അമ്പരന്ന് മറ്റ് പാര്‍ട്ടിക്കാര്‍... സകല പാര്‍ട്ടിക്കാരേയും അമ്പരപ്പിച്ച് സിപിഐ; മത്സരിക്കാന്‍ മാനദണ്ഡം മുറുക്കിയപ്പോള്‍ സി.പി.ഐ.യില്‍ മൂന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെ ആറംഗങ്ങള്‍ക്ക് സീറ്റില്ല; സുനില്‍കുമാര്‍, രാജു, തിലോത്തമന്‍ എന്നീ മന്ത്രിമാര്‍ക്കും ദിവാകരന്‍, മുല്ലക്കര, ബിജിമോള്‍ എന്നീ എംഎല്‍എമാര്‍ക്കും സീറ്റില്ല

മറ്റ് പാര്‍ട്ടിക്കാരെ അമ്പരപ്പിച്ചിരിക്കുകയാണ് സിപിഐയും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും. കാരണം മൂന്ന് മന്ത്രിമാരേയും മൂന്ന് സീറ്റിംഗ് എംഎല്‍എമാരേയും മത്സരിപ്പിക്കേണ്ടെന്ന് മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് തീരുമാനം എടുക്കാന്‍ കഴിയുമോ. എങ്കില്‍ കാണാനമായിരുന്നു പാര്‍ട്ടിയിലെ കലാപം. അതാണ് സിപിഐയെയും കാനം രാജേന്ദ്രനേയും വേറിട്ട് നിര്‍ത്തുന്നത്.
നിയമസഭയിലേക്ക് കൂടുതല്‍ പുതുമുഖങ്ങള്‍ക്ക് വഴിയൊരുക്കി, മൂന്നു തവണ മത്സരിച്ചവരെ വീണ്ടും പരിഗണിക്കേണ്ടെന്ന് സി.പി.ഐ തീരുമാനം. മാനദണ്ഡം കടുപ്പിച്ചതോടെ പാര്‍ട്ടിയുടെ നാലു മന്ത്രിമാരില്‍ വി.എസ്.സുനില്‍കുമാറും പി. തിലോത്തമനും കെ.രാജുവും ഉള്‍പ്പെടെ ആറ് സിറ്റിംഗ് അംഗങ്ങള്‍ ഒഴിവാകും. മറ്റൊരു മന്ത്രിയായ ഇ. ചന്ദ്രശേഖരന്‍ രണ്ടു തവണയേ മത്സരിച്ചിട്ടുള്ളൂ. മുതിര്‍ന്ന നേതാവ് സി. ദിവാകരന്‍, മുല്ലക്കര രത്‌നാകരന്‍, ഇ.എസ്. ബിജിമോള്‍ എന്നിവരാണ് ഒഴിവാകുന്ന മറ്റുള്ളവര്‍.
നിലവില്‍ നിയമസഭയില്‍ 17 അംഗങ്ങളാണ് സി.പി.ഐക്ക്. മൂന്നു തവണ മത്സരിച്ചിട്ടുള്ള മുന്‍ മന്ത്രിമാരായ കെ.ഇ. ഇസ്മായില്‍, കെ.പി. രാജേന്ദ്രന്‍, പാര്‍ട്ടി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ. പ്രകാശ് ബാബു, സത്യന്‍ മൊകേരി എന്നിവരും പരിഗണിക്കപ്പെടില്ല. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മൂന്നു തവണ മത്സരിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ ചേര്‍ന്ന സംസ്ഥാന എക്‌സിക്യുട്ടീവ് ധാരണയിലെത്തിയ ശേഷമാണ് സ്ഥാനാര്‍ത്ഥിത്വ മാനദണ്ഡം സംസ്ഥാന കൗണ്‍സിലില്‍ അവതരിപ്പിച്ച് പാസാക്കിയത്. ഇരു സമിതികളിലും ആരും വിയോജിച്ചില്ല.
നേരത്തേ രണ്ട് ടേം മാനദണ്ഡം കര്‍ശനമാക്കിയിരുന്ന സി.പി.ഐ, 2016 ലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ചിലര്‍ക്ക് ഇളവു നല്‍കിയിരുന്നു. അത്തരം അവസ്ഥ ഒഴിവാക്കാന്‍ ഇത്തവണ മൂന്ന് ടേം മാനദണ്ഡം കര്‍ശനമാക്കുകയായിരുന്നു. മൂന്നു തവണ മത്സരിച്ച ആര്‍ക്കും ഒരു കാരണവശാലും ഇളവുണ്ടാകില്ല.
പാര്‍ട്ടിയുടെയോ പോഷകസംഘടനയുടെയോ തലപ്പത്ത് ഭാരവാഹികളായിരിക്കുന്നവര്‍ മത്സരിക്കുന്നെങ്കില്‍ സ്ഥാനമൊഴിയണം. ടേം മാനദണ്ഡമനുസരിച്ച് മത്സരിക്കാന്‍ അവസരം കിട്ടാത്തവര്‍ക്ക് അവരുടെ വികാരം പാര്‍ട്ടിയെ അറിയിക്കാമെന്നും, മാനദണ്ഡം പൊതുവായിട്ടായതിനാല്‍ അവര്‍ക്ക് മത്സരിക്കാനാവില്ലെന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ജയസാദ്ധ്യതയെന്നത് ആപേക്ഷികമാണ്. കേരളത്തില്‍ ആര്‍ക്കും ഒരു മണ്ഡലവും പട്ടയം കൊടുത്തിട്ടില്ല. സി.പി.ഐ വ്യത്യസ്തമായ പാര്‍ട്ടിയാണ്. പാര്‍ട്ടിയുടെ നാല് മന്ത്രിമാരും മികച്ച പ്രവര്‍ത്തനമാണ് നടത്തിയത് അദ്ദേഹം പറഞ്ഞു.
മുന്നണി വിപുലീകരിക്കപ്പെടുമ്പോള്‍, മത്സരിക്കുന്ന പാര്‍ട്ടികളെല്ലാം സ്വാഭാവികമായും സീറ്റുകളില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നത് പുതിയ കാര്യമല്ലെന്ന് കാനം. ഓരോ പാര്‍ട്ടിക്കും ഏതേത് സീറ്റുകള്‍ നല്‍കണമെന്നൊന്നും മുന്നണി ചര്‍ച്ച ചെയ്തിട്ടില്ല. ജാഥകള്‍ പൂര്‍ത്തിയാകുമ്പോഴേക്കും സീറ്റ് ചര്‍ച്ചകളും പൂര്‍ത്തിയാകും. പാര്‍ട്ടിയുടെ സീറ്റുകളില്‍ ഏതെല്ലാം വിട്ടുനല്‍കണമെന്നതിനെക്കുറിച്ചോ സ്ഥാനാര്‍ത്ഥികള്‍ ആരാകണമെന്നതിലോ ചര്‍ച്ച നടന്നിട്ടില്ല.
ഒരു വ്യക്തിക്കേ മണ്ഡലത്തില്‍ സ്വാധീനമുള്ളൂവെന്ന തത്വത്തില്‍ സി.പി.ഐ വിശ്വസിക്കുന്നില്ല. ബൂര്‍ഷ്വാ പാര്‍ട്ടികളാണ് വ്യക്തികളുടെ പ്രാധാന്യം നോക്കുന്നത്. മണ്ഡലത്തില്‍ തുടര്‍ച്ചയായി ജയിക്കുന്നെങ്കില്‍ അത് പാര്‍ട്ടിയുടെയോ മുന്നണിയുടെയോ സ്വാധീനമാണ്. വോട്ടര്‍മാരില്‍ തലമുറമാറ്റം ഉണ്ടായിട്ടുണ്ട്. ആ മാറ്റം സ്ഥാനാര്‍ത്ഥികളിലുമുണ്ടാകുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























