ലൈസൻസില്ലാതെ ചന്ദന ശിൽപങ്ങൾ കൈവശം വച്ച കേസിൽ 6 വർഷം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ

ലൈസൻസില്ലാതെ ചന്ദനത്തടികളും ചന്ദന ശിൽപ്പങ്ങളും കൈവശം വച്ച കേസിൽ ആറു വർഷം തടവും അമ്പതിനായിരം രൂപ പിഴയും തലസ്ഥാനത്തെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ശിക്ഷ വിധിച്ചു.
തിരുവനന്തപുരം മുട്ടത്തറ വില്ലേജിൽ കല്ലുംമൂട് എസ്.ആർ. ഭവനിൽ ഗോപി മകൻ രാജനെ (53) യാണ് കോടതി ശിക്ഷിച്ചത്. കേരള ഫോറസ്റ്റ് നിയമത്തിലെ വകുപ്പ് 47 (സി), (ഡി) പ്രകാരമുള്ള കുറ്റങ്ങൾ പ്രതി ചെയ്തെന്ന് കണ്ടെത്തിയാണ് പ്രതിയെ കോടതി ശിക്ഷിച്ചത്.
2014 ആഗസ്റ്റ് 4 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറും ഫ്ലയിംഗ് സ്ക്വാഡ് ഡി.എഫ്.ഒ.യും പരുത്തിപ്പള്ളി റെയ്ഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥ സംഘവും ചേർന്നാണ് ചന്ദനത്തടികളും ചന്ദന തടികളിൽ തീർത്ത ശിൽപ്പങ്ങളും രാജൻ്റെ വീട്ടിൽ നിന്നും പിടിച്ചെടുത്തത്.
രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയപ്പോൾ രാജൻ ശിൽപ്പങ്ങൾ നിർമ്മിച്ചു കൊണ്ടിരിക്കുകയായിരുന്നു.
2015ൽ ഫോറസ്റ്റ് കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്ന നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. എന്നാൽ വിചാരണ പൂർത്തിയാക്കി പ്രതി കുറ്റക്കാരനെന്നു കണ്ടെത്തുകയും ചെയ്തു.
എന്നാൽ മൂന്നുവർഷത്തിന് മേൽ തടവും പതിനായിരം രൂപക്ക് മേൽ പിഴയും ശിക്ഷ വിധിക്കാവുന്ന കുറ്റങ്ങളായതിനാൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ടിന് ശിക്ഷിക്കാവുന്ന അധികാര പരിധിക്ക് പുറത്തായതിനാൽ തിരുവനന്തപുരം സി.ജെഎം കോടതിക്ക് കേസ് റെക്കോർഡുകൾ തുടർ നടപടിക്കായി നെടുമങ്ങാട് മജിസ്ട്രേട്ട് സമർപ്പിക്കുകയായിരുന്നു.
ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടിന് 7 വർഷം തടവും പരിധിയില്ലാത്ത പിഴയും ശിക്ഷിക്കാൻ അധികാരമുണ്ട്.
മറയൂരിലും സേലത്തിലും ഉള്ള സർക്കാർ വനം ഡിപ്പോകളിൽ നിന്ന് ലേലം കൊണ്ട് ചന്ദനത്തടികൾ വാങ്ങി ശിൽപ്പങ്ങൾ നിർമ്മിച്ചു വിൽക്കാവുന്നതാണ്. ആയതിന് ലൈസൻസും ഡി.എഫ്.ഒ.യുടെ എൻ.ഒ.സിയും അപേക്ഷ നൽകി ലഭ്യമാക്കേണ്ടതുണ്ട്.
https://www.facebook.com/Malayalivartha

























