ഷാള്‍ അണിയിച്ച് തീരുംമുമ്പ്... ഐശ്വര്യ കേരള യാത്രയില്‍ ചെന്നിത്തലയുടെ ഐശ്വര്യം വാങ്ങാനെത്തിയ രണ്ടു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍; രമേശ് ചെന്നിത്തലയെ ഷാള്‍ അണിയിക്കുകയും മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം നിന്നു ഫോട്ടോയെടുക്കുകയും ചെയ്ത പോലീസുകാര്‍ ചട്ടലംഘനം നടത്തിയെന്ന് റിപ്പോര്‍ട്ട്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാരണം പാവം രണ്ട് പോലീസുകാര്‍ സസ്‌പെന്‍ഷനിലാണ്. ഐശ്വര്യ കേരള യാത്രയില്‍ ചെന്നിത്തലയുടെ ഐശ്വര്യം വാങ്ങാനെത്തിയ രണ്ടു പോലീസുകാരാണ് പെട്ടുപോയത്. ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി കൊച്ചിയിലെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഷാള്‍ അണിയിക്കുകയും മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം നിന്നു ഫോട്ടോയെടുക്കുകയും ചെയ്ത പോലീസുകാര്‍ ചട്ടലംഘനം നടത്തി എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എറണാകുളം റൂറലിലെ ഉദ്യോഗസ്ഥരായ ബിജു, സില്‍ജന്‍ എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കൊച്ചി സിറ്റി പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ചാണ് റിപ്പോര്‍ട്ട് നല്‍കിയത്.
കല്ലൂര്‍ക്കാട് എ.എസ്.ഐ. ബിജു, സിറ്റി ജില്ലാ ആസ്ഥാനത്തെ എ.എസ്.ഐ. ജോസ് ആന്റണി, സിറ്റി കണ്‍ട്രോള്‍ റൂം എ.എസ്.ഐ. ഷിബു ചെറിയാന്‍, എറണാകുളം റൂറല്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ക്യാമ്പിലെ സി.പി.ഒ. സില്‍ജന്‍, സിറ്റി ഹെഡ് ക്വാര്‍ട്ടേഴ്‌സ് ക്യാമ്പിലെ സി.പി.ഒ. ദിലീപ് സദാനന്ദന്‍ എന്നിവര്‍ക്കെതിരേയാണ് റിപ്പോര്‍ട്ട്. സിറ്റിയിലെ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിക്കുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്.
രമേശ് ചെന്നിത്തലയെ പോലീസുകാര്‍ ചേര്‍ന്ന് ഷാള്‍ അണിയിക്കുന്നതും കെ.പി.സി.സി. പ്രസിഡന്റിനൊപ്പം നില്‍ക്കുന്നതുമായ ഫോട്ടോകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു അന്വേഷണത്തിന് ഉത്തരവിട്ടത്.
കൊച്ചി സിറ്റി ഹെഡ് ക്വാര്‍ട്ടേഴ്‌സ് ക്യാമ്പിലെ വാട്‌സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് പോലീസുകാര്‍ക്ക് വിനയായത്. വ്യാഴാഴ്ച രാത്രി എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ വെച്ചാണ് പോലീസുകാര്‍ നേതാക്കളെ കണ്ടത്. പോലീസ് അസോസിയേഷന്‍ മുന്‍ ഭാരവാഹികളാണ് പോലീസുകാരെല്ലാംതന്നെ.
അതേസമയം ഡ്യൂട്ടി സമയം കഴിഞ്ഞ് പോലീസുകാര്‍ നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്നും ഭരണഘടനാപരമായ സ്ഥാനം വഹിക്കുന്ന പ്രതിപക്ഷ നേതാവിനെ കാണുന്നതില്‍ തെറ്റില്ലെന്നുമാണ് സേനയിലെ യു.ഡി.എഫ്. അനുകൂലികളുടെ വാദം.
അങ്ങനെ ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര രണ്ട് പോലീസുകാരുടെ സസ്‌പെന്‍ഷനിലേക്ക് വഴിതെളിച്ചതോടെ അടുത്ത ശ്രദ്ധ മാണി സി കാപ്പനിലേക്കാണ്. പാലാ സീറ്റ് മാണി സി കാപ്പന്‍ എംഎല്‍എക്ക് തന്നെയെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത്. കാപ്പന്‍ തനിച്ചുവന്നാലും എന്‍സിപി ഒന്നിച്ചുവന്നാലും യുഡിഎഫ് സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, എന്‍സിപി ഇടതുമുന്നണിയില്‍ തന്നെ തുടരുമെന്നാണ് സൂചന. കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ ചേരി ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് മുന്നണി വിടേണ്ടന്ന തീരുമാനത്തിലേക്ക് എത്തിയതെന്നാണ് വിവരം. എന്നാല്‍ മാണി സി കാപ്പന്‍ ഞായറാഴ്ച യുഡിഎഫില്‍ ചേര്‍ന്നേക്കും.
പാലാ സീറ്റിനെ ചൊല്ലി എന്‍സിപിയില്‍ ഉടലെടുത്ത തര്‍ക്കം ക്ലൈമാക്‌സിലേക്കെത്തുമ്പോള്‍ ഇടതു മുന്നണിക്ക് തന്നെ നേട്ടമെന്നാണ് സൂചന. പാലാ സീറ്റ് നല്‍കാത്തത് അനീതി ആണെന്ന് ദേശീയ നേതൃത്വം വിലയിരുത്തിയെങ്കിലും ദേശീയ തലത്തിലെ വിശാല സാഹചര്യമാണ് മുന്നണി മാറ്റത്തില്‍നിന്ന് പാര്‍ട്ടിയെ പിന്നോട്ട് വലിക്കുന്നത്.
സിപിഎം ഉള്‍പ്പെടെ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ ചേരി ശക്തിപ്പെടുമ്പോള്‍ ശരദ് പവാറിനെ ഉയര്‍ത്തിക്കാട്ടുന്നതില്‍ സിപിഎമ്മും മുഖ്യ പങ്കാളിയാണ്. അതേസമയം അഭ്യൂഹങ്ങള്‍ക്ക് വിട നല്‍കിയായിരുന്നു യുഡിഎഫിലെക്കെന്ന നിര്‍ണായക തീരുമാനം മാണി സി കാപ്പന്‍ പരസ്യമായി പ്രഖ്യാപിച്ചത്. എന്തായാലും സസ്‌പെന്‍ഷനിലായ പോലീസുകാരുടെ അവസ്ഥയാകുമോ കാപ്പന്റെ അവസ്ഥയെന്ന് കണ്ടറിയാം.
https://www.facebook.com/Malayalivartha

























