സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

സ്വർണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം അനുവദിച്ചത് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയെ സമീപിച്ചു.
ശിവശങ്കർ ജാമ്യത്തിൽ കഴിയുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും എൻഫോഴ്‌സ്‌മെന്റ് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കുന്നു.
കസ്റ്റംസും ഇഡിയും രജസ്റ്റര്‍ ചെയ്തിരുന്ന മൂന്ന് കേസുകളിലും ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് ഈ മാസം മൂന്നിന് ശിവശങ്കർ ജയിലിൽ നിന്ന് മോചിതനായത്. സ്വർണക്കടത്ത് കേസ്, കള്ളപ്പണക്കേസ്, ഡോളർ കടത്ത് എന്നിങ്ങനെ മൂന്ന് കേസുകളിലാണ് ശിവശങ്കറിനെ കസ്റ്റംസും ഇഡിയും അറസ്റ്റ് ചെയ്തത്. ഒക്ടോബർ 28-നാണ് ശിവശങ്കറിനെ ഇഡിയുടെ അറസ്റ്റിലായത്. കള്ളപ്പണക്കേസിൽ ചോദ്യം ചെയ്യൽ നടക്കുന്നതിനിടെയാണ് നവംബറിൽ സ്വർണക്കടത്ത് കേസിലും ജനുവരിയിൽ ഡോളർ കടത്ത് കേസിലും കസ്റ്റംസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം എസ്.ബി.ഐ ബ്രാഞ്ചിലെ ലോക്കറിൽ നിന്ന് കണ്ടെത്തിയ കണക്കിൽ പെടാത്ത 64 ലക്ഷം രൂപയുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം നിർണായക ഘട്ടത്തിൽ നിൽക്കുകയാണ്. ഇത് വരെയുള്ള അന്വേഷണത്തിൽ ശിവശങ്കറിനെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹർജിയിൽ പറയുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വേണ്ടി കേരള ഹൈക്കോടതിയിൽ ഹാജരായത് അഡീഷണൽ സോളിസിറ്റർ ജനറൽ എസ്. വി. രാജുവാണ്.
https://www.facebook.com/Malayalivartha
























