനുകുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയ പ്രതിയെ റിമാന്‍ഡ് ചെയ്തതായി അറിയിച്ചു.
https://www.facebook.com/Malayalivartha


























